അസാധ്യമെന്നു പലരും എഴുതിത്തള്ളി; അർജന്റീനയ്ക്കൊപ്പം മെസ്സിയും വരുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമിനൊപ്പം കേരളത്തിൽ എത്തിച്ചേരുമെന്നാണു പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസാധ്യമെന്നു പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്കു നല്‍കാന്‍ കഴിഞ്ഞതു സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ്. ലോക സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു നിമിഷമായിരിക്കും അതെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്
ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ത്ത നാടാണു കേരളം. ദേശരാഷ്ട്രങ്ങളുടെ അതിര്‍വരമ്പുകളെല്ലാം ഭേദിച്ച് പടരുന്ന സ്‌നേഹമാണ് നമുക്ക് ഫുട്‌ബോളിനോടുള്ളത്. ലോകം അദ്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിന്റെ ഫുട്‌ബോള്‍ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് അടുത്ത വര്‍ഷം ലോക ചാംപ്യൻമാരായ അര്‍ജന്റീന ദേശീയ ടീം നടത്തുന്ന കേരള സന്ദര്‍ശനം. ലോകം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായ ലയണല്‍ മെസ്സിയും ടീമിനൊപ്പം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ്. സാമ്പത്തികച്ചെലവുകള്‍ വഹിക്കാന്‍ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. തുടക്കം മുതലേ അനുകൂല നിലപാടു സ്വീകരിച്ച അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ലോക സ്‌പോര്‍ട്‌സ് ഭൂപടത്തില്‍ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേള്‍ക്കുന്ന ഒരു നിമിഷമായിരിക്കുമത്. കേരളത്തിന്റെ കായിക സംസ്‌കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണര്‍വ് പകരാന്‍ അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനത്തിനു സാധിക്കും. മെസ്സിക്കും കൂട്ടര്‍ക്കും ഊഷ്മളമായ വരവേല്‍പ് സമ്മാനിക്കാന്‍ നാടാകെ ആവേശപൂര്‍വ്വം ഒരുമിക്കാം.