ആദ്യ ഒളിംപിക്സ് പോരാട്ടത്തിൽ എച്ച്.എസ്. പ്രണോയിക്കു വിജയം, ടെന്നിസിൽ സുമിത് നാഗലിനു തോൽവി
Mail This Article
പാരിസ്∙ ഒളിംപിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റന്‍ ആദ്യ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിക്കു വിജയം. ജർമൻ താരം ഫാബിയൻ റോത്തിനെയാണ് പ്രണോയ് കരിയറിലെ ആദ്യ ഒളിംപിക്സ് മത്സരത്തിൽ തോല്‍പിച്ചത്. സ്കോർ– 21–18, 21–12. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ വിയറ്റ്നാമിന്റെ ലെ ഡുക് പാറ്റാണ് പ്രണോയിയുടെ എതിരാളി. നേരത്തേ ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ ഇന്ത്യന്‍ താരം പി.വി. സിന്ധുവും ആദ്യ മത്സരത്തിൽ വിജയിച്ചിരുന്നു.
ടെന്നിസിൽ ഇന്ത്യൻ പ്രതീക്ഷയായ സുമിത് നാഗൽ തോൽവി വഴങ്ങി. ഫ്രാൻസിന്റെ കോറെന്റിൻ മൗടെറ്റിനോടാണ് ഇന്ത്യൻ താരം വീണത്. സ്കോർ: 2-6,6-2,5-7. അമ്പെയ്ത് ടീമിനത്തിൽ ഇന്ത്യൻ വനിതകളും നിരാശപ്പെടുത്തി. ദീപിക, അങ്കിത, ഭജൻ എന്നിവർ നെതർലൻഡ്സിനോട് 6–0നാണ് തോറ്റത്. ടേബിൾ ടെന്നിസ് വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം മണിക ബത്രയും അടുത്ത റൗണ്ടിലേക്കു മുന്നേറി. വെയ്ൽസ് താരം അന്ന ഹർസിയെയാണ് മണിക തോൽപിച്ചത്. അടുത്ത റൗണ്ടിൽ ഫ്രാൻസിന്റെ ഇന്ത്യൻ വംശജയായ താരം പ്രിതിക പവദെയാണ് മണികയുടെ എതിരാളി.
50 കിലോ ബോക്സിങ് വനിതാ വിഭാഗത്തിൽ പ്രീക്വാർട്ടറിലെത്തിയ ഇന്ത്യൻ താരം നിഖാത് സരീന് കരുത്തയായ എതിരാളിയെയാണ് നേരിടേണ്ടത്. ചൈനയുടെ വു യു ആണ് അടുത്ത റൗണ്ടിൽ ഇന്ത്യൻ താരത്തെ നേരിടുക. നിഖാത് 50 കിലോ വിഭാഗത്തിലേയും വു യു 52 കിലോയിലേയും ലോകചാംപ്യൻമാരാണ്.