സന്തോഷ് ട്രോഫിയിൽ ഗോൾമഴ സൃഷ്ടിച്ച് കേരളം; ലക്ഷദ്വീപിനെ എതിരില്ലാത്ത 10 ഗോളുകൾക്ക് തകർത്തു
Mail This Article
കോഴിക്കോട്∙ സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ ഗോൾമഴ സൃഷ്ടിച്ച് കേരളം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 10 ഗോളുകൾക്കാണ് കേരളം ലക്ഷദ്വീപിനെ തോൽപ്പിച്ചത്. ആദ്യപകുതിയിൽ കേരളം 4–0ന് മുന്നിലായിരുന്നു.
കേരളത്തിനായി പകരക്കാരനായി ഇറങ്ങിയ ഇ.സജീഷ് ഹാട്രിക് നേടി. മുഹമ്മദ് അജ്സൽ, ഗനി അഹമ്മദ് നിഗം എന്നിവർ ഇരട്ടഗോളും കണ്ടെത്തി. നസീബ് റഹ്മാൻ, വി. അർജുൻ, മുഷറാഖ് എന്നിവരും ലക്ഷ്യം കണ്ടു.
ആദ്യ മത്സരത്തിൽ റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ച കേരളം, ഇതോടെ ഫൈനൽ റൗണ്ട് ഏറെക്കുറെ ഉറപ്പാക്കി. ഇന്നു രാവിലെ നടന്ന മത്സരത്തിൽ റെയിൽവേസ് പോണ്ടിച്ചേരിയെ 10–1ന് തോൽപ്പിച്ചിരുന്നു.
ബിഹാറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും സി ഗ്രൂപ്പ് ജേതാക്കളായി ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കടന്നു. ജയ്പുരിൽ നടന്ന മത്സരത്തിൽ ദാദ്ര നാഗർ ഹവേലിയെ 4–0നു തകർത്ത രാജസ്ഥാൻ ഐ ഗ്രൂപ്പിൽ നിന്ന് ഫൈനൽസ് ഉറപ്പിച്ചു. അമൃത്‌സറിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒഡീഷ 6–1ന് മധ്യപ്രദേശിനെ തകർത്തു.