ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) മാ‍ഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ ആദ്യ തോൽവി സമ്മാനിച്ച് ആർസനൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ, അമോറിമിന്റെ യുണൈറ്റഡിനെ തകർത്തത്. തുടർ തോൽവി പരമ്പരകൾക്കൊടുവിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. നോട്ടിങ്ങം ഫോറസ്റ്റിനെ തകർത്തത് ഏകപക്ഷീയമായ 3 ഗോളുകൾക്ക്. പോയിന്റ് നിലയിൽ മുന്നിലുള്ള ലിവർപൂളിനെ ന്യൂകാസിൽ യുണൈറ്റഡ് സമനിലയിൽ (3–3) തളച്ചു. ഗോൾമഴ സൃഷ്ടിച്ച് ചെൽസി സതാംപ്ടണിനെയും (5–1) മറികടന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളുകൾക്കാണ് ആർസനൽ ജയിച്ചുകയറിയത്. 54–ാം മിനിറ്റിൽ ജൂറിയൻ ടിംബറും 73–ാം മിനിറ്റിൽ വില്യം സാലിബയും ആർസനലിനായി ലക്ഷ്യം കണ്ടു. 14 കളികളിൽനിന്ന് എട്ടാം ജയം കുറിച്ച ആർസനൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള ചെൽസി, സതാംപ്ടണിനെതിരെ നേടിയ 5–1 വിജയത്തോടെ ഗോൾശരാശരിയിലാണ് ആർസനലിനെ മറികടന്ന് മുന്നിൽക്കയറിയത്. സീസണിലെ അഞ്ചാം തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 11–ാം സ്ഥാനത്തു തുടരുന്നു.

ഇംഗ്ലിഷ് പ്രിമിയർ ലീഗിലും മറ്റു ടൂർണമെന്റുകളിലും ഉൾപ്പെടെ വിജയം അന്യംനിന്നു പോയ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് നോട്ടിങ്ങം ഫോറസ്റ്റിനെയാണ് സിറ്റി വീഴ്ത്തിയത്. ബെർണാഡോ സിൽവ (8–ാം മിനിറ്റ്), കെവിൻ ഡിബ്രൂയ്നെ (31), ജെറമി ഡോകു (57) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യം കണ്ടത്. ആദ്യ പകുതിയിൽ സിറ്റി 2–0ന് മുന്നിലായിരുന്നു.

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സതാംപ്ടണിനെതിരെ ഗോൾമഴ വർഷിച്ചാണ് ചെൽസിയുടെ വിജയം. ആദ്യ പകുതിയിൽ ചെൽസി 3–1ന് മുന്നിലായിരുന്നു. അക്സൽ ദിസാസി (7–ാം മിനിറ്റ്), ക്രിസ്റ്റഫർ എൻകുൻകു (17), നോനി മദവേകെ (34), കോൾ പാൽമർ (76), ജേഡൻ സാഞ്ചോ (87) എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. സതാംപ്ടണിന്റെ ആശ്വാസഗോൾ ജോ അരീബോ 11–ാം മിനിറ്റിൽ നേടിയ. ചുവപ്പുകാർഡ് കണ്ട് ജാക് സ്റ്റീഫൻ പുറത്തുപോയതിനാൽ ആദ്യപകുതിയുടെ അവസാന മിനിറ്റുകളും രണ്ടാം പകുതി പൂർണമായും 10 പേരുമായാണ് സതാംപ്ടൺ കളിച്ചത്.

തുടർ വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലായിരുന്ന ലിവർപൂളിനെ, ന്യൂകാസിൽ യുണൈറ്റഡാണ് സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ ലിവർപൂൾ 1–0ന് പിന്നിലായിരുന്നു. രണ്ടു തവണ ലീഡ് വഴങ്ങിയ ശേഷമാണ് ന്യൂകാസിൽ ചെമ്പടയോട് സമനില വഴങ്ങിയത്. മുഹമ്മദ് സലായുടെ ഇരട്ടഗോളും (68, 83 മിനിറ്റുകളിൽ), കർട്ടിസ് ജോൺസിന്റെ (50–ാം മിനിറ്റ്) ഗോളുമാണ് ലിവർപൂളിനു രക്ഷയായത്. 83–ാം മിനിറ്റിൽ ലിവർപൂൾ 3–2ന് മുന്നിൽക്കയറിയെങ്കിലും 90ാം മിനിറ്റിൽ ഫാബിയൻ ഷാർ നേടിയ ഗോളിൽ അവർ സമനില തെറ്റാതെ കാത്തു. ന്യൂകാസിലിന്റെ മറ്റു ഗോളുകൾ അലക്സാണ്ടർ ഇസാക് (35), ആന്തണി ഗോർഡൻ (62) എന്നിവർ നേടി.

മറ്റു മത്സരങ്ങളിൽ എവർട്ടൻ വോൾവർഹാംപ്ടണിനെയും (4–0), ആസ്റ്റൺ വില്ല ബ്രെന്റ്ഫോർഡിനെയും (3–1) തോൽപ്പിച്ചു. സമനില വഴങ്ങിയെങ്കിലും 14 കളികളിൽനിന്ന് 35 പോയിന്റുമായി ലിവർപൂളാണ് ഇപ്പോഴും പട്ടികയിൽ മുന്നിൽ. ചെൽസി (28), ആർസനൽ (28), മാഞ്ചസ്റ്റർ സിറ്റി (26) എന്നിവരാണ് പിന്നിലുള്ളത്.

∙ പെനൽറ്റി പാഴാക്കി എംബപ്പെ, റയൽ തോറ്റു

മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ കരുത്തരായ റയൽ മഡ്രിഡിനെ അത്‍ലറ്റിക് ക്ലബ് അട്ടിമറിച്ചു. സൂപ്പർതാരം കിലിയൻ എംബപ്പെ പെനൽറ്റി പാഴാക്കിയ മത്സരത്തിൽ 2–1നാണ് റയലിന്റെ തോൽവി. അത്‍ലറ്റിക് ക്ലബ്ബിനായി അലക്സ് ബെറെൻഗുവറും (53–ാം മിനിറ്റ്), ഗോർക ഗുരുസേട്ടയും (80) ഗോൾ നേടി. റയലിന്റെ ആശ്വാസഗോൾ 78–ാം മിനിറ്റിൽ ജൂഡ് ബെലിങ്ങം നേടി. 69–ാം മിനിറ്റിൽ റയലിന് അനുകൂലമായി ലഭിച്ച പെനൽറ്റി സൂപ്പർതാരം കിലിയൻ എംബപെ പാഴാക്കി. കഴിഞ്ഞ ദിവസം ചാംപ്യൻസ് ലീഗിൽ ലിവർപൂളിനെതിരെയും എംബപ്പെ പെനൽറ്റി പാഴാക്കിയിരുന്നു.

English Summary:

Real Madrid stunned by Athletic Club; Arsenal, City and Chelsea win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com