കേരളത്തിന്റെ ‘സന്തോഷം’ സെമിയിലേക്ക്; ജമ്മു കശ്മീരിനെ 1–0ന് തകർത്ത് കേരളം സന്തോഷ് ട്രോഫി സെമിയിൽ
Mail This Article
സന്തോഷ് ട്രോഫി ഫുട്ബോൾ സെമിഫൈനലിലേക്ക് പൊരുതിക്കയറി കേരളം. ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ 1–0നാണ് കേരളത്തിന്റെ ജയം. 73–ാം മിനിറ്റിൽ നസീബ് റഹ്മാനാണ് വിജയഗോൾ നേടിയത്. നാളെ രാത്രി 7.30നു നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പുരാണ് കേരളത്തിന്റെ എതിരാളികൾ. ഉച്ചകഴിഞ്ഞ് 2.30ന് ആദ്യ സെമിയിൽ ബംഗാൾ സർവീസസിനെ നേരിടും. ഇന്നലെ രാത്രി അവസാന ക്വാർട്ടർ ഫൈനലിൽ സർവീസസ് 2–1ന് മേഘാലയയെ തോൽപിച്ചു.
ഹൈദരാബാദ് ഡെക്കാൻ അരീനയിലെ ചെറു മൈതാനത്ത് കളിയിൽ ഒരു മണിക്കൂറിലേറെ സമയം കശ്മീർ കേരളത്തെ പൂട്ടിയിട്ടു. കേരളത്തിന്റെ ഗോൾനീക്കങ്ങളെല്ലാം കശ്മീരിന്റെ പ്രതിരോധ മതിലിൽ തട്ടിത്തകർന്നു കൊണ്ടിരുന്നു. 18–ാം മിനിറ്റിൽ നസീബ് റഹ്മാൻ പെനൽറ്റി ബോക്സിനു പുറത്തുനിന്നു നീട്ടിയടിച്ച പന്ത് കശ്മീർ ഗോളി മാജിദ് അഹമ്മദ് തടഞ്ഞു.
ഹാഫ് ടൈമിനു തൊട്ടുമുൻപ് ജോസഫ് ജസ്റ്റിൻ നൽകിയ പന്തും നസീബ് വലയിലേക്ക് ഉതിർത്തെങ്കിലും മാജിദ് വീണ്ടും കശ്മീരിന്റെ രക്ഷകനായി. കശ്മീരിന്റെ പ്രതിരോധനിരയിൽ വിള്ളലുണ്ടാക്കി ആക്രമിച്ചു കയറുകയെന്ന ലക്ഷ്യത്തോടെ കേരളം 72–ാം മിനിറ്റിൽ കാലിക്കറ്റ് എഫ്സി താരം വി.അർജുനെയും മുഹമ്മദ് മുഷാറഫിനെയും പകരക്കാരായി ഇറക്കി. കോച്ച് ബിബി തോമസ് മുട്ടത്തിന്റെ ഈ നീക്കം ലക്ഷ്യം കണ്ടു.
അടുത്ത മിനിറ്റിൽ തന്നെ ക്യാപ്റ്റൻ ജി.സഞ്ജു നീട്ടി നൽകിയ പന്ത് വി.അർജുൻ ഹെഡ് ചെയ്ത് നസീബ് റഹ്മാനു നൽകി. പന്ത് നെഞ്ചിൽ ഏറ്റുവാങ്ങിയ നസീബ് വലംകാലുകൊണ്ട് ഷോട്ട് തൊടുത്തു. കശ്മീരിന്റെ മൂന്നു ഡിഫൻഡർമാരും അവർക്കു പിന്നിൽ ഗോളി മാജിദ് അഹമ്മദും നോക്കിനിൽക്കെ പന്ത് വലയുടെ വലത്തേ മൂലയിലേക്ക് (1–0). ഏഴു ഗോളുകളുമായി ഗോൾസ്കോറർമാരിൽ രണ്ടാമതാണ് കേരളത്തിന്റെ നസീബ് റഹ്മാൻ. 9 ഗോളുകളുമായി ബംഗാളിന്റെ റോബി ഹൻസ്ഡയാണ് മുന്നിലുള്ളത്.