ADVERTISEMENT

ഇന്ന് രാജ്യാന്തര ചെസ് ദിനം. രാജ്യത്തിന്റെയും വർഗത്തിന്റെയും െജൻഡറിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാത്ത കളിയെന്ന നിലയിലാണ്, യുനെസ്കോ രാജ്യാന്തര ചെസ് ദിനം കൊണ്ടാടുക എന്ന ആശയം പ്രഖ്യാപിച്ചത്. ചെസിനെ ജനപ്രിയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) രൂപം കൊണ്ടിട്ട് 100 വർഷം തികയുന്നുവെന്ന പ്രത്യേകതയും ഇത്തവണ ലോക ചെസ് ദിനത്തിനൊപ്പമുണ്ട്.

ചെസിന് പൊതു ചട്ടങ്ങളും നിയമാവലിയും കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1924ൽ പാരിസിൽ രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) സ്ഥാപിതമായ ദിനത്തിലാണ്, യുനെസ്കോ രാജ്യാന്തര ചെസ് ദിനവും പ്രഖ്യാപിച്ചത്. 2019 ഡിസംബർ 12നാണ് യുഎൻ ജനറൽ അസംബ്ലി ലോക ചെസ് ദിനത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്.

ചെസ് എന്ന കളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ചതുരംഗമാണ് ചെസ് ആയി രൂപാന്തരപ്പെട്ടതെന്നാണ് പരക്കെ അംഗീകരിക്കപ്പെടുന്നത്. ഇന്ത്യയിൽനിന്ന് അറേബ്യയിലെത്തി, യൂറോപ്പിൽ പ്രചരിക്കുന്നതിനിടെ കളിയിലും പേരിലും ഒട്ടേറെ മാറ്റങ്ങളുണ്ടായി. ഇന്ന് ലോകമെമ്പാടും ചെസിന് ആരാധകരേറെയാണ്. മറ്റു കളികളെ അപേക്ഷിച്ച് സങ്കീർണമായ ബുദ്ധിവിനോദമാണെങ്കിലും കളിക്കാർക്കൊപ്പം കളികാണുന്നവനും മാനസികമായ വികാസവും ഉല്ലാസവും നൽകുന്നു എന്നതാണ് ചെസിന്റെ പ്രത്യേകത. 

അനൗദ്യോഗികമായ ചെസ് ചാംപ്യൻഷിപ്പുകൾ നടന്നിരുന്നുവെങ്കിലും ആദ്യത്തെ ഔദ്യോഗിക ലോക ചെസ് ചാംപ്യൻഷിപ് നടക്കുന്നത് 1886ലാണ്. അതു വിജയിച്ച വില്യം സ്റ്റീനിറ്റ്സ് ആദ്യ ലോക ചാംപ്യനുമായി.

ഇത്തവണ രാജ്യാന്തര ചെസ് ദിനം ആഘോഷിക്കുമ്പോൾ ഇന്ത്യയ്ക്ക് ഒരു സന്തോഷം കൂടിയുണ്ട്. ഫിഡെ റാങ്കിങ്ങിന്റെ ആദ്യ പത്തിൽ നിലവിൽ മൂന്ന് ഇന്ത്യക്കാരുണ്ട്, ആദ്യ പതിനൊന്നിൽ നാല് ഇന്ത്യക്കാരും. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഇന്ത്യക്കാർ റാങ്കിങ്ങിൽ മുന്നിൽ വരുന്നത്. നാലാമതുള്ള അർജുൻ എരിഗെയ്സിയാണ് ഇന്ത്യക്കാരിലെ മുൻപൻ. ഡി.ഗുകേഷ് ഏഴാമതും ആർ.പ്രഗ്‌നാനന്ദ എട്ടാം സ്ഥാനത്തുമുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരം വിശ്വനാഥൻ ആനന്ദാണ് റാങ്കിങ്ങിൽ പതിനൊന്നാമത്. വനിതകളിൽ കൊനേരു ഹംപി ഏഴാമതും ഡി.ഹരിക പതിനൊന്നാം സ്ഥാനത്തുമുണ്ട്.

English Summary:

International Chess Day 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com