മുഖം രക്ഷിക്കാൻ കോച്ചിനെ പുറത്താക്കിയെന്ന് മഞ്ഞപ്പട; വിമാനത്താവളത്തിൽ സ്റ്റാറെയ്ക്ക് യാത്രയയപ്പ്– വിഡിയോ
Mail This Article
കൊച്ചി ∙ കോച്ച് മികായേൽ സ്റ്റാറെയെ ബലിയാടാക്കി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തൽക്കാലം മുഖം രക്ഷിക്കുകയാണു ചെയ്തതെന്ന ആക്ഷേപവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’ രംഗത്ത്. സ്വന്തം കഴിവുകേടിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമമാണു കോച്ചിന്റെ പെട്ടെന്നുള്ള പിരിച്ചു വിടലെന്നാണ് അവരുടെ ആരോപണം.
‘‘ഈ ടീമിനായി ചെയ്ത സേവനങ്ങൾക്ക് നന്ദി കോച്ച്. ഇതുകൊണ്ട് രക്ഷപ്പെട്ടെന്ന് മാനേജ്മെന്റ് കരുതരുത്. ടീമിൽ ആഴത്തിൽ വേരോടിയിരിക്കുന്ന പ്രശ്നങ്ങൾക്ക് കോച്ചിനെ പുറത്താക്കുന്നതല്ല പരിഹാരം. പ്രശ്നങ്ങളിൽനിന്ന് ഇതുകൊണ്ട് തൽക്കാലം രക്ഷപ്പെടാൻ സാധിച്ചേക്കും. ഇത്ര വലിയ പ്രശ്നത്തിന് ഇത്തരം ലളിതമായ നടപടികൾകൊണ്ട് എന്താകാനാണ്? മാനേജ്മെന്റിന്റെ പിഴവിന് കോച്ച് വിലകൊടുക്കേണ്ടി വന്നിരിക്കുന്നു. അദ്ദേഹത്തെ ബലിയാടാക്കിയുള്ള ഈ തന്ത്രം വിലപ്പോവില്ല’ – മഞ്ഞപ്പട സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘‘സ്വന്തം കഴിവുകേടു മറച്ചുവയ്ക്കാനുള്ള മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണ് കോച്ചിനെ അടിയന്തരമായി പുറത്താക്കിയ ഈ നടപടിയെന്ന് വ്യക്തമാണ്. സ്വന്തം കഴിവുകേട് അംഗീകരിക്കുന്നതിനു പകരം, തന്റെ കഴിവിന്റെ പരമാവധി ടീമിനായി നൽകിയ പരിശീലകനെ ബലിയാടാക്കിയിരിക്കുന്നു’ – മറ്റൊരു ട്വീറ്റിൽ അവർ കുറിച്ചു.
അതിനിടെ, നാട്ടിലേക്ക് മടങ്ങാനെത്തിയ മികായേൽ സ്റ്റാറെയെ വിമാനത്താവളത്തിൽ മഞ്ഞപ്പടയുടെ നേതൃത്വത്തിൽ യാത്രയാക്കി. വിമാനത്താവളത്തിൽ ഒരുകൂട്ടം ആരാധകരുമായി സംസാരിക്കുന്ന സ്റ്റാറെയുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ടീമിന്റെ ആരാധകക്കൂട്ടായ്മയോടുള്ള സ്നേഹവും നന്ദിയും അറിയിച്ചാണ് സ്റ്റാറെയുടെ മടക്കം.