നാടുകുലുക്കി ഫോറസ്റ്റ് ! : ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആവേശമായി നോട്ടിങ്ങാം ഫോറസ്റ്റിന്റെ കുതിപ്പ്
Mail This Article
ലണ്ടൻ ∙ ‘45 വർഷം മുൻപുള്ള പോയിന്റ് പട്ടിക’– ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ നോട്ടിങ്ങാം ഫോറസ്റ്റ് ആരാധകർ ഇപ്പോൾ ആവേശത്തോടെ പറഞ്ഞു നടക്കുന്നതിങ്ങനെ. ഉജ്വല വിജയങ്ങളുമായി നിലവിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ക്ലബ്ബിന്റെ കുതിപ്പിനെ ആരാധകർ ഉപമിക്കുന്നത് 1979ലെ അവിസ്മരണീയ സീസണിനോടാണ്. പ്രിമിയർ ലീഗിന്റെ മുൻഗാമിയായ ഇംഗ്ലിഷ് ഒന്നാം ഡിവിഷനിൽ അന്ന് രണ്ടാമതെത്തിയിരുന്നു ഫോറസ്റ്റ്. അന്ന് ചാംപ്യൻമാരായതും ഇന്ന് ഫോറസ്റ്റിനു മുന്നിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നതും ഒരേ ക്ലബ്– ലിവർപൂൾ! ഫോറസ്റ്റ് ആരാധകർക്കിടയിൽ അൻപതു വയസ്സു കടന്നവർക്ക് ഈ സീസൺ തങ്ങളുടെ കുട്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്കായി തോന്നാതിരിക്കുന്നതെങ്ങനെ. വിഖ്യാത പരിശീലകൻ ബ്രയാൻ ക്ലോയ്ക്കു കീഴിൽ തുടരെ രണ്ട് തവണ യൂറോപ്യൻ ചാംപ്യൻമാരാവുകയും ചെയ്തു അന്ന് ക്ലബ്.
ഇത്തവണ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോയ്ക്കു കീഴിൽ അവിശ്വസനീയ കുതിപ്പാണ് ഫോറസ്റ്റ് കാഴ്ച വച്ചത്. സീസൺ തുടക്കത്തിൽ ലിവർപൂളിനെ അട്ടിമറിച്ച ക്ലബ് പിന്നീട് ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവരെയും തോൽപിച്ചു. ചെൽസിയോടു സമനില പിടിക്കുകയും ചെയ്തു. 19 കളികളിൽ 11 ജയവും 4 വീതം സമനിലയും തോൽവിയും ഉൾപ്പെടെ 37 പോയിന്റുമായിട്ടാണ് രണ്ടാമതു നിൽക്കുന്നത്. ഒരു മത്സരം കുറവു കളിച്ച ആർസനലും ചെൽസിയും തൊട്ടുപിന്നിലുണ്ടെങ്കിലും നോട്ടിങ്ങാം ആരാധകർ ആവേശത്തിലാണ്; പരിശീലകൻ നുനോ അവരോടു ‘സംയമനം’ പാലിക്കാൻ ഉപദേശിക്കുന്നുണ്ടെങ്കിലും. ‘‘സീസൺ പകുതി പിന്നിടുമ്പോൾ രണ്ടാമതെത്തുക എന്നതു കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. ഇതുവരെ ചാംപ്യൻസ് ലീഗ് ബെർത്ത് പോലും ഉറപ്പിച്ചിട്ടില്ല എന്നതാണ് സത്യം..’’
പോർച്ചുഗീസ് പരിശീലകന്റെ വാക്കുകൾ യാഥാർഥ്യ ബോധം നിറഞ്ഞതാണെങ്കിൽ ആരാധകർ സ്വപ്നലോകത്തു തന്നെയാണ്. 2016ൽ തങ്ങളുടെ അയൽക്കാരായ ലെസ്റ്റർ സിറ്റി പ്രിമിയർ ലീഗ് കിരീടം നേടിയതു പോലൊരു ഫിനിഷ്
ആണ് അവർ ആഗ്രഹിക്കുന്നത്. എന്നാൽ അതു സാക്ഷാൽക്കരിക്കപ്പെടണമെങ്കിൽ മികച്ച ഫോമിലുള്ള ലിവർപൂൾ കൂടി ‘സമ്മതിക്കേണ്ടി’ വരുമെന്നു മാത്രം. നിലവിൽ ഫോറസ്റ്റിനെക്കാൾ 8 പോയിന്റ് മുന്നിലാണ് ഒരു മത്സരം കുറവു കളിച്ച ലിവർപൂൾ. 18 കളികളിൽ 14 ജയവും 3 സമനിലയും ഒരു തോൽവിയുമായി 45 പോയിന്റാണ് ലിവർപൂളിനുള്ളത്. ആ ഒരേയൊരു തോൽവി ഫോറസ്റ്റിനു മുന്നിലായിരുന്നു!