ടേബിൾ ടെന്നിസിൽ പുതുചരിത്രമെഴുതി മനിക ബത്ര; സിംഗിൾസിൽ പ്രീതികയെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ
Mail This Article
പാരിസ്∙ ടേബിൾ ടെന്നിസ് വനിതാ സിംഗിൾസ് മത്സരത്തിൽ പുതുചരിത്രമെഴുതി ഇന്ത്യയുടെ മനിക ബത്ര പ്രീക്വാർട്ടറിൽ. ഇന്ത്യൻ വംശജയായ ഫ്രഞ്ച് താരം പ്രീതിക പാവഡെയെ 11-9, 11-6, 11-9, 11-7 എന്നിങ്ങനെ 4–0ന് തോൽപ്പിച്ചാണ് മനിക ബത്ര പ്രീക്വാർട്ടറിലേക്കു മുന്നറിയത്. പ്രീക്വാർട്ടറിൽ മിയു ഹിരാനോ – ചെങ്ഷു ഷൂ മത്സര വിജയികളാണ് മനികയുടെ എതിരാളികൾ.
ഇതോടെ ഒളിംപിക്സിൽ ടേബിൾ ടെന്നിസ് സിംഗിൾസിൽ പ്രീക്വാർട്ടറിലേക്കു മുന്നേറുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും മനിക സ്വന്തമാക്കി. 2018ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവാണ് ഇരുപത്തൊൻപതുകാരിയായ മനിക. ലോകറാങ്കിങ്ങിൽ നിലവിൽ 28–ാം സ്ഥാനത്തുള്ള മനിക ബത്ര, 18–ാം റാങ്കുകാരിയായ പ്രീതികയ്ക്കെതിരെ തകർപ്പൻ പോരാട്ടം കാഴ്ചവച്ചാണ് വിജയം പിടിച്ചെടുത്തത്.
2003ലാണ് പുതുച്ചേരി സ്വദേശികളായ പ്രീതികയുടെ മാതാപിതാക്കൾ ഫ്രാൻസിലേക്ക് കുടിയേറിയത്, പ്രീതിക ജനിക്കുന്നതിന് ഒരു വർഷം മുൻപ്. ആറാം വയസ്സുമുതൽ പ്രീതിക ടേബിൾ ടെന്നിസ് കളിക്കുന്നു. വനിതാ സിംഗിൾസ് റാങ്കിങ്ങിൽ 18–ാം സ്ഥാനത്താണ് ഈ യുവതാരം.