വിറപ്പിച്ചു, പിന്നെ കൈവിറച്ചു; തുടക്കത്തിൽതന്നെ ഗോൾ വഴങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് ഉശിരൻ കളി!
Mail This Article
ഐഎസ്എലിലെ ഒന്നാം സ്ഥാനക്കാരും അഞ്ചാം സ്ഥാനക്കാരും തമ്മിലുള്ള മത്സരം. കിക്കോഫിനു മുൻപേ ബ്ലാസ്റ്റേഴ്സ്– ബെംഗളൂരു പോരാട്ടത്തിന്റെ കഥാസാരം ഇങ്ങനെയായിരുന്നു. കളത്തിൽ പക്ഷേ, കണ്ടതു മറ്റൊരു ചിത്രമാണ്. തുടക്കത്തിൽതന്നെ ഒരു ഗോൾ വഴങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത് ഉശിരൻ എന്നു പറയാവുന്ന കളി. ആ കളിയിൽ ബെംഗളൂരു വെറും കാഴ്ചക്കാരായിരുന്നു. എതിരാളികളെ നിലംതൊടാൻ അനുവദിക്കാതെ ബ്ലാസ്റ്റേഴ്സ് പറന്നുകളിച്ചതിന്റെ ഫലമായാണു സമനില ഗോളിനു വഴിയൊരുങ്ങിയത്.
സമനില കണ്ടെത്തിയ ബ്ലാസ്റ്റേഴ്സ് ഏതു നിമിഷവും ലീഡ് എടുക്കുമെന്ന പ്രതീതിയിലായിരുന്നു പിന്നെ മത്സരം മുന്നോട്ടുപോയത്. പക്ഷേ, അവസരങ്ങൾ തുറന്നെടുത്താൽ മാത്രം പോരല്ലോ. ഗോൾ കൂടി സ്കോർ ചെയ്യണ്ടേ? പന്തു വലയിൽ അടിച്ചു കയറ്റുന്നവരുടെ പക്ഷത്താണ് ഫുട്ബോളിലെ അവസാനത്തെ ചിരി. ബെംഗളൂരു അതു സമർഥമായി ചെയ്തു. കളിയുടെ ഒഴുക്കിനെ കീറിമുറിച്ച് അവർ ലീഡ് വീണ്ടെടുത്തു. സമനില തെറ്റിയ ആതിഥേയരുടെ വീഴ്ച മുതലെടുത്തു മൂന്നാം ഗോളുമടിച്ചു മൂന്നു പോയിന്റും ഉറപ്പിച്ചു.
അതാണ് ഫുട്ബോൾ. കളം നിറഞ്ഞു കളിച്ചുവെന്നതു സ്കോർ കാർഡിൽ ഗുണം ചെയ്യില്ല. ഈ തോൽവിയിൽ ബ്ലാസ്റ്റേഴ്സ് തല താഴ്ത്തേണ്ടതില്ല. ഈ സീസണിലെ ഏറ്റവും മികച്ച കളിയാണു ടീം ലീഗിലെ ഏറ്റവും കരുത്തരായ എതിരാളികൾക്കെതിരെ പുറത്തെടുത്തത്. അതും തീപ്പൊരി ഫോമിൽ കളിക്കുന്ന നോവ സദൂയിയുടെ അഭാവത്തിൽ. ഒന്നാം സ്ഥാനക്കാരുമായുള്ള ഏറ്റുമുട്ടലിൽ നിന്ന് ഒന്നുരണ്ടു കാര്യങ്ങൾ കൂടി ബ്ലാസ്റ്റേഴ്സ് മനസ്സിലാക്കണം. ആക്രമണനിര എത്രതന്നെ തകർത്തുകളിച്ചാലും പിന്നിൽ വരുത്തുന്ന നിസ്സാരപിഴവുകൾ നിങ്ങളുടെ കഠിനാധ്വാനം നിമിർഷാർധം കൊണ്ട് ഇല്ലാതാക്കും. അത്തരം ചില പിഴവുകളുടേതാണ് ഈ തോൽവിയും.
ബെംഗളൂരു അടിച്ചുകൂട്ടിയ മൂന്നു ഗോളുകൾക്കു പിന്നിലും ആതിഥേയരുടെ ‘സഹായം’ ഉണ്ട്. അതുപോലെ ബെംഗളൂരുവിന്റെ ജയത്തിനു പിന്നിലുമുണ്ടൊരു ‘കൈസഹായം’. അത് അവരുടെ ഗോളി ഗുർപ്രീത് സിങ് സന്ധുവിന്റേതാണ്. സന്ധുവിന്റേതായിരുന്നു കൊച്ചിയിലെ മത്സരദിനം. സന്ധുവിന്റെ മനഃസാന്നിധ്യം പലവട്ടം ബെംഗളൂരുവിനു തുണയായി. സ്വന്തം ഗോളിനു മുന്നിൽ ചില നിമിഷങ്ങളിൽ ഒന്നും ‘പിടി’ കിട്ടാത്ത നിലയിലാകുന്ന ബ്ലാസ്റ്റേഴ്സിന് അതും ഒരു പാഠമാകണം. ഗോൾകീപ്പറുടെ ‘കയ്യബദ്ധം’ മൂലം നഷ്ടമാകുന്ന മത്സരങ്ങളുടെ എണ്ണം ഇങ്ങനെ നീളുന്നതു ബ്ലാസ്റ്റേഴ്സ് തടഞ്ഞേ പറ്റൂ.