ADVERTISEMENT

മലയാളി താരം എച്ച്.എസ്.പ്രണോയിയുടെ സിംഗിൾസ് മത്സരത്തിനു ബാഡ്മിന്റൻ വേദിയായ പോർട്ട് ദെ ലാ ഷപ്പേലിലേക്കു പോകാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് ഒരു വൊളന്റിയറെ പരിചയപ്പെട്ടത്. യാത്രാവിവരങ്ങൾ തിരക്കിയ ശേഷം വഴികാട്ടിയായി ആ പെൺകുട്ടി യാത്രയിൽ ചേർന്നു.

ഫാത്തിമ എന്നാണു പേര്. വയസ്സ്: 21. സ്വദേശം: ഐവറി കോസ്റ്റ്. ലോകം ആരാധിക്കുന്ന മുൻ ഫുട്ബോൾ സൂപ്പർ താരം ദിദിയേ ദ്രോഗ്ബയുടെ നാട്ടുകാരി. ദ്രോഗ്ബയെപ്പറ്റി ചോദിച്ചപ്പോൾ വാ തോരാതെ സംസാരിച്ചു. ഞങ്ങളുടെ നാട്ടിലും ദ്രോഗ്ബയ്ക്ക് ആരാധകരുണ്ടെന്നു പറഞ്ഞപ്പോൾ ഫാത്തിമയ്ക്ക് അതിശയം.

ഐവറി കോസ്റ്റിനെ നിങ്ങൾ വിളിക്കുന്നത് മറ്റൊരു പേരിലല്ലേ എന്നു ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടു ഫാത്തിമ പറഞ്ഞു: ‘അതെ. കോട്ട് ദ് വാ (Cote d'Ivoire).’ ഫാത്തിമ ജനിച്ചത് ഇറ്റലിയിലാണ്. പിതാവ് നിർമാണത്തൊഴിലാളിയാണ്. പിന്നീടു ലണ്ടനിലേക്കു കുടുംബത്തോടൊപ്പം താമസം മാറി.  ഇപ്പോൾ ലണ്ടനിൽ യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. ഇനി രണ്ടുവർഷത്തെ പഠനം ബാക്കിയുണ്ട്. ഒളിംപിക്സ് കഴിഞ്ഞു മടങ്ങിയാൽ 5 മാസത്തേക്കു സ്വിറ്റ്സർലൻഡിലേക്കു പോകും. അവിടെ 5 മാസത്തെ ഇന്റേൺഷിപ്പുണ്ട്.

കരാട്ടെ ബ്ലാക്ക് ബെൽറ്റുകാരിയായ ഫാത്തിമ നീന്തൽ താരം കൂടിയാണ്. മൈക്കൽ ഫെൽപ്സിന്റെ വലിയ ആരാധികയാണ്. അധ്യാപിക ആകണമെന്നാണ് ആഗ്രഹം.

ഒളിംപിക്സിനെപ്പറ്റി അറിഞ്ഞതു മുതൽ എങ്ങനെ അതിന്റെ ഭാഗമാകാമെന്ന തെരച്ചിലിൽ ആയിരുന്നു. ഒടുവിൽ വൊളന്റിയറാകാൻ വെബ്സൈറ്റിലൂടെ അപേക്ഷ നൽകി. പാരിസ് യാത്രയ്ക്കുള്ള ചെലവ് പഠനത്തോടൊപ്പം ജോലി ചെയ്തു കണ്ടെത്തി. നഗരത്തിനു പുറത്ത് ഹോട്ടൽ നടത്തുന്ന അമ്മാവന്റെ വീട്ടിലാണു പാരിസിലെ താമസം. വൊളന്റിയർമാർക്കു സംഘാടകർ ഭക്ഷണമൊരുക്കും, വേദികളിൽനിന്നു വേദികളിലേക്കു യാത്രയ്ക്കുള്ള സൗകര്യവുമൊരുക്കും. ബാക്കി ചെലവുകൾക്കുള്ള പണം സ്വയം കണ്ടെത്തണം.

English Summary:

A volunteer from Ivory Coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com