അവസാന മിനിറ്റിൽ കളി തിരിച്ചു, ഒഡീഷയ്ക്ക് ആവേശ സമനില; അരങ്ങേറ്റത്തിൽ തകർത്ത് കെ.പി. രാഹുൽ
Mail This Article
ചെന്നൈ∙ ഒഡീഷ എഫ്സി ജഴ്സിയിലെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി മലയാളി താരം കെ.പി. രാഹുൽ. ഇന്ത്യൻ സൂപ്പര്‍ ലീഗിൽ ചെന്നൈയിൻ എഫ്സിയെ ഒഡീഷ 2–2ന് സമനിലയിൽ തളച്ചു. മത്സരത്തിന്റെ അധിക സമയത്ത് ഒഡീഷയുടെ രണ്ടാം ഗോളിനു വഴിയൊരുക്കിയത് മലയാളി താരത്തിന്റെ നീക്കമായിരുന്നു. പന്തു വലയിലെത്തിക്കാൻ രാഹുൽ നടത്തിയ ശ്രമം ചെന്നൈയിൻ ഗോളി മുഹമ്മദ് നവാസിന്റെ ശരീരത്തിൽ തട്ടി വലയിലെത്തുകയായിരുന്നു.
ചെന്നൈയിൻ താരത്തിന്റെ സെൽഫ് ഗോളോടെ സ്കോർ 2–2 എന്ന നിലയിലായി. 48, 53 മിനിറ്റുകളിൽ വിൽമർ ജോർദാൻ ഗില്ലിന്റെ ഗോളുകളിലൂടെ ചെന്നൈയിൻ മുന്നിലെത്തിയെങ്കിലും ഒഡീഷ കളി തിരിച്ചുപിടിച്ചു. 80–ാം മിനിറ്റിൽ ഡോരിയാണ് ഒഡീഷയുടെ ആദ്യ ഗോൾ നേടിയത്. 15 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി ഒഡീഷ പോയിന്റ് പട്ടികയിലെ ഏഴാം സ്ഥാനക്കാരാണ്. കഴിഞ്ഞ ദിവസമാണ് രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ഒഡീഷയിൽ ചേർന്നത്.
കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ് ഒഡീഷയുടെ അടുത്ത മത്സരം. തിങ്കളാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ രാഹുല്‍ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനിറങ്ങും. ഐഎസ്എൽ 2024–25 സീസണിൽ 12 മത്സരങ്ങൾ കളിച്ച രാഹുൽ ഇതുവരെ ഒരു ഗോൾ മാത്രമാണു നേടിയത്.