ADVERTISEMENT

കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി- ഐസോൾ എഫ്സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടു ഗോളുകളും പിറന്നത് മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു. ആദ്യം മുതൽ ആക്രമിച്ചു കളിച്ച ഗോകുലം കേരളയെ തടയാൻ ഐസോൾ പ്രതിരോധത്തിനു സാധിച്ചു. മറുവശത്ത് വീണുകിട്ടിയ അവസരം 13–ാം മിനിറ്റിൽ ഗോൾ ആക്കുന്നതിൽ ഐസോൾ വിജയിച്ചു. ലാൽ ഹൃയത്പുയയാണു ലക്ഷ്യം കണ്ടത്.

മറുപടി ഗോളിനായി നന്നായി പണിപ്പെട്ട ഗോകുലം ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമില്‍ സമനില പിടിച്ചു. ക്യാപ്റ്റൻ സെർജിയോ നൽകിയ പാസിലൂടെ മലയാളി താരം റിഷാദ് ഗോൾ നേടി. സ്കോർ 1–1. വിരസമായി തുടങ്ങിയ രണ്ടാം പകുതിയിൽ, ഗോകുലം പകരക്കാരെ ഇറക്കി കളി കൂടുതൽ ചൂടുപിടിപ്പിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. സ്പാനിഷ് താരം ആബെലേഡോയുടെ ഷോട്ടുകൾ പോസ്റ്റിലുരസി കടന്നുപോയത് ആതിഥേയർക്ക് നിരാശയായി. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ സ്കോർ 1-1.

ഇതോടെ മൂന്നു കളികളിൽ നിന്ന് അഞ്ചു പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്താണ്. ലീഗില്‍ ഗോകുലത്തിന്റെ അടുത്ത മത്സരവും കോഴിക്കോടാണ്. ശനിയാഴ്ച രാത്രി നടക്കുന്ന പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സാണ് ടീമിന്റെ എതിരാളികൾ.

English Summary:

Gokulam Kerala FC Vs Aizawl FC, I-League 2024-25 Match - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com