അർജന്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിൽ? രണ്ടു മത്സരങ്ങൾ കളിക്കും, നേരിടാൻ കരുത്തർ തന്നെ വരും
Mail This Article
തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ പന്തു തട്ടും. അടുത്ത വർഷം അര്‍ജന്റീന ദേശീയ ടീം കേരളത്തിൽ രണ്ട് മത്സരങ്ങൾ കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ബുധനാഴ്ച രാവിലെ കായിക മന്ത്രി വി. അബ്ദുറഹിമാൻ നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും മത്സരങ്ങൾ നടക്കുക.
കേരളത്തിൽ നടക്കുന്ന മത്സരങ്ങളിൽ അർജന്റീന ആരെ നേരിടുമെന്നു വ്യക്തമല്ല. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിലുള്ള ഏതെങ്കിലും ടീമിനെതിരെയായിരിക്കും കളി. ഏഷ്യയിലെ പ്രമുഖ ടീമിനെത്തന്നെ അർജന്റീനയെ നേരിടാൻ ഇറക്കാനാണു സാധ്യത. 15–ാം സ്ഥാനത്തുള്ള ജപ്പാനാണ് റാങ്കിങ്ങിൽ മുന്നിലുള്ള ഏഷ്യൻ ടീം. ഇറാൻ (19), ദക്ഷിണ കൊറിയ (22), ഓസ്ട്രേലിയ (24) ഖത്തർ (46) എന്നിവരാണ് എഎഫ്സിയിൽനിന്ന് റാങ്കിങ്ങിൽ മുന്നിലുള്ള മറ്റു ടീമുകൾ. റാങ്കിങ്ങിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് ലോകകപ്പ് ജേതാക്കളായ അർജന്റീന.
അതേസമയം സൂപ്പർ താരം ലയണൽ മെസ്സി ടീമിനൊപ്പം ഉണ്ടാകണമെന്ന് ഉറപ്പില്ല. മെസ്സി കളിക്കണോ, വേണ്ടയോ എന്ന് ആ സമയത്ത് അർജന്റീന ഫുട്ബോൾ അസോസിയേഷനായിരിക്കും തീരുമാനിക്കുക. അർജന്റീനയും നേരിടാനുള്ള ടീമും കേരളത്തിൽ മത്സരിക്കുന്നതിന്റെ ചെലവു മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണു തീരുമാനം.