ADVERTISEMENT

ലോകത്തിനു മുന്നിൽ പാരിസിന്റെ മേൽവിലാസമാണ് ഐഫൽ ടവർ. ഈജിപ്തിനു പിരമിഡ് പോലെ... ഇന്ത്യയ്ക്കു താജ് മഹൽ പോലെ... ചൈനയ്ക്കു വൻമതിൽ പോലെ... പാരിസിലേക്കു യാത്ര പോയെന്നു പറഞ്ഞാൽ ആരും ചോദിക്കുക, ഐഫൽ ടവർ കണ്ടോ എന്നായിരിക്കും. പാരിസ് നഗരമധ്യത്തിൽനിന്ന് അഞ്ചരക്കിലോമീറ്ററോളം പടിഞ്ഞാറുമാറി തലയുയർത്തി നിൽക്കുകയാണ് ആ ഉത്തരം. പാരിസിനെ തഴുകിയൊഴുകുന്ന സെൻ നദിക്കരയിലാണു ഗുസ്താവ് ഐഫൽ എന്ന എൻജിനീയറുടെ നേതൃത്വത്തിൽ ആകാശപ്പൊക്കത്തിൽ ഗോപുരം പണിതുയർത്തിയത്. 

300 മീറ്റർ ഉയരത്തിൽ മേഘങ്ങളെ തൊട്ടുനിൽക്കുന്ന ഐഫലിന്റെ താഴെയെത്തുമ്പോൾ കാഴ്ചക്കാർ കുട്ടികളെപ്പോലെയാകും. ആകാശത്തേക്കു നോക്കിയാൽ മേഘങ്ങൾക്കൊപ്പം ഐഫലും ഒഴുകി നീങ്ങുന്നതുപോലെ....

LISTEN ON

ഇന്നലെ രാവിലെ ഐഫൽ ടവർ കാണാനെത്തുമ്പോൾ തിരക്ക് പൊതുവേ കുറവ്. സുരക്ഷാഭടൻമാരുടെ നിയന്ത്രണമുള്ളതിനാൽ എല്ലാ വഴികളിലൂടെയും പ്രവേശനമില്ല. ഫിലിപ്പീൻസിൽനിന്നു വന്ന റോസലും ഭർത്താവ് ക്രിസ്റ്റിനും ടവറിനെ സാക്ഷിനിർത്തി സെൽഫിയെടുക്കുന്ന തിരക്കിലാണ്. ദക്ഷിണ കൊറിയയിൽനിന്നു കുടുംബസമേതം വന്ന കേ സിയാങ് മുകളിലേക്കു കയറാതെ താഴെനിന്ന് ടവറിന്റെ ഭംഗി ആസ്വദിച്ചു മടങ്ങുകയാണ്. 

ഒളിംപിക് വളയങ്ങൾ ടവറിൽ സ്ഥാപിച്ചിട്ടുണ്ട്. രാത്രിയായാൽ ദീപശോഭയിൽ തിളങ്ങും. സുരക്ഷാ പരിശോധനയ്ക്കുശേഷം അകത്തേക്കു കയറിയാൽ ടിക്കറ്റ് കൗണ്ടറുണ്ട്. രണ്ടാം നിലയിലേക്കു മാത്രമായി ടിക്കറ്റെടുക്കാം. ഏറ്റവും മുകളിലേക്കു പോകാൻ കൂടിയ നിരക്കാണ്. 

ഇരുമ്പുകൊണ്ടു നിർമിച്ച ടവറിന്റെ ഓരോ ഭാഗവും എൻജിനീയറിങ് മികവിന്റെ ഉദാഹരണമാണ്. ഒന്നാം നില, രണ്ടാം നില, ഏറ്റവും മുകളിലെ നില എന്നിങ്ങനെ മൂന്നിടങ്ങളിലേ സഞ്ചാരികൾക്കു പ്രവേശനമുള്ളൂ. പടികൾ കയറിയാൽ രണ്ടാംനില വരെയേ എത്താനാവൂ. ലിഫ്റ്റിൽ മൂന്നിടത്തേക്കും പോകാം. 1,2 നിലകളിൽ ഭക്ഷണശാല ഉൾപ്പെടെയുണ്ട്. ഏറ്റവും മുകൾനിലയിൽ, ഗുസ്താവ് ഐഫലിന്റെ ഓഫിസ് അതേപടി ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. അതിനുള്ളിൽ, ഐഫലിന്റെ പ്രതിമയും കാഴ്ചക്കാരെ കാത്തിരിക്കുന്നു.

  രണ്ടാം നിലയിലൂടെ സംസാരിച്ചു നീങ്ങുന്നതിനിടെ ഒരു വിളി: ചേട്ടാ, നാട്ടിലെവിടാ? ദൈവമേ, ഐഫലിനു മുകളിലും മലയാളിയോ? നോക്കുമ്പോൾ ടവറിന്റെ ഉയരവും ടവറിൽനിന്നുള്ള കാഴ്ചകളും ഇംഗ്ലിഷിൽ സഞ്ചാരികൾക്കു വിശദീകരിച്ചു കൊടുക്കുന്ന യുവാവ്. കൊല്ലം സ്വദേശി. ബിരുദാനന്തരബിരുദ പഠനത്തിനായി പാരിസിൽ വന്നതാണ്. ഇപ്പോൾ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. ഒപ്പം, ഒരു ട്രാവൽ ഏജൻസിയും നടത്തുന്നു. ജോലിയിൽ ഒഴിവുകിട്ടുമ്പോൾ സഞ്ചാരികൾക്കൊപ്പം ടവറിലെത്തും. സ്വന്തമായി സ്ഥാപനം തുടങ്ങിയതു വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കാത്തതിനാൽ പേരു കൊടുക്കരുതെന്ന് അഭ്യർഥിച്ച് ഇത്രയും വിവരങ്ങൾ യുവാവ് പങ്കുവച്ചു. 

 ഐഫലിന്റെ ഏറ്റവും മുകൾനിലയിൽനിന്നു നോക്കുമ്പോൾ തീപ്പെട്ടിക്കൂടുകൾ അടുക്കിവച്ചതുപോലെ പാരിസ് നഗരം. അങ്ങകലെ, നോത്രദാം പള്ളിയുടെ ഗോപുരങ്ങൾ.     ഒരു വശത്തുകൂടി അലസമായി ഒഴുകുന്ന സെൻ. മറ്റൊരു വശത്ത് മോണ്ട്പാർനാ ടവർ.     കാഴ്ചകൾക്ക് അവസാനമില്ല.   നന്ദി, ഗുസ്താവ്... ഈ വിസ്മയ ഗോപുരം    സൃഷ്ടിച്ചതിന്...!

English Summary:

Malayali in Eiffel Tower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com