വിജയം ‘ഡിഫൻഡ് ’ചെയ്യണം, കരുത്തു കാട്ടണം: ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് ഇന്ന് ‘ഇന്ത്യൻ കോച്ചി’ന്റെ എഫ്സി ഗോവയ്ക്കെതിരെ
Mail This Article
കൊച്ചി ∙ ‘‘ചെന്നൈയിനെതിരെ ഗോൾ വഴങ്ങാതിരുന്നതു വലിയ നേട്ടമാണ്. ഇറ്റ് ഈസ് നൈസ് ടു ഹാവ് ദിസ് മാൻ ബാക്ക്’’ – ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ തിരിച്ചുവരവിന്റെ ആഹ്ലാദം മറച്ചു വയ്ക്കുന്നില്ല കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മികായേൽ സ്റ്റാറെ. ഇന്നു രാത്രി എഫ്സി ഗോവയ്ക്കെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ സന്തോഷവും തിരിച്ചുവരവിൽ സച്ചിന്റെ മികച്ച പ്രകടനം തന്നെ.കലൂർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരത്തിനു കിക്കോഫ്. സ്പോർട്സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം.
പീരങ്കി വെടിയേറ്റതു പോലെ തകർന്നു പോയ പ്രതിരോധ നിര പുതുക്കിപ്പണിതു ‘സെറ്റ്’ ആക്കിയാണു ചെന്നൈയിൻ എഫ്സിയെ ബ്ലാസ്റ്റേഴ്സ് മറികടന്നത്. നോവ സദൂയി – ഹെസൂസ് ഹിമെനെ – അഡ്രിയൻ ലൂണ – കോറോ സിങ് ആക്രമണ നിരയുടെ മികവും തുണച്ചു. ഇന്നു ഗോവയ്ക്കെതിരെയും പ്രതിരോധം ഉറപ്പിച്ചു നിർത്തി ആക്രമണത്തിനു മൂർച്ചയേറ്റുക എന്ന അടിസ്ഥാന തന്ത്രം തന്നെയാകും സ്റ്റാറെയ്ക്കു മുന്നിൽ.
ഇന്ത്യൻ ദേശീയ ടീമിന്റെയും എഫ്സി ഗോവയുടെയും കോച്ചെന്ന നിലയിൽ ഇരട്ട വേഷം കയ്യാളുന്ന മനോലോ മാർകേസിന്റെ കുട്ടികൾ ആദ്യ കളികളിലെ പതർച്ചയ്ക്കു ശേഷം 2 തുടർജയങ്ങളുമായാണ് കൊച്ചിയിലേക്കു വരുന്നത്. സ്റ്റാറെ പറഞ്ഞതു പോലെ ‘അവരെ സൂക്ഷിക്കണം.’
പോയിന്റ് പട്ടികയിൽ ഗോവ ആറാമതും ബ്ലാസ്റ്റേഴ്സ് 9–ാം സ്ഥാനത്തുമാണ്. പക്ഷേ കഴിഞ്ഞ സീസണിൽ പിന്നിൽ നിന്നു തിരിച്ചടിച്ചു ഗോവയെ 4–2നു വീഴ്ത്തിയതിന്റെ ഓർമകൾ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസമാണ്.