പുതിയ പരിശീലകന്റെ ആദ്യ ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് 4–0 ജയം; വെൽക്കം ഹോം!
Mail This Article
മാഞ്ചസ്റ്റർ ∙ ‘അമോറിം വരും, എല്ലാം ശരിയാകും’ എന്ന ആരാധകരുടെ പ്രതീക്ഷകൾക്കു മിഴിവേകി പുതിയ പരിശീലകന്റെ ആദ്യ ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഓൾഡ് ട്രാഫഡിൽ എവർട്ടനെ 4–0നാണ് യുണൈറ്റഡ് തകർത്തു വിട്ടത്. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മാർക്കസ് റാഷ്ഫഡിന്റെയും (34,46 മിനിറ്റുകൾ) ജോഷ്വ സിർക്സിയുടെയും (41,64) ഇരട്ടഗോളുകളാണ് യുണൈറ്റഡിന് ഉജ്വല ജയം സമ്മാനിച്ചത്.
പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിൽ നിന്നെത്തിയ അമോറിമിനു കീഴിൽ യുണൈറ്റഡിന്റെ മൂന്നാം മത്സരമായിരുന്നു. ആദ്യ മത്സരത്തിൽ പ്രിമിയർ ലീഗിൽ ഇപ്സ്‌വിച്ച് ടൗണിനെതിരെ 1–1 സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ യൂറോപ ലീഗിൽ ബോഡോയ്ക്കെതിരെ 3–2നു ജയിച്ചു. എവർട്ടനെതിരെ ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ 9–ാം സ്ഥാനത്തേക്കുയരുകയും ചെയ്തു.
സിറ്റിയെ വീഴ്ത്തി ലിവർപൂൾ
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 2–0 ജയവുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് ലീഡ് 9 പോയിന്റായി ഉയർത്തി. ആൻഫീൽഡിൽ കോഡി ഗാക്പോ (12), മുഹമ്മദ് സലാ (78–പെനൽറ്റി) എന്നിവരാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്. ലീഗിൽ തുടരെ നാലാം മത്സരത്തിലാണ് പെപ് ഗ്വാർഡിയോളയുടെ സിറ്റി തോൽവിയേറ്റു വാങ്ങുന്നത്. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 7 മത്സരങ്ങളിൽ വിജയമറിഞ്ഞിട്ടുമില്ല. 13 കളികളിൽ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ നിലവിലെ ചാംപ്യൻമാർ.
ടോപ് ഫോർ പോരാട്ടം ആവേശകരമാകും എന്ന സൂചന നൽകി ആർസനലും ചെൽസിയും വൻജയം കുറിച്ചു. ആർസനൽ 5–2ന് വെസ്റ്റ് ഹാമിനെയും ചെൽസി 3–0ന് ആസ്റ്റൻ വില്ലയെയും തോൽപിച്ചു. വെസ്റ്റ് ഹാമിന്റെ മൈതാനത്ത് ആദ്യ പകുതിയിലാണ് കളിയിലെ 7 ഗോളുകളും വീണത്. ഗബ്രിയേൽ (10), ലിയാന്ദ്രോ ട്രൊസാഡ് (27), മാർട്ടിൻ ഒഡെഗാർഡ് (34–പെനൽറ്റി), കായ് ഹാവെർട്സ് (36), ബുകായോ സാക (45+5– പെനൽറ്റി) എന്നിവരാണ് ആർസനലിനായി സ്കോർ ചെയ്തത്.