പിന്നിൽനിന്ന് തിരിച്ചടിച്ച് തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തി (2-1); കാലിക്കറ്റ് എഫ്‍സി സൂപ്പർ ലീഗ് കേരള ഫൈനലിൽ
Mail This Article
കോഴിക്കോട്∙ ഒരു ഗോൾ പിന്നിൽനിന്ന ശേഷം രണ്ടു ഗോൾ തിരിച്ചടിച്ച് കാലിക്കറ്റ് എഫ്‍സി പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫൈനലിൽ. തിരുവനന്തപുരം കൊമ്പൻസിനെയാണ് കാലിക്കറ്റ് തോൽപ്പിച്ചത്. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം സെമിയിൽ കാലിക്കറ്റിനായി ജോൺ കെന്നഡി (60–ാം മിനിറ്റ്), ഗനി അഹമ്മദ് നിഗം (74–ാം മിനിറ്റ്) എന്നിവരും, കൊമ്പൻസിനായി ഓട്ടമർ ബിസ്‌പോയും (41–ാം മിനിറ്റ്, പെനൽറ്റി) ഗോൾ നേടി. ബുധനാഴ്ച നടക്കുന്ന കണ്ണൂർ വോറിയേഴ്‌സ് - ഫോഴ്‌സ കൊച്ചി എഫസി രണ്ടാം സെമി ഫൈനൽ വിജയികളുമായി ഈ മാസം പത്തിനു നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഏറ്റുമുട്ടും.
അബ്ദുൽ ഹക്കു കാലിക്കറ്റിനെയും ബ്രസീലുകാരൻ പാട്രിക് മോട്ട കൊമ്പൻസിനെയും നയിച്ച മത്സരത്തിൽ ശ്രദ്ധയോടെയാണ് ഇരു ടീമുകളും തുടങ്ങിയത്. 12–ാം മിനിറ്റിൽ ബോക്സിനു തൊട്ടുപുറത്തുനിന്ന് കാലിക്കറ്റിന് ഫ്രീകിക്ക് ലഭിച്ചു. ഗനി അഹമ്മദ് നിഗത്തിന്റെ താഴ്ന്നിറങ്ങിയ ഷോട്ട് കൊമ്പൻസ് ഗോളി മിഖായേൽ സാന്റോസ് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. കളി അരമണിക്കൂർ പിന്നിടും മുൻപേ കൊമ്പൻസിന്റെ ഓട്ടമർ ബിസ്‌പോ, പപ്പൂയ എന്നിവർക്ക് റഫറി മഞ്ഞക്കാർഡ് നൽകി. 38–ാം മിനിറ്റിൽ കാലിക്കറ്റിന്റെ മനോജിനും മഞ്ഞക്കാർഡ് ലഭിച്ചു.
41–ാം മിനിറ്റിൽ കളിയുടെ ഗതിക്ക് വിപരീതമായി തിരുവനന്തപുരം കൊമ്പൻസിന് ലീഡ്. ബോക്സിൽ വച്ചുള്ള റിച്ചാർഡ് ഓസെയുടെ ഹാൻഡ് ബോളിന് റഫറി പെനൽറ്റി വിധിക്കുകയായിരുന്നു. ഓട്ടമർ ബിസ്‌പോയുടെ വെടിച്ചില്ല് കിക്ക് കാലിക്കറ്റ് പോസ്റ്റിൽ തുളച്ചുകയറി (1-0). ലീഗിൽ ബ്രസീൽ താരം നേടുന്ന അഞ്ചാം ഗോൾ. ആദ്യ പകുതി കൊമ്പൻസിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തോയ് സിങ്ങിനു പകരം കാലിക്കറ്റ് പി.എം. ബ്രിട്ടോയെ കൊണ്ടുവന്നു. പിന്നാലെ ഗോളിയുമായി കൂട്ടിയിടിച്ചു പരുക്കേറ്റ കാലിക്കറ്റ് നായകൻ അബ്ദുൽ ഹക്കു കളം വിട്ടു. പകരമെത്തിയത് ബ്രസീൽ താരം റാഫേൽ സാന്റോസ്. 60–ാം മിനിറ്റിൽ കാലിക്കറ്റ് സമനില നേടി. ബ്രിട്ടോയുടെ ഗ്രൗണ്ടർ പാസിൽ സ്കോർ ചെയ്തത് പകരക്കാരനായി വന്ന ജോൺ കെന്നഡി (1-1).
74–ാം മിനിറ്റിൽ കാലിക്കറ്റ് വിജയഗോൾ കുറിച്ചു. കെന്നഡിയുടെ ബൈസിക്കിൾ കിക്ക് ക്രോസ് ബാറിൽ തട്ടി തിരികെ കളത്തിലേക്ക്. കാത്തിരുന്ന ഗനി അഹമ്മദ് നിഗം ഉജ്ജ്വല ഷോട്ടിലൂടെ പന്ത് പോസ്റ്റിലെത്തിച്ചു (1-2). അവസാന മിനിറ്റുകളിൽ പകരക്കാരെ ഇറക്കി കൊമ്പൻസ് സമനിലയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല.