16 മിനിറ്റിനിടെ ബ്ലാസ്റ്റേഴ്സിന് 2 ചുവപ്പുകാർഡ്, 9 പേരുമായി പൊരുതിയത് 22 മിനിറ്റ്; തിരുവോണ ദിനത്തിലെ തോൽവിക്ക് പ്രതികാരം– വിഡിയോ
Mail This Article
ന്യൂഡൽഹി ∙ തിരുവോണ ദിനത്തിൽ മുടങ്ങിയ വിജയസദ്യ പുതുവർഷത്തിൽ പഞ്ചാബ് എഫ്സിയുടെ വീട്ടുമുറ്റത്തിരുന്നുണ്ട് കേരള ബ്ലാസ്റ്റേഴ്സ്. മൂടൽമഞ്ഞ് പൊതിഞ്ഞുനിന്ന ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആവേശച്ചൂട് പകർന്ന്, പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 1–0 ജയം. കഴിഞ്ഞ തിരുവോണ ദിനത്തിൽ ഇരുടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് 2–1ന് വിജയിച്ചിരുന്നു.
44–ാം മിനിറ്റിൽ നോവ സദൂയി, പെനൽറ്റി കിക്കിലൂടെ പഞ്ചാബിന്റെ ഗോൾവല കുലുക്കിയതോടെ ആദ്യപകുതിയിൽ തന്ന ആധിപത്യമുറപ്പിച്ചു കൊമ്പൻമാർ. 58-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചും 74-ാം മിനിറ്റിൽ അയ്ബൻ ഡോലിങ്ങും ചുവപ്പ് കാർഡു കണ്ടു പുറത്തായതോടെ വെറും ഒൻപതുപേരുമായി പഞ്ചാബിന്റെ സിംഹങ്ങളെ അനങ്ങാൻ വിടാതെ പൂട്ടിയ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര വിജയമുറപ്പിച്ചു.
മുട്ടുകൂട്ടിയിടിക്കുന്ന തണുപ്പിലും പാഞ്ഞുകയറി ആക്രമിച്ചാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. കോർണറുകളും ഫ്രീകിക്കുകളും വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തെ പഞ്ചാബ് പ്രതിരോധിച്ചത്. ആദ്യ 40 മിനിറ്റിനുള്ളിൽ 8 ഫ്രീ കിക്കും 5 കോർണറുമാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. എന്നാൽ തുടരെത്തുടരെ ലഭിച്ച കോർണറുകളൊന്നും കേരള ടീമിനു മുതലാക്കാനുമായില്ല.
27–ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ നോവയുടെ പാഞ്ഞുകയറ്റം ബോക്സിനകത്തുവച്ച് പഞ്ചാബിന്റെ അസിസി തടഞ്ഞതോടെ ഉയർന്നു പൊങ്ങിയ പന്ത് അഡ്രിയാൻ ലൂണയുടെ കാൽക്കീഴിൽ. സെക്കൻഡ് പോസ്റ്റ് ലക്ഷ്യമിട്ട് വെടിയുണ്ട കണക്കെ ലൂണ തൊടുത്ത ഷോട്ട് പക്ഷേ, പഞ്ചാബ് ഗോളി മുഹീത് ഷബീർ ഇടതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് വായുവിൽ ഒരു കൈ കൊണ്ട് പുറത്തേക്കു തട്ടിയകറ്റി. അടുത്ത നിമിഷം തന്നെ കൗണ്ടർ അറ്റാക്കിലൂടെ ലഭിച്ച മികച്ചൊരു അവസരം പഞ്ചാബിന്റെ മലയാളി താരം നിഹാലിനു ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
ഇടതു വിങ്ങിലൂടെ പഞ്ചാബിനു നിരന്തരം ഭീഷണി സൃഷ്‌ടിച്ച നോവയായിരുന്നു ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ടാർഗറ്റ് മാൻ. 43–ാം മിനിറ്റിൽ ഡിഫൻസിൽ നിന്ന് ലഭിച്ച ഒരു ലോങ്ങ് ബോൾ അനായാസം വരുതിയിലാക്കി പെനൽറ്റി ബോക്സിനുള്ളിലേക്ക് കുതിച്ച നോവയെ പഞ്ചാബ് ഡിഫൻഡർ സുരേഷ് മെയ്തേയ് ഫൗൾ ചെയ്തു, പെനൽറ്റി!!! ലഭിച്ച അവസരം ഗോൾ പോസ്റ്റിന്റെ വലതു മൂലയിലേക്ക് നോവ സദൂയി തൊടുത്തുവിട്ടതോടെ 44–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നു.
കഴിഞ്ഞ ആറു കളികളിലായി ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താനാകാത്തതിന്റെ പഴി ബ്ലാസ്റ്റേഴ്സ് ഇന്നലെ തീർത്തു. 2 പേർ ചുവപ്പുകാർഡ് കണ്ടതോടെ അവസാന 22 മിനിറ്റുകൾ 9 പേരുമായാണ് ബ്ലാസ്റ്റേഴ്സ് പൊരുതിയത്. 15 മത്സരങ്ങളിൽ 17 പോയിന്റുമായി പട്ടികയിൽ 9–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എട്ടാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 13ന് ഒഡീഷ എഫ്സിക്കെതിരെ കൊച്ചിയിൽ.