11 ദിവസം 48 മത്സര ഇനങ്ങൾ 144 മെഡലുകൾ; ഒളിംപിക്സ് അത്ലറ്റിക്സ് ഇന്നു മുതൽ
Mail This Article
പാരിസ് ∙ ഒളിംപിക്സിന്റെ ആവേശം അതിരുകളില്ലാതെ ഉയർത്തുന്ന അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് പാരിസിൽ ഇന്നു തുടക്കം. പുതിയ വേഗവും ദൂരവും ഉയരവും തേടി അത്‌ലീറ്റുകൾ ട്രാക്കിലും ഫീൽഡിലുമായി ഇന്നുമുതൽ പോരാട്ടത്തിന്.
ഇന്നു രാവിലെ 7.30ന് (ഇന്ത്യൻ സമയം രാവിലെ 11) പുരുഷവിഭാഗം 20 കിലോമീറ്റർ നടത്ത മത്സരത്തോടെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾക്കു തുടക്കമാവുക. 9.20നു വനിതാവിഭാഗം 20 കിലോമീറ്റർ നടത്ത മത്സരവുമുണ്ട്.
വേഗസൂര്യൻ
ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങലോടെ ഒളിംപിക്സിലെ താരസൂര്യൻ അസ്തമിച്ചെങ്കിലും വേഗ ട്രാക്കിൽ ബോൾട്ടിന്റെ പിൻഗാമി ഇക്കുറി ആരായിരിക്കുമെന്ന ആകാംക്ഷയിലാണു ലോകം. പുരുഷവിഭാഗത്തിൽ യുഎസിന്റെ നോഹ ലൈൽസ്, ജമൈക്കയുടെ കിഷെയ്ൻ തോംപ്സൻ, കെനിയയുടെ ഫെർഡിനൻഡ് ഒമന്യാല എന്നിവർ തമ്മിലാകും പ്രധാന മത്സരം. വനിതകളിൽ യുഎസിന്റെ ഷാകെറി റിച്ചഡ്സൻ, കരീബിൻ ദ്വീപായ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്, ജമൈക്കയുടെ ഷെറിക്ക ജാക്സൻ എന്നിവർ തമ്മിലാകും പ്രധാന മത്സരം. ജമൈക്കയുടെ വെറ്ററൻ താരം ഷെല്ലി ആൻ ഫ്രേസറും രംഗത്തുണ്ട്. വനിതാ 100 മീറ്റർ ഫൈനൽ ഓഗസ്റ്റ് മൂന്നിനും പുരുഷ ഫൈനൽ അഞ്ചിനും നടക്കും.
ഹാട്രിക് സ്വർണം തേടി ക്രൗസർ
പുരുഷ ഷോട്പുട്ടിൽ ഹാട്രിക് തേടിയാകും യുഎസിന്റെ റയാൻ ക്രൗസർ പാരിസിൽ ഇറങ്ങുക. റിയോയിലും ടോക്കിയോയിലും സ്വർണം നേടിയ ക്രൗസറിന്റെ പേരിലാണ് ലോക റെക്കോർഡും (23.56 മീറ്റർ). 2 ലോക ചാംപ്യൻഷിപ് സ്വർണവും ക്രൗസറിന്റെ പേരിലുണ്ട.്
ഡ്യുപ്ലന്റിസ് ഷോ
പുരുഷ പോൾവോൾട്ടിൽ അർമാൻഡ് ഡ്യുപ്ലന്റിസ് അല്ലാതെ മറ്റൊരു ഒളിംപിക് ജേതാവിനെ ലോകം പ്രതീക്ഷിക്കുന്നില്ല. നിലവിലെ ഒളിംപിക് ചാംപ്യനും മറ്റാരുമല്ല. ഏപ്രിലിൽ 8–ാം തവണയും സ്വന്തം പേരിലുള്ള ലോക റെക്കോർഡ് തിരുത്തി മാരക ഫോമിലാണ് ഈ സ്വീഡൻ താരം. 2020ൽ 20–ാം വയസ്സിലാണു ഡ്യുപ്ലന്റിസ് ലോക റെക്കോർഡ് ആദ്യമായി തന്റെ പേരിലാക്കിയത്. 6.17 മീറ്ററാണ് അന്നു മറികടന്നത്. 6.24 മീറ്ററാണു നിലവിലെ റെക്കോർഡ്.
ഹർഡിൽസ് സ്റ്റാർ
400 മീറ്റർ ഹർഡിൽസിൽ വനിതകളിൽ യുഎസിന്റെ സിഡ്നി മഗ്‌ലാഫ്‍ലിനും പുരുഷൻമാരിൽ നോർവേയുടെ കാർസ്റ്റൻ വാർഹോമും ഒളിംപിക് സ്വർണം നിലനിർത്തുമെന്നാണു പ്രതീക്ഷ. വനിതകളിൽ നെതർലൻഡ്സിന്റെ ഷെംകെ ബോൽ, സിഡ്നിക്കു വെല്ലുവിളി ഉയർത്തിയേക്കും. പുരുഷൻമാരിൽ വാർഹോമിനു കടുത്ത വെല്ലുവിളിയായി യുഎസിന്റെ റായ് ബെഞ്ചമിനും ബ്രസീലിന്റെ അലിസൻ ഡോസ് സാന്റോസുമുണ്ട്.
കിപ്ചോഗിയും മാരത്തണും
കെനിയയുടെ മാരത്തൺ ഇതിഹാസം എല്യൂദ് കിപ്ചോഗി പാരിസിലേക്കെത്തുന്നത് തന്റെ 5–ാം ഒളിംപിക്സിൽ പങ്കെടുക്കാനാണ്. മാരത്തണിൽ ഹാട്രിക് സ്വർണമാണ് ഈ മുപ്പത്തൊൻപതുകാരന്റെ ലക്ഷ്യം. 2016ൽ റിയോയിലും 2021ൽ ടോക്കിയോയിലും കഴുത്തിലണിഞ്ഞ സ്വർണമെഡൽ പാരിസിലും അണിയാമെന്നാണു താരത്തിന്റെ പ്രതീക്ഷ.
സ്വർണത്തിനൊപ്പം 41.85 ലക്ഷം
ചരിത്രത്താലാദ്യമായി ഒളിംപിക്സ് വിജയികൾക്ക് കാഷ് അവാർഡ് ലഭിക്കുന്ന ഒളിംപിക്സാണിത്. അത്‌ലറ്റിക്സിലെ വിജയികൾക്കു ലോക അത്‌ലറ്റിക്സ് സംഘടനയാണ് (വേൾഡ് അത്‍ലറ്റിക്സ്) കാഷ് അവാർഡ് പ്രഖ്യാപിച്ചത്. സ്വർണ ജേതാവിന് 50,000 ഡോളർ (ഏകദേശം 41.85 ലക്ഷം രൂപ) ലഭിക്കും. വെള്ളി, വെങ്കല ജേതാക്കൾക്ക് ഇത്തവണ പാരിതോഷികമില്ല. അടുത്ത ഒളിംപിക്സിൽ അവർക്കും കൊടുക്കുമെന്നാണു സംഘടനയുടെ പ്രഖ്യാപനം. ഏതെങ്കിലും ഒരിനത്തിൽ ഒളിംപിക്സിൽ മെഡലിനൊപ്പം പാരിതോഷികം കൊടുക്കുന്നത് ഇതാദ്യമാണ്.