സന്തോഷ് ട്രോഫി ഫൈനലിൽ കേരളം ഇന്ന് ബംഗാളിനെതിരെ; പുതുവർഷം, ഗോൾവർഷം... സന്തോഷമാകട്ടെ!
Mail This Article
പുതുവർഷപ്പിറവിയിൽ കേരളം കണികണ്ടുണരുന്നത് ഒരു സന്തോഷ് ട്രോഫി കിരീടമായിരിക്കുമോ? ഇന്നു രാത്രി ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ഇന്ത്യൻ ഫുട്ബോളിലെ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിനാണ്. ചിരവൈരികളായ ബംഗാൾ കടുവകളെ പിടിച്ചുകെട്ടി സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളം ഇന്നിറങ്ങുകയാണ്. ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ മത്സരത്തിനു കിക്കോഫ് രാത്രി 7.30ന്. ഡിഡി സ്പോർട്സ് ചാനലിൽ തൽസമയം. എസ്എസ്ഇഎൻ ആപ്പിൽ ലൈവ് സ്ട്രീമിങ്.
സന്തോഷ് ട്രോഫി ചരിത്രത്തിൽ 46 തവണ ഫൈനലിലെത്തുകയും അതിൽ 32 തവണ ചാംപ്യൻമാരാവുകയും ചെയ്ത ടീമാണ് ബംഗാൾ. കേരളം ഇതുവരെ 15 തവണ ഫൈനലിലെത്തി. ഏഴു തവണ കിരീടം സ്വന്തമാക്കി. അവസാനമായി രണ്ടുതവണ കേരളം ജേതാക്കളായപ്പോഴും ഫൈനലിൽ ബംഗാളായിരുന്നു എതിരാളികൾ. രണ്ടു തവണയും ജയം ഷൂട്ടൗട്ടിൽ. 2018ൽ കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ 4–2നും 2021ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 5–4നുമായിരുന്നു കേരളത്തിന്റെ ജയം.
∙ തുല്യശക്തികൾ
ഇത്തവണ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ മത്സരങ്ങളുടെ കണക്കെടുത്താൽ തുല്യശക്തരാണ് കേരളവും ബംഗാളും. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായി ബംഗാളും ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനക്കാരായി കേരളവും ക്വാർട്ടറിലെത്തി. യുവതാരങ്ങളുടെ മികച്ച പ്രകടനമാണ് കേരളത്തിന്റെ കരുത്ത്. 22.5 വയസ്സാണ് ടീമിന്റെ ശരാശരി പ്രായം. ഐഎസ്എൽ മാതൃകയിൽ കേരളത്തിൽ നടത്തിയ സൂപ്പർലീഗ് കേരളയിൽ തിളങ്ങിയ 10 താരങ്ങളാണ് സന്തോഷ് ട്രോഫി ടീമിലുള്ളത്.
മുന്നേറ്റനിരയിൽ തിളങ്ങുന്ന 9–ാം നമ്പർതാരം റോബി ഹൻസ്ഡയും 10–ാം നമ്പർ താരം നരോഹരി ശ്രേഷ്ഠയുമാണ് ബംഗാളിന്റെ കരുത്ത്. 11 ഗോളുമായി ഗോൾവേട്ടക്കാരിൽ ഒന്നാമനാണ് റോബി. കളിക്കളത്തിൽ കുലുക്കമില്ലാതെ മുന്നേറുന്ന നരോഹരി ശ്രേഷ്ഠ ഗോളടിക്കുന്നതിനൊപ്പം ഗോളവസരം സൃഷ്ടിക്കാനും മിടുക്കനാണ്. ഇതുവരെ ഏഴു ഗോളുകൾ നേടിയിട്ടുണ്ട്. 8 ഗോളുമായി കേരളത്തിന്റെ മധ്യനിരതാരം നസീബ് റഹ്മാനും 7 ഗോളുമായി മുന്നേറ്റനിരതാരം മുഹമ്മദ് അജ്സലും ഗോൾവേട്ടക്കാരിൽ റോബി ഹൻസ്ഡയ്ക്കു പിന്നിലുണ്ട്.
∙ ചുവപ്പുകാർഡിനെതിരെ പരാതി
സെമി ഫൈനലിലെ ചുവപ്പുകാർഡിൽ പരാതിയുമായി കേരളം. മണിപ്പുരിനെതിരായ മത്സരം അവസാനിക്കാൻ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെയാണ് ഡിഫൻഡർ എം.മനോജിനു റഫറി മാർച്ചിങ് ഓർഡർ വിധിച്ചത്. കേരളം 4–1ന് മുന്നിട്ടു നിൽക്കുമ്പോഴായിരുന്നു ഇത്.
കളി തീരാൻ രണ്ടു മിനിറ്റ് മാത്രം ശേഷിക്കെ, 3 ഗോൾ ലീഡുള്ള ടീമിലെ താരത്തിനെതിരെ ചുവപ്പുകാർഡ് കാണിച്ചത് അനീതിയാണെന്ന് കേരളത്തിന്റെ പരിശീലകൻ ബിബി തോമസ് മുട്ടത്ത് പറഞ്ഞു.
നിലവിലെ നിയമനുസരിച്ച് സന്തോഷ് ട്രോഫിയിൽ രണ്ടു മഞ്ഞക്കാർഡിനെ തുടർന്നുള്ള ചുവപ്പുകാർഡ് പിൻവലിക്കാൻ സാധ്യതയില്ല. അതുകൊണ്ട് എം.മനോജിന് ഫൈനലിൽ കളിക്കാൻ കഴിയില്ല.
∙ ഫൈനൽ റൗണ്ടിൽ കേരളവും ബംഗാളും ഇതുവരെ പരസ്പരം കളിച്ചതു 32 മത്സരങ്ങൾ. ബംഗാൾ 15 തവണ ജയിച്ചു. കേരളം ജയിച്ചത് 9 വട്ടം. 8 മത്സരങ്ങൾ സമനിലയിലായി.