റയൽ മഡ്രിഡ്–ബാർസിലോന എൽ ക്ലാസിക്കോ ഇന്ന് രാത്രി 12.30ന്; ശ്രദ്ധ നേടാൻ ‘യങ് ക്ലാസിക്കോ’!
Mail This Article
ബാർസിലോന ∙ രണ്ട് ചാംപ്യൻസ് ലീഗ് ഹാട്രിക്കുകൾ; സ്പാനിഷ് ലീഗിൽ ഇന്നു നടക്കുന്ന എൽ ക്ലാസിക്കോയ്ക്ക് ഇതിനപ്പുറം പരസ്യം ഇനി വേണ്ട! റയലിനു വേണ്ടി വിനീസ്യൂസും ബാർസിലോനയ്ക്കു വേണ്ടി റാഫിഞ്ഞയും കഴിഞ്ഞ ദിവസങ്ങളിൽ ഹാട്രിക് നേടിയതോടെ എൽ ക്ലാസിക്കോയുടെ ‘ഹൈപ്പ്’ ഉയർന്നു കഴിഞ്ഞു.
ക്രിസ്റ്റ്യാനോ റൊണാൾഡോ–ലയണൽ മെസ്സി യുഗത്തിനു ശേഷം ആരാധകർ ഇത്ര ആവേശത്തോടെ കാത്തിരിക്കുന്ന റയൽ–ബാർസ മത്സരമുണ്ടായിട്ടില്ല. യുവതാരങ്ങളുമായി പുതുയുഗം സ്വപ്നം കാണുന്ന ഇരുടീമിനും ഇന്നത്തെ മത്സരം ‘മൂന്നു പോയിന്റ്’ എന്നതിനപ്പുറം നിർണായകം. റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിൽ രാത്രി 12.30നാണ് മത്സരത്തിനു കിക്കോഫ്. ജിഎക്സ്ആർ ആപ്പിൽ തൽസമയം.
∙ എംബപെ–വിനീസ്യൂസ്
കിലിയൻ എംബപെയുടെ ആദ്യ എൽ ക്ലാസിക്കോ എന്നതായിരുന്നു ഒരു മാസം മുൻപു വരെ ഇന്നത്തെ മത്സരത്തിനുള്ള വിശേഷണം. എന്നാൽ ചാംപ്യൻസ് ലീഗിൽ ഡോർട്മുണ്ടിനെതിരെയുള്ള ഹാട്രിക്കോടെ വിനീസ്യൂസ് ഈ മത്സരത്തിന്റെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. സീസണിൽ എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 8 ഗോളുകളും 7 അസിസ്റ്റുകളുമായി മിന്നും ഫോമിലാണ് ബ്രസീലിയൻ താരം.
ഡോർട്മുണ്ടിനെതിരായ മത്സരത്തിൽ പരുക്കേറ്റ റോഡ്രിഗോയ്ക്ക് ഇന്നു കളിക്കാനാവില്ല എന്നതു മാത്രമാണ് റയൽ ആരാധകരുടെ സങ്കടം. എന്നാൽ മറ്റൊരു ബ്രസീലിയൻ താരം എൻഡ്രിക്കിനെ മുന്നേറ്റത്തിൽ നിയോഗിച്ച് കോച്ച് കാർലോ ആഞ്ചലോട്ടി ആ നഷ്ടം നികത്തിയേക്കാം. മിഡ്ഫീൽഡർമാരായ ജൂഡ് ബെലിങ്ങാം, ഫെഡെറിക്കോ വാൽവെർദെ എന്നിവരും ആക്രമണ മനസ്സോടെ കളിക്കുന്നവരാണ് എന്നത് റയലിന് ആത്മവിശ്വാസമേകുന്ന കാര്യം. പരുക്കേറ്റ തിബോ കോർട്ടോയ്ക്കു പകരം ആന്ദ്രെയ് ലുനിൻ മഡ്രിഡ് ഗോൾവല കാക്കും.
∙ ലെവൻ–ലമീൻ
അങ്കങ്ങൾ ഏറെ കണ്ടയാളാണ് റയൽ കോച്ച് ആഞ്ചലോട്ടിയെങ്കിൽ ബാർസ കോച്ച് ഹാൻസി ഫ്ലിക്കിന് ഇത് ആദ്യ എൽ ക്ലാസിക്കോയാണ്. എന്നാൽ ഫ്ലിക്കിനു കീഴിൽ ബാർസ ക്ലിക്ക് ആയിക്കഴിഞ്ഞു എന്നതിനു തെളിവാണ് ലാലിഗ പോയിന്റ് പട്ടികയിൽ റയലിനു മുന്നിലായി ബാർസയുടെ ഒന്നാം സ്ഥാനം.
12 ഗോളുകളോടെ ടോപ് സ്കോറർ മത്സരത്തിൽ ബഹുദൂരം മുന്നിലുള്ള റോബർട്ട് ലെവൻഡോവ്സ്കി തന്നെയാണ് ബാർസയുടെ കുന്തമുന. എന്നാൽ സീസണിൽ രണ്ട് ഹാട്രിക്കുകൾ നേടിയ റാഫിഞ്ഞ, 5 ഗോളുകളും 7 അസിസ്റ്റുകളുമായി മിന്നിനിൽക്കുന്ന ലമീൻ യമാൽ എന്നിവരും ഇടംവലം ബാർസയ്ക്കു കരുത്തേകുന്നവർ. പെദ്രി, ഫെർമിൻ ലോപസ്, പൗ കുബർസി, പാബ്ലോ ടോറെ, മാർക് കസാഡോ... ബാർസയുടെ യുവനിര പിന്നെയും നീളുന്നു.