താരങ്ങൾക്കിടയിൽ കോവിഡ് പടരുന്നു, മത്സരത്തിൽനിന്ന് പിൻമാറി ഓസീസ് താരം; ഒളിംപിക്സിൽ ആശങ്കയുടെ നിഴൽ
Mail This Article
പാരിസ്∙ ഒളിംപിക്സിൽ ആശങ്കയുടെ നിഴൽ പരത്തി കോവിഡ് പടരുന്നു. ഓസ്ട്രേലിയയുടെ നീന്തൽ താരം ലാനി പാലിസ്റ്റർ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 1,500 മീറ്ററിൽ ഓസ്ട്രേലിയയുടെ മെഡൽ പ്രതീക്ഷയായ പാലിസ്റ്റർ ഇതോടെ മത്സരത്തിൽനിന്നു പിൻമാറി. താരം നിലവിൽ സ്വന്തം മുറിയിൽ ഐസലേഷനിലാണ്. 100 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ വെള്ളി നേടിയ ബ്രിട്ടിഷ് നീന്തൽ താരം ആഡം പീറ്റിക്കും മത്സരത്തിന്റെ തൊട്ടടുത്ത ദിവസം രോഗബാധ സ്ഥിരീകരിച്ചു. ഈയാഴ്ച അവസാനം നടക്കുന്ന റിലേ മത്സരങ്ങളിൽ പങ്കെടുക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് പീറ്റി പറഞ്ഞു.
ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിനു മുൻപ് ഓസ്ട്രേലിയയുടെ വനിതാ വാട്ടർപോളോ താരങ്ങൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതോടെ ഈ താരങ്ങൾ ഐസലേഷനിലായിരുന്നു.
നിലവിൽ ഫ്രാൻസിൽ കോവിഡ് കേസുകൾ കുറവായതിനാൽ രോഗവ്യാപനം തടയാൻ ശക്തമായ ചട്ടങ്ങളൊന്നും നിലവിലില്ല. മുൻകരുതലായി താരങ്ങൾ മാസ്ക് ധരിക്കുന്നുണ്ട്. സാനിറ്റൈസർ ഉപയോഗവും അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബസുകളിൽ യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുന്ന സ്ഥലത്തും പൊതു ഇടങ്ങളിലും കൂടുതൽ ജാഗ്രത പാലിച്ച് രോഗവ്യാപനം തടയാനാണ് നിർദേശം.