‘നിരാശയുടെ നെല്ലിപ്പലക; ഹൈദരാബാദിനെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെക്കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല’
Mail This Article
ശോകം. ഹൈദരാബാദിനെതിരെ കളി മറന്ന് തോൽവി ചോദിച്ചുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെക്കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. പോയിന്റ് പട്ടികയിൽ എന്നിനി മുന്നിലെത്തുമെന്നു പറയാൻ ആകാത്ത നിലയിലാണ് ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദ് പോലെ, ലീഗിൽ തപ്പിത്തടയുന്ന ഒരു ടീമിനെതിരെ സ്വന്തം സ്റ്റേഡിയത്തിൽ 3 പോയിന്റ് നഷ്ടമാക്കുക എന്നു പറഞ്ഞാൽ ഒരു ചോദ്യം കൂടി ഉയരുന്നുണ്ട്.
ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ലീഗിൽ ഇനി ഏതു ടീമിനെതിരെയാണ് ഒരു ഗോൾ പോലും വഴങ്ങാതെ പിടിച്ചു നിൽക്കുക? മടിച്ചുനിൽക്കാതെ കടന്നു വരൂ, ഭാഗ്യം നിങ്ങളെ മാടിവിളിക്കുന്നു എന്നുള്ള ലോട്ടറി വിൽപനക്കാരന്റെ പരസ്യവാചകം പോലെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പ്രകടനം. പേടിച്ചു നിൽക്കാതെ കടന്നു വരൂ, ഗോൾ നിങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് എതിരാളികളോട് പറയുന്ന മട്ടിലാണ് പ്രതിരോധ നിരയുടെ സമീപനം. ഇതു മാറണം. മുന്നിൽ ഹെസൂസും സദൂയിയും ഗോൾ അടിക്കാനുണ്ട് എന്നതു കൊണ്ട് മാത്രം ടീമിന് മുന്നോട്ടു പോകാനാകില്ല.
ഗോളടിച്ചാൽ മാത്രം പോരാ, അടിപ്പിക്കാതെയും നോക്കുന്നതാണ് ഫുട്ബോൾ. ഇനിയുള്ള ഇടവേളയിലെങ്കിലും ഗോളിലെ ഉദാരസമീപനത്തിനു ബ്രേക്ക് ഇടണം. ഒരു കാര്യത്തിനു കൂടി ബ്രേക്ക് ഇടേണ്ടതുണ്ട്. കളിക്കാരല്ല, റഫറിമാരാണ് അതിൽ ശ്രദ്ധിക്കേണ്ടത്. ഹൈദരാബാദിനു നൽകിയതു പോലുള്ള പെനൽറ്റികൾക്കു വിസിൽ ഊതുന്നതു പോലുള്ള തീരുമാനങ്ങളും ഒന്നു ചവിട്ടിപ്പിടിക്കണം. അബദ്ധങ്ങളും പിഴവുകളും സംഭവിക്കാം.
പക്ഷേ, പെനൽറ്റി പോലുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ അത് ഒരു ടീമിന്റെയും 'വയറ്റത്തടിക്കുന്ന' ഒന്നാകരുതെന്ന് ഉറപ്പാക്കണം. ഓരോ പോയിന്റിനും ഗോൾ കണക്കിനും വലിയ വില കൊടുക്കേണ്ട ലീഗിൽ റഫറിയുടെ തെറ്റായ തീരുമാനം വഴി ടീമുകൾക്ക് ഉണ്ടാകുന്ന ആഘാതം അത്ര നിസ്സാരമല്ല.