ADVERTISEMENT

പാരിസ്∙ ഒളിംപിക്സ് ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് വീണ്ടും സന്തോഷ വാർത്ത. വനിതാ വിഭാഗം സിംഗിൾസിൽ പി.വി. സിന്ധുവിനു പിന്നാലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച് പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ കടന്നു. ആവേശകരമായ മത്സരത്തിൽ ലോക നാലാം നമ്പർ താരം ഇന്തൊനീഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ലക്ഷ്യയുടെ മുന്നേറ്റം. സ്കോർ: 21-18, 21-12. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയെ 21-5, 21-10 എന്ന സ്കോറിൽ തോൽപ്പിച്ചാണ് സിന്ധു പ്രീക്വാർട്ടറിൽ കടന്നത്. പുരുഷവിഭാഗം ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ ഇന്ത്യയുടെ സ്വപ്നിൽ കുശാലെ ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനക്കാരനായാണ് സ്വപ്നിലിന്റെ മുന്നേറ്റം. സ്വപ്നിലിനൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിങ് തോമർ 11–ാം സ്ഥാനക്കാരനായി ഫൈനൽ കാണാതെ പുറത്തായി. ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിലേക്കു മുന്നേറുക.

ബോക്സിങ്ങിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയൻ ക്വാർട്ടറിൽ കടന്നു. ജൂനിയർ ലോക ചാംപ്യയായ നോർവേ താരം സുന്നിവ ഹോഫ്സ്റ്റഡിനെ 5–0ന് തോൽപ്പിച്ചാണ് ലവ്‌ലിനയുടെ ക്വാർട്ടർ പ്രവേശം. ഒരു മത്സരം കൂടി ജയിച്ചാൽ ലവ്‌ലിനയ്ക്ക് പാരിസിൽ ഇന്ത്യയ്‌ക്കായി ഒരു മെഡൽ ഉറപ്പിക്കാം. ആർച്ചറിയിൽ വനിതാ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യൻ താരം ദീപിക കുമാരിയും പ്രീക്വാർട്ടറിലെത്തി. നെതർലൻഡ്സ് താരം ക്വിന്റി റോഫെനെ 6–2ന് തോൽപ്പിച്ചാണ് ദീപികയുടെ മുന്നേറ്റം. ആദ്യ റൗണ്ടിൽ എസ്തോണിയൻ താരം റീന പർനാത്തിനെ ഷൂട്ട് ഓഫിൽ പിന്തള്ളിയാണ് ദീപിക രണ്ടാം റൗണ്ടിലെത്തിയത്. പ്രീക്വാർട്ടറിൽ ഓഗസ്റ്റ് മൂന്നിന് ജർമൻ താരം മിഷേൽ ക്രോപ്പനാണ് ദീപികയുടെ എതിരാളി.

English Summary:

Paris 2024 Olympics Day 5 - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com