മണിപ്പൂരിനെ 5–1ന് വീഴ്ത്തി കേരളത്തിന്റെ ‘സന്തോഷക്കുതിപ്പ്’; സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ നേരിടും
Mail This Article
ഹൈദരാബാദ്∙ മണിപ്പൂരിനെ 5–1ന് തകർത്ത പവർപാക്ക്ഡ് പ്രകടനവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ. മുഹമ്മദ് റോഷലിന്റെ ഹാട്രിക് ഗോൾ ചിറകിലേറിയാണ് കേരളം ഫൈനലിൽ കടന്നത്. ഒന്നാം സെമിയിൽ സർവീസസിനെ 4–2നു തോൽപിച്ച ബംഗാളിനെ നാളെ പുതുവർഷത്തേലേന്ന്, ഫൈനലിൽ കേരളം നേരിടും. രാത്രി 7.30ന് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരത്തിനു കിക്കോഫ്. മണിപ്പുരിനെതിരെ 22–ാം മിനിറ്റിൽ നസീബ് റഹ്മാനും ആദ്യപകുതിയുടെ ഇൻജറി ടൈമിൽ മുഹമ്മദ് അജ്സലും 73, 88, 95 മിനിറ്റുകളിൽ മുഹമ്മദ് റോഷലുമാണ് കേരളത്തിനുവേണ്ടി ഗോളുകൾ നേടിയത്.
22–ാം മിനിറ്റിൽ മുഹമ്മദ് റിയാസ് നൽകിയ പാസുമായി ഓടിക്കയറിയ നസീബ് റഹ്മാൻ മണിപ്പൂരിന്റെ ശങ്കർസിങ്ങിനെയും കബിരാജ് സിങ്ങിനെയും മറികടന്ന് പന്ത് വലയിലേക്ക് തൊടുത്തു. മണിപ്പൂർ ഗോളി സലാം സനാതൻ സിങ്ങിന് തൊടാൻ കിട്ടുംമുൻപ് പന്ത് വലയിലെത്തി. കേരളം 1–0ന് മുന്നിൽ. 30–ാം മിനിറ്റിൽ കേരളത്തിന്റെ നിർഭാഗ്യംകൊണ്ടു സംഭവിച്ച പെനൽറ്റിയിലൂടെയാണ് മണിപ്പുർ ആദ്യഗോൾ നേടിയത്. മണിപ്പുരിന്റെ മുന്നേറ്റനിര താരം സഹീർഖാൻ എടുത്ത കോർണർ പെനൽറ്റി ബോക്സിനകത്തുവച്ച് കേരളത്തിന്റെ നിജോ ഗിൽബർട്ടിന്റെ കയ്യിൽത്തട്ടി.
കിക്കെടുത്ത മണിപ്പുരിന്റെ ഷുൻജൻതൻ റഗൂയി ലക്ഷ്യം കണ്ടു (1–1). ഫസ്റ്റ് ഹാഫിന്റെ ഇൻജറി ടൈമിൽ അജ്സലിന്റെ മനോഹരമായ ബാക്ക് ഫ്ലിപ് ഗോളിൽ കേരളം ലീഡെടുത്തു. മൈതാനമധ്യത്തു നിന്ന് ഇടതുവശത്തുകൂടി കയറിവന്ന മുഹമ്മദ് റിയാസ് വലയ്ക്കു മുന്നിലേക്കു പന്തു നൽകി. പന്ത് പിടിച്ചെടുത്ത അജ്സൽ ഗോളിയെ കബളിപ്പിച്ച് ഇടംകാലുകൊണ്ട് പന്ത് ഗോളിലെത്തിച്ചു (2–1).
പരുക്കേറ്റ നിജോ ഗിൽബർട്ടിനു പകരം 67–ാം മിനിറ്റിലാണ് മുൻ ഈസ്റ്റ് ബംഗാൾ താരമായ മുഹമ്മദ് റോഷൽ കളത്തിലിറങ്ങിയത്. 73–ാം മിനിറ്റിൽ മണിപ്പൂരിന്റെ പ്രതിരോധനിരതാരം കബിരാജ് സിങ്ങിന്റെ കാലിൽനിന്ന് തട്ടിയെടുത്ത പന്തുമായി റോഷൽ മിന്നലുപോലെ ഓടിക്കയറി വലയിലേക്ക് തൊടുത്തു. കേരളം 3–1ന് മുന്നിൽ. അവസാന പത്തുമിനിറ്റ് മണിപ്പുർ താരങ്ങൾക്കു ശ്വാസം വിടാൻ സമയം നൽകാതെ കേരളത്തിന്റെ സർവാക്രമണം. 88–ാം മിനിറ്റിൽ നസീബ് റഹ്മാന്റെ കോർണർകിക്ക് മുഹമ്മദ് റോഷൽ ഇടതുകാലുകൊണ്ട് വട്ടംകറക്കി വലയിലേക്ക് തൊടുത്തതോടെ കേരളത്തിന്റെ നാലാം ഗോൾ.
ഇൻജറി ടൈമിന്റെ നാലാം മിനിറ്റിൽ ഫ്രീകിക്ക് വൈകിപ്പിച്ചതിന് കേരളത്തിന്റെ എം. മനോജിന് റഫറി രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും വിധിച്ചു. 10 പേരായി കുറഞ്ഞെങ്കിലും അടുത്ത മിനിറ്റിൽ കേരളം വീണ്ടും ഗോളടിച്ചു. പെനൽറ്റി ബോക്സിനകത്ത് കേരളത്തിന്റെ ടി. ഷിജിനു നേരിടേണ്ടി വന്ന ഫൗളിനു റഫറി പെനൽറ്റി വിധിച്ചു. കിക്ക് ലക്ഷ്യത്തിലെത്തിച്ച മുഹമ്മദ് റോഷലിനു ഹാട്രിക്. കളിക്കു ഫൈനൽ വിസിൽ. റോഷലാണു കളിയിലെ താരം.
∙ സർവീസസിനെ തകർത്ത് ബംഗാൾ
കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ സർവീസസിനെ 4–2ന് തോൽപ്പിച്ചാണ് ബംഗാൾ സന്തോഷ് ട്രോഫി ഫൈനലിൽ എത്തിയത്. ബംഗാളിനായി 2 ഗോളുകൾ നേടിയ ടൂർണമെന്റിലെ ടോപ് സ്കോറർ റോബി ഹൻസ്ഡയുടെ ആകെ ഗോൾ നേട്ടം 11 ആയി.
∙ 16–ാം ഫൈനൽ
സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവുമധികം തവണ ജേതാക്കളായത് ബംഗാളാണ്. ബംഗാൾ 46 തവണ ഫൈനലിലെത്തി; 32 തവണ ജേതാക്കളായി. നാളെ ബംഗാളിന്റെ 47–ാം ഫൈനൽ. 16–ാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. ഏഴു തവണ ജേതാക്കളായി.