ADVERTISEMENT

പാരിസ് ∙ ഒളിംപിക്സ് പുരുഷ സിംഗിൾസ് ബാഡ്മിന്റൻ പ്രീക്വാർട്ടറിൽ ഇന്ത്യൻ താരങ്ങളായ എച്ച്.എസ്.പ്രണോയിയും ലക്ഷ്യ സെന്നും നേർക്കുനേർ. ഇന്നലെ അർധരാത്രി നടന്ന ഗ്രൂപ്പ് മത്സരത്തിൽ വിയറ്റ്നാം താരം ലീഡക് ഫാറ്റിനെ തോൽപിച്ചാണ് പ്രണോയ് പ്രീക്വാർട്ടറിലേക്കു മുന്നേറിയത് (16–21, 21–11, 21–12). ലോക നാലാംറാങ്കുകാരനായ ഇന്തൊനീഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ അട്ടിമറിച്ചായിരുന്നു ലക്ഷ്യയുടെ മുന്നേറ്റം (21–18, 21–12). ഇന്ന് വൈകിട്ടാണ് ഇരുവരും തമ്മിലുള്ള മത്സരം. ഒളിംപിക്സ് ബാഡ്മിന്റൻ നോക്കൗട്ട് റൗണ്ടിൽ 2 ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്.

റാങ്കിങ്ങിൽ പിന്നിലുള്ള വിയറ്റ്നാം താരത്തിനെതിരെ ആദ്യ ഗെയിം നഷ്ടപ്പെടുത്തിയാണ് പ്രണോയ് തുടങ്ങിയത്. എന്നാൽ രണ്ടാം ഗെയിമിൽ ഉജ്വല തിരിച്ചുവരവ് നടത്തിയതോടെ എതിരാളിക്ക് താളം നഷ്ടപ്പെട്ടു. നിർണായകമായ മൂന്നാം സെറ്റിൽ 8–7ന് ലീഡെടുത്ത ലീഡക് ഫാറ്റിനെ അതിനുശേഷം പരിചയ സമ്പത്തിന്റെയും കോർട്ടിലെ അതിവേഗ നീക്കങ്ങളുടെയും കരുത്തിൽ പ്രണോയ് കീഴടക്കുകയായിരുന്നു.

ലോക 22–ാം റാങ്കുകാരനായ ലക്ഷ്യയുടെ ഉജ്വല പോരാട്ട മികവിന് മുൻപിലാണ് മെഡൽ പ്രതീക്ഷയുമായെത്തിയ ജൊനാഥൻ ക്രിസ്റ്റി വീണത്. എസ്തോണിയയുടെ ക്രിസ്റ്റിൻ കൂബയെ മറികടന്ന് (21–5, 21–8) പി.വി.സിന്ധുവും പ്രീക്വാർട്ടറിലെത്തി. ചൈനയുടെ ഹേ ബിങ് ജിയാവോയാണു പ്രീക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി.

English Summary:

HS Prannoy vs Lakshya Sen in badminton pre-quarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com