പുറത്തായതിന്റെ രോഷം ‘വാട്ടര്‍ ബോക്സിൽ’ തീർത്തു, ബാറ്റുകൊണ്ട് ആഞ്ഞടിച്ച് കോലി- വിഡിയോ
Mail This Article
പുണെ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന്റെ രോഷം ഗ്രൗണ്ടിന് പുറത്തുണ്ടായ ‘വാട്ടർ ബോക്സിൽ’ തീർത്ത് ഇന്ത്യൻ ബാറ്റർ വിരാട് കോലി. പുറത്തായി ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ കോലി ബാറ്റു കൊണ്ട് വെള്ളം സൂക്ഷിച്ചിരുന്ന ബോക്സിൽ അടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘അംപയേഴ്സ് കോളിൽ’ പുറത്തായ കോലി അസ്വസ്ഥനായി മടങ്ങുന്ന ദൃശ്യങ്ങൾ ഗാലറിയിലുണ്ടായിരുന്ന ഒരു ആരാധകനാണു പകർത്തിയത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
രണ്ടാം ഇന്നിങ്സിൽ 40 പന്തുകൾ നേരിട്ട കോലി 17 റൺസെടുത്താണു പുറത്തായത്. സ്പിന്നർ മിച്ചല്‍ സാന്റ്നറുടെ പന്തിൽ കോലി എൽബിഡബ്ല്യു ആകുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 30–ാം ഓവറിലെ അവസാന പന്തിലാണു കോലി പുറത്തായത്. വിക്കറ്റിനായി കിവീസ് താരങ്ങൾ അപ്പീൽ ചെയ്തതിനു പിന്നാലെ അംപയർ ഔട്ട് നൽകി. എന്നാൽ ഇതു വിശ്വസിക്കാതെ കോലി ഡിആര്‍എസിനു പോയി. പുറത്തായെന്നു വ്യക്തമായതോടെ കുറച്ചുനേരം ഗ്രൗണ്ടിൽ തുടർന്ന ശേഷമായിരുന്നു കോലി മടങ്ങിയത്. അതിനിടെയായിരുന്നു വെള്ളം സൂക്ഷിച്ചിരുന്ന പെട്ടിക്കു നേരെ താരം തിരിഞ്ഞത്.
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ കോലി പൂജ്യത്തിനു പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ 1, 70 എന്നിങ്ങനെയാണു കോലിയുടെ സ്കോറുകൾ. മുംബൈയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ കോലി തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്.
359 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 60.2 ഓവറിൽ 245 റൺസിന് എല്ലാവരും പുറത്തായി. 113 റൺസ് വിജയമാണ് ന്യൂസീലൻഡ് നേടിയത്. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര ന്യൂസീലൻഡ് 2–0ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റിലും കിവീസ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നവംബർ ഒന്നു മുതൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും.