സുവർണകാലത്തിന്റെ സ്മരണകളുമായി ഷബീർ അലിയും വിക്ടർ അമൽരാജും; ഓർമകളുടെ അരീനയിൽ...
Mail This Article
ഡെക്കാൻ അരീനയിലെ മൈതാനത്ത് സന്തോഷ് ട്രോഫി ഫുട്ബോളിൽ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോൾ ഗാലറിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ പോയ കാലത്തെ ഓർമകളുടെ പോരാട്ടമാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ ഷബീർ അലിയും വിക്ടർ അമൽരാജും അടുത്തടുത്തിരുന്ന് കളി കാണുന്നു. പ്രതാപകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിലുകളിലൊന്നായിരുന്ന ഹൈദരാബാദിൽനിന്ന് ഉദിച്ചുയർന്ന താരങ്ങളാണ് ഇരുവരും.
ഇത്തവണ സന്തോഷ് ട്രോഫിയിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നിരീക്ഷകരാണ്. കേരളത്തിലും പലതവണ വന്നിട്ടുള്ള ഇരുവർക്കും മലയാളികളെക്കുറിച്ചു പറയാൻ നൂറു നാവ്.
‘‘കേരളത്തിലെ ഫുട്ബോൾ ആരാധകരാണ് രാജ്യത്തെ ഏറ്റവും മികച്ചത്. കോഴിക്കോട്ടെയും മലപ്പുറത്തെയും ആരാധകരുടെ ആവേശം മനസ്സിൽനിന്നു മായില്ല..’’ ഷബീർ അലിയുടെ വാക്കുകളിൽ ആഹ്ലാദം. ‘‘ഏതാനും വർഷം മുൻപ് ഞാൻ കേരളത്തിൽ വന്നിരുന്നു. കേരളത്തിൽ നിന്ന് എല്ലാ കാലത്തും മികച്ച കളിക്കാർ ഉയർന്നു വന്നിട്ടുണ്ട്. ഇപ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മലയാളി കളിക്കാർ.’’– പരിശീലകനായും ഇന്ത്യൻ ഫുട്ബോളിൽ നിറഞ്ഞുനിന്ന ഷബീർ അലിയുടെ സാക്ഷ്യപത്രം.
‘‘ഈസ്റ്റ്ബംഗാളിനും മോഹൻ ബഗാനുമൊക്കെ വേണ്ടി കളിക്കുന്നതിനേക്കാൾ ആവേശമായിരുന്നു അക്കാലത്ത് സന്തോഷ് ട്രോഫിയിൽ കളിക്കുകയെന്നത്’’– ഷബീർ അലി പറഞ്ഞു. ‘‘1979ലെ ശ്രീനഗർ സന്തോഷ് ട്രോഫി മറക്കാൻ കഴിയില്ല. ഷബീർ അലിക്കൊപ്പം മധ്യനിര താരമായി ഞാനും ബംഗാളിനു വേണ്ടി കളത്തിലിറങ്ങി. അക്കൊല്ലം ട്രോഫിയുമായാണ് മടങ്ങിയത്’’– വിക്ടർ അമൽരാജിന്റെ വാക്കുകളിൽ ആവേശം.
സന്തോഷ് ട്രോഫിയുടെ ഇന്നത്തെ പോക്കിൽ അമൽരാജ് തൃപ്തനല്ല. ‘‘പ്രഫഷനൽ ഫുട്ബോളിന്റെ കാലമാണിത്. എന്നാൽ രാജ്യത്തെ ഏറ്റവും പഴക്കമുള്ള മത്സരങ്ങളിലൊന്നായ സന്തോഷ് ട്രോഫിയിൽ ആ പ്രഫഷനലിസം വരുന്നില്ല’’– മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും മുഹമ്മദൻസിന്റെയുമെല്ലാം ക്യാപ്റ്റനായിരുന്ന അമൽരാജിന്റെ വിലയിരുത്തൽ.