രക്ഷകനായി അവതരിച്ച് ക്യാപ്റ്റൻ; തോൽവി ഉറപ്പിച്ച മത്സരത്തിൽ അർജന്റീനയെ പിടിച്ചുകെട്ടി ഇന്ത്യ– വിഡിയോ
Mail This Article
പാരിസ്∙ മത്സരം തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ, ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. 59–ാം മിനിറ്റിൽ ഹർമൻപ്രീത് നേടിയ പെനൽറ്റി കോർണർ ഗോളിലൂടെ പുരുഷ ഹോക്കിയിൽ മുൻ ചാംപ്യന്മാരായ അർജന്റീനയ്ക്കെതിരെ ഇന്ത്യ 1–1 സമനിലയുമായി രക്ഷപ്പെട്ടു. 22–ാം മിനിറ്റിൽ ലൂക്കാസ് മാർട്ടിനസിന്റെ ഗോളിലൂടെ ലീഡ് നേടിയ അർജന്റീനയ്ക്ക് ഒരു ഗോൾ കൂടി നേടാൻ അവസരം ലഭിച്ചതായിരുന്നു. എന്നാൽ, 36–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി സ്ട്രോക്ക് മയ്ക്കോ കസെല്ല പാഴാക്കി.
പൂൾ ബിയിൽ നാലു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 6 പോയിന്റ് വീതമുള്ള ബൽജിയവും ഓസ്ട്രേലിയയുമാണ് മുന്നിൽ. ഇന്നു വൈകിട്ട് 4.45ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ആദ്യ മത്സരത്തിൽ അവസാന സമയത്ത് ഹർമൻപ്രീത് നേടിയ ഗോളാണ് ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചത്. പരാജയത്തിന്റെ വക്കിൽവച്ച് ഇത്തവണയും ഹർമൻപ്രീത് നായകന്റെ പ്രകടനം പുറത്തെടുത്തു. അവസാന നിമിഷങ്ങളിൽ ഇന്ത്യയ്ക്കു തുടരെ ലഭിച്ച നാലാമത്തെ പെനൽറ്റി കോർണറാണ് നിർണായകമായത്. ഹാർദിക്കിന്റെ പെനൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് ചെയ്ത ഫ്ലിക്ക് ഗോളായി.
‘ഡി’യുടെ പുറത്ത് പന്ത് പോയില്ലെന്നു അർജന്റീന വാദിച്ചെങ്കിലും റഫറിയുടെ പരിശോധനയിൽ അതു തെറ്റാണെന്നു കണ്ടെത്തി. തുടർന്നാണ് ഗോൾ അനുവദിച്ചത്. സമനില ഗോൾ പിറക്കുന്നതിനു മുൻപ് ഇന്ത്യ 9 പെനൽറ്റി കോർണറുകൾ പാഴാക്കിയിരുന്നു.
2016 ഒളിംപിക്സ് ജേതാക്കളായ അർജന്റീന ശക്തമായ പ്രകടനമാണ് ഇന്ത്യയ്ക്കെതിരെ പുറത്തെടുത്തത്. മിക്ക സമയത്തും അവരാണ് കളി നിയന്ത്രിച്ചതും. ഗോൾരഹിതമായ ആദ്യ ക്വാർട്ടറിനു പിന്നാലെ ഇരു ടീമുകളും ആക്രമണം ശക്തമാക്കിയതിനിടെയായിരുന്നു അർജന്റീനയുടെ ഗോൾ. ആദ്യ പകുതി പൂർത്തിയായപ്പോൾ അർജന്റീന 1–0നു മുന്നിലായിരുന്നു. മൂന്നാം ക്വാർട്ടറിൽ ലഭിച്ച പെനൽറ്റി സ്ട്രോക്ക് കസെല്ല പാഴാക്കിയത് അവർക്കു വൻതിരിച്ചടിയായി.