ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ തകർപ്പൻ പ്രകടനവുമായി സമനില സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടർ തോൽവികളുമായി പരിശീലകൻ റൂബൻ അമോറിം കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ്, ലിവർപൂളിനെതിരെ ടീം കടുത്ത പോരാട്ടം കാഴ്ചവച്ച് 2–2ന് സമനില നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. ലീഡ് നേടിയ ശേഷം അതു കൈവിട്ട് പിന്നീട് ലീഡ് വഴങ്ങുകയും ചെയ്ത ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില സ്വന്തമാക്കിയത്. ഇതോടെ 1979നു ശേഷം ലീഗിൽ ആദ്യമായി നാലു തുടർ തോൽവികളെന്ന നാണക്കേടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കി.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം 52–ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ ഗോളിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡു നേടിയത്. ഏഴു മിനിറ്റിനുള്ളിൽ കോഡി ഗാക്പോയുടെ ഗോളിലൂടെ ലിവർ‌പൂൾ തിരിച്ചടിച്ചു. ഇതിനു പിന്നാലെ 70–ാം മിനിറ്റിൽ മാത്തിസ് ഡിലൈറ്റിന്റെ ഹാൻഡ്ബോളിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് സലാ ലിവർപൂളിന് ലീഡ് നൽകി. ഇതോടെ 175 പ്രീമിയർ ലീഗ് ഗോളുകളെന്ന തിയറി ഹെൻറിയുടെ റെക്കോർഡിനൊപ്പമെത്തി സലാ. തുടരെ നാലാം തോൽവിയിലേക്കാണ് ടീമിന്റെ കുതിപ്പെന്ന് ആരാധകർ ആശങ്കപ്പെടുന്നതിനിടെ, അമാദ് ഡയാലോയുടെ തകർപ്പൻ ഗോളിൽ യുണൈറ്റ‍ഡ് സമനില പിടിച്ചു. അവസാന നിമിഷം ലഭിച്ച അവസരം ഹാരി മഗ്വയർ പുറത്തേക്ക് അടിച്ച് കളഞ്ഞതോടെ ‘സമനില തെറ്റാതെ’ ഇരു ടീമുകൾക്കും മടക്കം.

സമനില നേടിയെങ്കിലും 20 കളികളിൽനിന്ന് ആറു ജയവും അഞ്ച് സമനിലയിലും സഹിതം 23 പോയിന്റുമായി യുണൈറ്റഡ് 13–ാം സ്ഥാനത്താണ്. സീസണിലെ നാലാം സമനില വഴങ്ങിയ ലിവർപൂൾ 46 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ആറു പോയിന്റിന്റെ ലീഡുമായി മുന്നേറുന്നു.

∙ സിറ്റിക്ക് ജയം, ചെൽസിക്ക് സമനില

ഒക്ടോബറിനു ശേഷം തുടർച്ചയായി 2 മത്സരങ്ങൾ ജയിച്ച് മാ‍ഞ്ചസ്റ്റർ സിറ്റി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, വെസ്റ്റ്ഹാം യുണൈറ്റഡിനെ 4–1നു തോൽപിച്ച സിറ്റി വിജയവഴിയിലേക്കു തിരിച്ചെത്തുന്നതിന്റെ അടയാളങ്ങളിലാണ്. എർലിങ് ഹാളണ്ടിന്റെ 2 ഗോളുകളാണ്, ഈ സീസണിൽ തോൽവികളാൽ തിരിച്ചടി നേരിടുന്ന വെസ്റ്റ്ഹാമിനെ തകർക്കാൻ സിറ്റിക്കു സഹായകമായത്.

പത്താം മിനിറ്റിൽ, വെസ്റ്റ്ഹാം ഡിഫൻഡർ വ്ലാഡിമർ കൗഫലിന്റെ സെൽഫ് ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡെടുത്തു. 42, 55 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. 58–ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി നാലാം ഗോളും നേടി. 71–ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രൂഗിലൂടെ വെസ്റ്റ്ഹാം ഒരു ഗോൾ മടക്കിയത് ഒഴിവാക്കിയാൽ സിറ്റിയുടെ സമഗ്രാധിപത്യമായിരുന്നു കളം നിറയെ.

ജയിച്ചെങ്കിലും 20 കളിയിൽ 34 പോയിന്റുമായി പട്ടികയിൽ 6–ാം സ്ഥാനത്താണു സിറ്റി. ഒന്നാമതുള്ള ലിവർപൂളിന് 19 കളിയിൽ 46 പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരായ ആർസനൽ ബ്രൈട്ടണുമായി 1–1 സമനില വഴങ്ങിയതു തിരിച്ചടിയായി. ആർസനലിന് 20 കളിയിൽ 40 പോയിന്റ്. 19 കളിയി‍ൽ 37 പോയിന്റുമായി മൂന്നാമതുള്ള നോട്ടിങ്ങാം ഫോറസ്റ്റിനെ മറികടക്കാനുള്ള സുവർണാവസരം ചെൽസിയും പാഴാക്കി. ക്രിസ്റ്റൽ പാലസുമായി 1–1 സമനില. 4–ാം സ്ഥാനക്കാരായ ചെൽസിക്ക് 20 കളിയിൽ 36 പോയിന്റ്.

English Summary:

Amad Diallo grabs draw as Manchester United finally stand up at Liverpool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com