സ്വപ്നം തേടി സ്വപ്നിൽ; ഷൂട്ടിങ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിൽ സ്വപ്നിൽ ഫൈനലിൽ
Mail This Article
പാരിസ്∙ ഷൂട്ടിങ്ങിൽ മെഡൽ പ്രതീക്ഷ നൽകി ഒരു ഇന്ത്യൻ താരംകൂടി ഫൈനലിൽ. മഹാരാഷ്ട്ര സ്വദേശിയായ സ്വപ്നിൽ കുസാലെയാണ് പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് യോഗ്യതാ മത്സരത്തിൽ 7–ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഫൈനലിൽ കടന്നത്. യോഗ്യതാ റൗണ്ടിൽ കുസാലെ 590 പോയിന്റ് നേടിയപ്പോൾ സഹ ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിങ് തോമർ 589 പോയിന്റുമായി 11–ാം സ്ഥാനത്തായി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഫൈനൽ. അതേസമയം, വനിതകളുടെ ട്രാപ് ഇനത്തിൽ ശ്രേയസി സിങ്ങും രാജേശ്വരി കുമാരിയും പുറത്തായി.
വനിതാ ബോക്സിങ്ങിൽ ലവ്‍ലിന ബോർഗോഹെയ്ൻ തകർപ്പൻ വിജയത്തോടെ ക്വാർട്ടറിൽ. 75 കിലോഗ്രാമിൽ നേർവേയുടെ സണ്ണിവ ഹോഫ്സ്റ്റാഡിനെ 5–0നാണ് ലവ്‍ലിന തോൽപിച്ചത്. സെമിയിൽ പ്രവേശിച്ചാൽ ലവ്‍ലീനയ്ക്കു മെഡൽ ഉറപ്പാണ്.
ടേബിൾ ടെന്നിസിൽ വനിതാ സിംഗിൾസിൽ ശ്രീജ അകുല ഉജ്വല വിജയത്തോടെ ജന്മദിനം ആഘോഷിച്ചു. 26–ാം ജന്മദിനത്തിൽ സിംഗപ്പൂരിന്റെ സെങ് ജിയാനെ 4–2നു പരാജയപ്പെടുത്തി ശ്രീജ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. അതേസമയം, വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ മനിക ബത്ര ജപ്പാന്റെ മിയു ഹിരാനോയോടു തോറ്റു പുറത്തായി.
ആർച്ചറിയിൽ വനിതകളുടെ വ്യക്തിഗത ഇനത്തിൽ ദീപിക കുമാരി പ്രീ ക്വാർട്ടറിലെത്തി. പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ തരുൺദീപ് റായ് 4–6ന് ബ്രിട്ടന്റെ ടോം ഹാളിനോട് പരാജയപ്പെട്ടു പുറത്തായി.