വിനീസ്യൂസ് ജൂനിയർ ചുവപ്പുകാർഡ് കണ്ട് പുറത്തായിട്ടും 2 ഗോൾ തിരിച്ചടിച്ച് റയൽ; വലൻസിയയെ വീഴ്ത്തി
Mail This Article
മഡ്രിഡ് ∙ സൂപ്പർ താരം വിനീസ്യൂസ് ജൂനിയർ ചുവപ്പുകാർഡ് കണ്ടു പുറത്തായ സ്പാനിഷ് ലാലിഗ ഫുട്ബോൾ മത്സരത്തിൽ വലൻസിയയെ 2–1ന് തോൽപിച്ച് റയൽ മഡ്രിഡ്. 27–ാം മിനിറ്റിൽ ഹ്യുഗോ ഡുറോയുടെ ഗോളിൽ ആദ്യം ലീഡ് നേടിയത് വലൻസിയ ആയിരുന്നു. ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ വലൻസിയയ്ക്ക് സാധിച്ചു. 55–ാം കിലിയൻ എംബപെ റയലിന് പെനൽറ്റി കിക്ക് നേടിക്കൊടുത്തെങ്കിലും ഷോട്ട് എടുത്ത ജൂഡ് ബെലിങ്ങാമിന് ലക്ഷ്യം കാണാനായില്ല.
79–ാം മിനിറ്റിൽ വലൻസിയ ഗോൾകീപ്പറെ ഫൗൾ ചെയ്തതിന് വിനീസ്യൂസ് ചുവപ്പു കാർഡ് കണ്ടു പുറത്താവുക കൂടി ചെയ്തതോടെ സന്ദർശകർ തോൽവി ഉറപ്പിച്ചെങ്കിലും 85–ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ച് റയലിന്റെ സമനില ഗോൾ നേടി. ഇൻജറി ടൈം അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ ബെലിങ്ങാമിന്റെ (90+6) വകയായിരുന്നു റയലിന്റെ വിജയഗോൾ.
ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 18 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡ് തൊട്ടുപിന്നാലെയുണ്ട്.