ഫോണുമായി നിൽക്കുന്നതു കണ്ടപ്പോൾ സൂപ്പർതാരത്തിന്റെ ക്ഷണം; നദാലിനൊപ്പം ഒരു സെൽഫിക്കഥ
Mail This Article
അത്‌ലീറ്റുകൾ താമസിക്കുന്ന ഒളിംപിക് വില്ലേജിന്റെ കഥ തേടിയാണു രാവിലെ ബസിൽ കയറിയത്. വില്ലേജിനു സമീപമെത്തി പ്രത്യേക പാസ് വാങ്ങി അവിടെയുള്ള മീഡിയ സെന്ററിലേക്കു കയറി. അതാ, പരിചയമുള്ള കുറെ മുഖങ്ങൾ നിരനിരയായി ഇരിക്കുന്നു. സ്വപ്നമല്ലല്ലോ എന്ന് ഒന്നുകൂടി ഉറപ്പിച്ചു.
മാധ്യമസമ്മേളനത്തിനു സാക്ഷാൽ റാഫേൽ നദാലും സ്പെയിൻ താരങ്ങളും ഇരിക്കുന്നു. റൊളാങ് ഗാരോസിലെ കളിമൺ കോർട്ടിലൂടെ വെടിയുണ്ട പോലെ പാഞ്ഞ എയ്സുകൾ മനസ്സിൽ നിറഞ്ഞു. ഹെഡ് ബാൻഡ് അണിഞ്ഞ് കോർട്ടിൽ കാളക്കൂറ്റനെപ്പോലെ മുരളുന്ന താരമല്ല. മുടി ചീകിയൊതുക്കി, ചിരിയുടെ വോളികൾ പായിച്ച്, സൗഹാർദ ഭാവത്തിൽ സുമുഖനായി റാഫ മുന്നിൽ.
നദാൽ മാത്രമല്ല, പുരുഷ ടീം ക്യാപ്റ്റൻ ഡേവിഡ് ഫെററും വിമ്പിൾഡൻ ചാംപ്യൻ കാർലോസ് അൽകാരസും അടക്കം സ്പെയിൻ താരങ്ങളെല്ലാവരുമുണ്ട്. സ്പാനിഷ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ അളന്നു കുറിച്ച സെർവുകൾ പോലെ അന്തരീക്ഷത്തിലുയർന്നു. നീണ്ട റാലികൾപോലെ നീട്ടിയും കുറുക്കിയും നദാലും ഫെററും അൽകാരസും മറുപടി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന യൂറോ സ്പോർട്സ് ലേഖകൻ സ്പെയിൻകാരനായ ലൂയി ഹോസെ അൽപനേരത്തേക്കു പരിഭാഷകന്റെ റോൾ ഏറ്റെടുത്ത് സഹായിച്ചു.
ഡബിൾസിൽ നദാലും അൽകാരസും ഒന്നിക്കുമെന്നു ഫെറർ പ്രഖ്യാപിച്ചപ്പോൾ ഉയർന്നത് ഉഗ്രൻ കയ്യടി. മുപ്പത്തിയെട്ടുകാരൻ നദാലും ഇരുപത്തൊന്നുകാരൻ അൽകാരസും ഒന്നിച്ചുള്ള അപൂർവ കോംബോ. സ്വർണം നേടി നദാലിനു യാത്രയയപ്പ് കൊടുക്കാനാണു സ്പെയിനിന്റെ ശ്രമമെന്നു ഫെറർ പറഞ്ഞു. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായ അൽകാരസിനു ഒളിംപിക്സ് മത്സരങ്ങൾ വിജയമണ്ണിലേക്കുള്ള തിരിച്ചുവരവാണ്. ഇരുവരും സിംഗിൾസിലും സ്പെയിനിനായി മത്സരിക്കുമെന്നു ഫെറർ അറിയിച്ചു.
ചോദ്യങ്ങൾ നദാലിന്റെ കോർട്ടിലേക്ക്...
‘‘22–ാം വയസ്സിൽ ഒളിംപിക്സിൽ മത്സരിച്ചയാളാണു ഞാൻ. സൗഹൃദത്തിന്റെയും സമത്വത്തിന്റെയും വേദിയാണിത്. മത്സരിക്കാനെത്തുന്ന താരങ്ങൾ, പ്രമുഖരും അല്ലാത്തവരും, ചെറിയ സൗകര്യങ്ങൾ മാത്രമുള്ള അപാർട്മെന്റുകളിൽ താമസിച്ച്, ഒരേ ഹാളിലിരുന്നു ഭക്ഷണം കഴിച്ച്, മത്സരിക്കാനിറങ്ങുന്ന ഇടം. ഇത്തവണയും ഞാൻ വില്ലേജിൽ മറ്റു കളിക്കാർക്ക് ഒപ്പമാണു താമസിക്കുന്നത്. ’ നദാലിനൊപ്പം ഡബിൾസിൽ മത്സരിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണെന്ന് അൽകാരസും പറഞ്ഞതോടെ മാധ്യമസമ്മേളനത്തിനു വിരാമം.
പുറത്തേക്കു പോകുന്നതിനായി ഞങ്ങളുടെ ഇടയിലേക്ക്. ഫോണുമായി നിൽക്കുന്നതു കണ്ടപ്പോൾ ഫോട്ടോയ്ക്കായി നദാൽ ക്ഷണിച്ചു. ഒപ്പം നിന്നൊരു സെൽഫി. ടെന്നിസിലെ ആരാധനാമൂർത്തിക്കൊപ്പം അസുലഭ നിമിഷം... സ്വപ്നം തോളോടുതോൾ ചേർന്നുനിന്ന മുഹൂർത്തം... ഫാൻ ബോയ് മൊമന്റ്... നന്ദി നദാൽ...