റയലിന്റെ പ്രതിഷേധത്തിനിടെ ബലോൻ ദ് ഓർ പുരസ്കാരം റോഡ്രിക്ക്; അയ്റ്റാന ബോൺമറ്റി വനിതാ താരം, ലമീൻ യമാൽ യുവതാരം
Mail This Article
പാരിസ് ∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ ലോക ഫുട്ബോൾ ഭരിക്കാൻ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ ലോകം ഉത്തരം തേടുന്നതിനിടെ, കഴിഞ്ഞ സീസണിലെ മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക്. കഴിഞ്ഞ സീസണിൽ ക്ലബ്ബിനായും യൂറോ കപ്പിൽ സ്പെയിനിനായും പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച ലോക ഫുട്ബോളർക്കുള്ള ഫ്രാൻസ് ഫുട്ബോൾ മാസികയുടെ പരമോന്നത പുരസ്കാരം റോഡ്രിയെ തേടിയെത്തിയത്. നീണ്ട കാലത്തിനു ശേഷം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇടംപിടിക്കാതെ പോയ 30 അംഗ പട്ടികയിൽ യുവതാരങ്ങളായിരുന്നു കൂടുതൽ.
പുരസ്കാരം നേടുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന റയൽ മഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരം വിനീസ്യൂസ് ജൂനിയറിനെ പിന്തള്ളിയാണ് റോഡ്രിയുടെ പുരസ്കാര നേട്ടം. റയൽ മഡ്രിഡിന്റെ ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാം മൂന്നാമതായി. വിനീസ്യൂസ് ജൂനിയറിന് പുരസ്കാരം നൽകാത്തതിൽ പ്രതിഷേധിച്ച് റയൽ മഡ്രിഡ് ചടങ്ങ് ബഹിഷ്കരിച്ചത് കല്ലുകടിയായി. പുരുഷ ഫുട്ബോളിൽ മികച്ച ക്ലബിനും പരിശീലകനും സ്ട്രൈക്കർക്കുമുള്ള പുരസ്കാരങ്ങൾ റയലുമായി ബന്ധപ്പെട്ടവരാണ് നേടിയതെങ്കിലും, അവരാരും പുരസ്കാരം സ്വീകരിക്കാൻ എത്തിയില്ല.
സ്പെയിൻ ദേശീയ ടീമിനും മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിനും വേണ്ടി പുറത്തെടുത്ത മികവാണ് ഇരുപത്തിയെട്ടുകാരൻ റോഡ്രിയെ പുരസ്കാരത്തിലെത്തിച്ചത്. ഡിഫൻസീവ് മിഡ്ഫീൽഡറെന്ന നിലയിൽ സ്പെയിനെ യൂറോ കപ്പ് ജേതാക്കളാകുന്നതിൽ നിർണായക പങ്കുവഹിച്ച റോഡ്രി ടൂർണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ സിറ്റി തുടർച്ചയായ നാലാം തവണയും ജേതാക്കളായപ്പോഴും റോഡ്രിയുടെ പങ്കു പ്രധാനപ്പെട്ടതായിരുന്നു. അതിനു മുൻവർഷം സിറ്റിയുടെ ട്രെബിൾ നേട്ടത്തിന്റെ (ഇംഗ്ലിഷ് പ്രിമിയർ ലീഗ്, എഫ്എ കപ്പ്, ചാംപ്യൻസ് ലീഗ്) പ്രധാന ശിൽപികളിലൊരാളും റോഡ്രി തന്നെ. അതേ വർഷം സ്പെയിനൊപ്പം യുവേഫ നേഷൻസ് ലീഗും സ്വന്തമാക്കി. ചാംപ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ നേഷൻസ് ലീഗ്, യൂറോ കപ്പ് എന്നിങ്ങനെ നാലു മേജർ ടൂർണമെന്റുകളിലെ മികച്ച താരം എന്ന അപൂർവനേട്ടവും റോഡ്രി സ്വന്തമാക്കി. പരുക്കു മൂലം വിശ്രമിക്കുന്ന റോഡ്രി ക്രച്ചസിലാണ് പുരസ്കാരവേദിയിലെത്തിയത്.
സ്പാനിഷ് ക്ലബ് ബാർസിലോനയുടെ മിഡ്ഫീൽഡർ അയ്റ്റാന ബോൺമറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബലോൻ ദ് ഓർ ഫെമിനിൻ പുരസ്കാരം നേടി. വനിതാ ചാംപ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാർസിലോന കിരീടം നിലനിർത്തിയതിൽ ബോൺമറ്റി നിർണായക പങ്കു വഹിച്ചിരുന്നു. ബാർസയിൽ അയ്റ്റാനയുടെ സഹതാരങ്ങളായ കരോളിൻ ഗ്രഹാം ഹാൻസൻ രണ്ടാം സ്ഥാനവും സൽമ പരാലുവേലോ മൂന്നാം സ്ഥാനവും നേടി.
മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാർസിലോനയുടെ സ്പാനിഷ് താരം ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്കാരം നേടുന്ന 18 വയസ്സിനു താഴെയുള്ള ആദ്യത്തെ താരമാണ് പതിനേഴുകാരനായ ലമീൻ യമാൽ. 1987ലെ ബലോൻ ദ് ഓർ ജേതാവു കൂടിയായ ഡച്ച് ഫുട്ബോൾ ഇതിഹാസം റൂഡ് ഗുള്ളിറ്റാണ് യമാലിന് പുരസ്കാരം സമ്മാനിച്ചത്. റയൽ മഡ്രിഡിന്റെ തുർക്കി താരം ആർദ ഗുലർ രണ്ടാം സ്ഥാനവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലിഷ് താരം കോബി മയ്നൂ മൂന്നാം സ്ഥാനവും നേടി.
മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം ആസ്റ്റൺ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നിലനിർത്തി. അർജന്റീനയെ ലോകചാംപ്യൻമാരാക്കുന്നതിൽ മെസ്സിക്കൊപ്പം നിർണായക പങ്കുവഹിച്ച എമിലിയാനോ മാർട്ടിനസാണ് കഴിഞ്ഞ തവണയും മികച്ച ഗോൾകീപ്പറിനുള്ള ലെവ് യാഷിൻ പുരസ്കാരം നേടിയത്. കോപ്പ അമേരിക്ക കിരീടം ഉൾപ്പെടെ നേടുന്നതിൽ വഹിച്ച പങ്കാണ് പുരസ്കാരം വീണ്ടും സ്വന്തമാക്കാൻ താരത്തിന് തുണയായത്. ആസ്റ്റൺ വില്ലയെ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ആദ്യ നാലു സ്ഥാനങ്ങളിലെത്തിച്ച് ചാംപ്യൻസ് ലീഗിന് യോഗ്യത നേടിക്കൊടുത്തതും നിർണായകമായി. ജിയാൻല്യൂജി ഡോണരുമ, മൈക് മയ്ഗ്‌നൻ, ആൻഡ്രി ലുനിൻ, ഉനായ് സൈമൺ തുടങ്ങിയവരെ പിന്തള്ളിയാണ് മാർട്ടിനസിന്റെ പുരസ്കാര നേട്ടം. അർജന്റീന ടീമിൽ സഹതാരം കൂടിയായ ലൗട്ടാരോ മാർട്ടിനസാണ് എമിലിയാനോ മാർട്ടിനസിന് പുരസ്കാരം സമ്മാനിച്ചത്.
ബയൺ മ്യൂണിക്കിന്റെ ഇംഗ്ലിഷ് സൂപ്പർതാരം ഹാരി കെയ്ൻ, കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും നിലവിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനും കളിക്കുന്ന ഫ്രഞ്ച് താരം കിലിയൻ എംബപ്പെ എന്നിവർ മികച്ച സ്ട്രൈക്കർക്കുള്ള ഗേർഡ് മുള്ളർ പുരസ്കാരം പങ്കിട്ടു. കഴിഞ്ഞ സീസണിൽ 52 ഗോൾ വീതം നേടിയാണ് ഇരുവരും പുരസ്കാരം പങ്കിട്ടത്.
പുരുഷ ഫുട്ബോളിൽ മികച്ച പരിശീലകനുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം റയൽ മഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി സ്വന്തമാക്കി. റയലിന് ചാംപ്യൻസ് ലീഗ്, ലാലിഗ കിരീടങ്ങൾ സമ്മാനിച്ച മികവാണ് ആഞ്ചലോട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. വനിതാ ഫുട്ബോളിലെ മികച്ച പരിശീലകയ്ക്കുള്ള യൊഹാൻ ക്രൈഫ് പുരസ്കാരം ചെൽസി, യുഎസ്എ ടീമുകളുടെ പരിശീലകയായ എമ്മ ഹെയ്‌ൽസ് സ്വന്തമാക്കി.
ഫുട്ബോളിലൂടെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്കുള്ള സോക്രട്ടീസ് പുരസ്കാരം സ്പാനിഷ് വനിതാ താരം ജെന്നിഫർ ഹെർമോസോ സ്വന്തമാക്കി. വനിതാ ഫുട്ബോളിനായും സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരായും സ്വീകരിച്ച നിലപാടുകളാണ് താരത്തെ പുരസ്കാരത്തിന് അർഹയാക്കിയത്. 2023ലെ വനിതാ ലോകകപ്പ് ഫൈനലിനു പിന്നാലെ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ തലവനായിരുന്ന ലൂയിസ് റൂബിയാലിസ് ചുംബിച്ചതിനെതിരെ നിലപാടെടുത്താണ് ജെന്നിഫർ ശ്രദ്ധ നേടിയത്. കടുത്ത സമ്മർദ്ദത്തിനിടയിലും താരം പരാതിയിൽ ഉറച്ചുനിന്നതോടെ റൂബിയാലിസിന് തൽസ്ഥാനം നഷ്ടമായിരുന്നു.
കഴിഞ്ഞ സീസണിൽ ചാംപ്യൻസ് ലീഗ്, ലാ ലിഗ കിരീടങ്ങൾ സ്വന്തമാക്കിയ റയൽ മഡ്രിഡാണ് പുരുഷ വിഭാഗത്തിൽ മികച്ച ക്ലബ്. വിനീസ്യൂസ് ജൂനിയറിന് ബലോൻ ദ് ഓർ പുരസ്കാരമില്ലെന്ന റിപ്പോർട്ടുകളെ തുടർന്ന് ചടങ്ങ് ബഹിഷ്കരിച്ചതിനാൽ റയൽ മഡ്രിഡിൽനിന്ന് ആരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല.
വനിതാ വിഭാഗത്തിൽ മികച്ച ക്ലബായി ബാർസിലോന തിരഞ്ഞെടുക്കപ്പെട്ടു. 2023ൽ ഈ പുരസ്കാരം ആദ്യമായി നേടിയതും ബാർസയായിരുന്നു. കഴിഞ്ഞ സീസണിൽ ലാലിഗ, വനിതാ ചാംപ്യൻസ് ലീഗ് കിരീടങ്ങൾ നിലനിർത്തിയതിന്റെ പകിട്ടിലാണ് ബാർസയുടെ പുരസ്കാരനേട്ടം.