ഇസ്‌ലാമിക പഠനങ്ങൾക്ക് എതിര്, സ്ത്രീകളുടെ വിദ്യാഭ്യാസ വിലക്ക് നീക്കണം: താലിബാനെ പരസ്യമായി എതിർത്ത് റാഷിദ് ഖാൻ
Mail This Article
കാബൂൾ∙ രാജ്യത്ത് വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ സ്ത്രീകളെ വിലക്കിയ താലിബാൻ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശബ്ദമുയർത്തി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ രംഗത്ത്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് നഴ്സിങ് സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇനിമുതൽ സ്ത്രീകളെ പ്രവേശനമുണ്ടാകില്ലെന്ന് അധികാരികൾ ആവർത്തിച്ചു വ്യക്തമാക്കുന്ന സാഹചര്യത്തിലാണ്, ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സാമാന്യം നീണ്ട കുറിപ്പിൽ റാഷിദ് ഖാൻ ആവശ്യപ്പെട്ടത്. താലിബാൻ ഭരണകൂടത്തിന്റെ ഈ നീക്കം, രാജ്യത്തെ ആരോഗ്യ സംവിധാനം വൻ അപകടത്തിലാക്കുമെന്ന ആശങ്കകൾക്കിടെയാണ് രാജ്യത്ത് വലിയ സ്വീകാര്യതയുള്ള ക്രിക്കറ്റ് താരത്തിന്റെ ഇടപെടൽ എന്നതും ശ്രദ്ധേയം.
അഫ്ഗാനിൽ 20 വർഷത്തെ യുഎസ് അധിനിവേശത്തിനുശേഷം 2021 ഓഗസ്റ്റിലാണ് താലിബാൻ അധികാരം പിടിച്ചത്. പിന്നാലെ സ്കൂളുകളിൽ ഏഴാം ക്ലാസ് മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കിയിരുന്നു. സർവകലാശാലകളിൽ ഉൾപ്പെടെ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി. പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം മതി എന്ന നിലപാടാണു താലിബാനുള്ളത്. മിക്കവാറും ജോലികളിലും സ്ത്രീകൾക്കു വിലക്കുണ്ട്. പാർക്കുകളിലും ജിംനേഷ്യങ്ങളിലും പ്രവേശനമില്ല. ഇത്തരത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുള്ള നടപടികൾ ശക്തമാക്കുന്നതിനിടെയാണ് താലിബാനെതിരെ റാഷിദ് ഖാൻ പരസ്യമായി രംഗത്തെത്തിയത്.
∙ റാഷിദ് ഖാന്റെ കുറിപ്പിൽനിന്ന്
‘‘ഇസ്‌ലാമിക പഠനങ്ങളിൽ വലിയ പ്രാധാന്യം നൽകുന്ന ഒന്നാണ് വിദ്യാഭ്യാസം. സ്ത്രീകൾക്കും പുരുഷൻമാർക്കും അറിവ് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീപുരുഷൻമാരുടെ തുല്യമായ ആത്മീയ മൂല്യത്തെക്കുറിച്ചും ഖുർആനിൽ എടുത്തു പറയുന്നുമുണ്ട്. അഫ്ഗാനിസ്ഥാനിലെ അമ്മമാർക്കും സഹോദരിമാർക്കും വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ ഏറെ വേദനയോടും നിരാശയോടെയുമാണ് ഞാൻ കാണുന്നത്.
ഈ നീക്കം അവരുടെ ഭാവിയെ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ വിശാലമായ ഘടനയെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അവർ പങ്കുവയ്ക്കുന്ന വേദനയും നിരാശയും അവർ അനുഭവിക്കുന്ന വെല്ലുവിളികളുടെ നേർച്ചിത്രമാണ്.
‘‘നമ്മുടെ മാതൃരാജ്യമായ അഫ്ഗാനിസ്ഥാൻ വളരെ നിർണായകമായ ഒരു ദശാസന്ധിയിലാണ് ഇപ്പോഴുള്ളത്. മെഡിക്കൽ രംഗത്ത് ഉൾപ്പെടെ എല്ല മേഖലകളിലും വിദഗ്ധൻമാരെ ഈ രാജ്യത്തിന് ആവശ്യമുണ്ട്. ആരോഗ്യരംഗം നേരിടുന്ന വനിതാ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവ് സവിശേഷ ശ്രദ്ധയർഹിക്കുന്ന പ്രശ്നം തന്നെയാണ്. അത് നമ്മുടെ ആരോഗ്യസംവിധാനത്തെയും സ്ത്രീകളുടെ അന്തസിനെയും ഒരുപോലെ ബാധിക്കുന്നു.
‘‘മെഡിക്കൽ രംഗത്ത് നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പിൻവലിക്കേണ്ടത് പ്രധാനമാണ്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് എന്റെ അഭ്യർഥന. അങ്ങനെ അഫ്ഗാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനും അതുവഴി രാജ്യത്തിന്റെ വികസനത്തിനായി വലിയ സംഭാവനകൾ നൽകാനും കഴിയും. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത് സാമൂഹികമായ ഒരു ഉത്തരവാദിത്തം മാത്രമല്ല, നമ്മുടെ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച ധാർമികമായ കടമ കൂടിയാണ്’ – റാഷിദ് ഖാൻ കുറിച്ചു.