തൃക്കരിപ്പൂർ സെവൻസ് ഫുട്ബോളിൽ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം; സെവൻസിലും ‘വാർ വിപ്ലവം’!
Mail This Article
തൃക്കരിപ്പൂർ (കാസർകോട്) ∙ സെവൻസ് ഫുട്ബോളിൽ ‘വിഡിയോ അസിസ്റ്റന്റ് റഫറി’ (വിഎആർ– വാർ) സംവിധാനവുമായി തൃക്കരിപ്പൂർ ടൗൺ എഫ്സി. തൃക്കരിപ്പൂർ ഹൈസ്കൂൾ ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഖാൻ സാഹിബ് കപ്പ് സെവൻസ് ടൂർണമെന്റിലാണ് പ്രാദേശികമായി തയാറാക്കിയ ‘വാർ’ മാതൃകയിലുള്ള വിഡിയോ അസിസ്റ്റന്റ് സിസ്റ്റം ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഇത്തരമൊരു സംവിധാനം ആദ്യമായി നടപ്പാക്കുന്നത് തൃക്കരിപ്പൂരിലാണെന്ന് ക്ലബ് പ്രസിഡന്റ് എ.ജി.അക്ബർ പറയുന്നു.
ഫുട്ബോളിൽ ഓൺ ഫീൽഡ് റഫറിമാരെ സഹായിക്കാനുള്ള, വിഡിയോ അധിഷ്ഠിത സംവിധാനമാണ് ‘വാർ’. ലോകകപ്പ് ഉൾപ്പെടെയുള്ള രാജ്യാന്തര മത്സരങ്ങളിൽ ഉപയോഗിക്കുന്ന ഈ സാങ്കേതിക വിദ്യ ഇന്ത്യൻ ഫുട്ബോളിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല. അനേകം ക്യാമറകളുടെയും എഐയുടെയും സഹായത്തോടെ മത്സരത്തിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്യുന്നതാണ് ഇതിന്റെ പ്രവർത്തന രീതി. ‘യഥാർഥ വാർ’ സംവിധാനവുമായി സാമ്യമുള്ള രീതിയിലാണ് തൃക്കരിപ്പൂരിലെ സാങ്കേതിക സംവിധാനവും പ്രവർത്തിക്കുന്നത്.
10 ഫീൽഡ് ക്യാമറകളും ഒരു ഡ്രോണും ഉൾപ്പെടുന്നതാണ് തൃക്കരിപ്പൂരിലെ ‘വാർ’. റഫറിക്കു വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ മൈതാനത്തിനരികെ ഒരു സ്ക്രീനും സ്ഥാപിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയാണ് ഇതിനു ചെലവഴിച്ചതെന്നു സംഘാടകർ പറഞ്ഞു. 21 ടീമുകൾ പങ്കെടുക്കുന്ന ഖാൻ സാഹിബ് കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 20നു സമാപിക്കും. കുടുംബവുമൊത്ത് കളി കാണാൻ ശീതീകരിച്ച പവിലിയൻ അടക്കമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.