അർജന്റീനയും മെസ്സിയും കേരളത്തിൽ വരും: സ്ഥിരീകരിച്ച് മന്ത്രി; കൊച്ചിക്ക് പ്രഥമ പരിഗണന
Mail This Article
തിരുവനന്തപുരം∙ ലയണല്‍ മെസ്സി അടക്കമുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാന്. അടുത്ത വര്‍ഷമാണ് മത്സരം നടക്കുക. ഔദ്യോഗിക പ്രഖ്യാപനം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നടത്തും. ഒന്നരമാസത്തിനകം എഎഫ്എ അധികൃതര്‍ എത്തുമെന്ന് മന്ത്രി അബ്ദുറഹിമാന് അറിയിച്ചു.
അടുത്ത വര്‍ഷം നടക്കുന്ന മത്സരത്തിന്റെ തീയതിയും എഎഫ്എ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലാകും മത്സരം നടക്കുക. മത്സരത്തിന്റെ ചെലവ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സും വ്യാപാരി വ്യവസായി സമിതിയും വഹിക്കും. മത്സരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം എഎഫ്എ പ്രതിനിധികള്‍ കേരളത്തില്‍ എത്തി മെസ്സി ഉള്‍പ്പടെ കളിക്കേണ്ട ഗ്രൗണ്ടും സുരക്ഷാകാര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പ്രഖ്യാപനം എന്നാണു റിപ്പോര്‍ട്ട്.
കേരളത്തില്‍ ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ‘‘സ്പോര്‍ട്സ് ഇക്കോണമി വളര്‍ത്താനുള്ള പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആറു മാസം മുന്‍പ് കായിക ഉച്ചകോടി സംഘടിപ്പിച്ചു. ഏകദേശം 5000 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ വരികയാണ്.’’– മന്ത്രി പറഞ്ഞു.
‘‘കായിക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അര്‍ജന്റീന ദേശീയ ടീമിനെ കേരളത്തിലേക്കു ക്ഷണിക്കാന്‍ സ്പെയിനില്‍ പോയിരുന്നു. അവിടെ വച്ച് ബന്ധപ്പെട്ടവരുമായി സംസാരിച്ചു. 2025ല്‍ ഇന്ത്യയില്‍ സൗഹൃദ മത്സരം സംഘടിപ്പിക്കാമെന്ന് അവര്‍ സമ്മതിച്ചു. വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് വരുമെന്നതിനാല്‍ സഹകരണത്തിനായി കേരള ഗോര്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചു. അവരും വ്യാപാരി സമൂഹവും ചര്‍ച്ച നടത്തി ഒന്നിച്ചു മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.’’ സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലാണ് അടുത്ത വര്‍ഷം മത്സരം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.