ഹോക്കിയിൽ ചരിത്രം, 52 വർഷത്തിനിടെ ആദ്യമായി ഒളിംപിക് വേദിയിൽ ഓസീസിനെ വീഴ്ത്തി ഇന്ത്യ; ഇനി പോരാട്ടം ക്വാർട്ടറിൽ – വിഡിയോ
Mail This Article
പാരിസ്∙ ഹോക്കിയിൽ മെഡൽ പ്രതീക്ഷകൾക്കു തിളക്കമേറ്റി തകർപ്പൻ വിജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക്. മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ടഗോളിനു പുറമേ, അഭിഷേകും ലക്ഷ്യം കണ്ടു. ഓസീസിന്റെ ആശ്വാസ ഗോളുകൾ രണ്ടാം ക്വാർട്ടറിൽ തോമസ് ക്രെയ്ഗും അവസാന ക്വാർട്ടറിൽ ബ്ലേക് ഗോവേഴ്സും നേടി. ഇതോടെ പാരിസ് ഒളിംപിക്സിൽ ഗോൾ നേടുന്ന ഏഴാമത്തെ ഓസീസ് താരമായി ക്രെയ്ഗ്. അതേസമയം, 52 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിംപിക്സിൽ ഓസീസിനെ തോൽപ്പിക്കുന്നത്.
ഇന്ത്യൻ ഗോൾമുഖം വിറപ്പിച്ച ഓസീസ് നീക്കത്തിനു പിന്നാലെ നടത്തിയ കൗണ്ടർ അറ്റാക്കിലാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ പകുതിയിൽ ഓസീസ് താരത്തിന്റെ മികച്ചൊരു ഷോട്ട് ശ്രീജേഷ് രക്ഷപ്പെടുത്തിയതിനു പിന്നാലെ അവർക്ക് അനുകൂലമായി പെനൽറ്റി കോർണർ. അതും രക്ഷപ്പെടുത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണവും ആദ്യ ഗോളും. ലളിത് ഉപധ്യായുടെ ആദ്യ ഷോട്ട് ഓസീസ് ഗോൾകീപ്പർ തടുത്തെങ്കിലും പന്തു ലഭിച്ചത് അഭിഷേകിന്. വെട്ടിത്തിരിഞ്ഞ് അഭിഷേക് തൊടുത്ത പൊള്ളുന്ന ഷോട്ട് ഓസീസ് വലയിൽ. സ്കോർ 1–0.
തൊട്ടുപിന്നാലെ ഇന്ത്യ ലീഡ് വർധിപ്പിച്ചു. ഇത്തവണ ഊഴം ടൂർണമെന്റിൽ നിലവിലെ ടോപ് സകോററായ ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിങ്ങിന്. പെനൽറ്റി കോർണറിൽനിന്ന് ലഭിച്ച പന്തിനെ മറ്റൊരു ബുള്ളറ്റ് ഷോട്ടിലൂടെ ഹർമൻപ്രീത് വലയിലെത്തിച്ചു. ആദ്യ ക്വാർട്ടറിൽത്തന്നെ ഇന്ത്യ 2–0നു മുന്നിൽ.
രണ്ടാം ക്വാർട്ടറിൽ തോമസ് ക്രെയ്ഗിലൂടെ ഓസീസ് ഒരു ഗോൾ മടക്കിയെങ്കിലും, മൂന്നാം ക്വാർട്ടറിൽ ഇന്ത്യ മൂന്നാം ഗോൾ നേടി. ഇത്തവണയും ലക്ഷ്യം കണ്ടത് ക്യാപ്റ്റൻ ഹർമൻപ്രീത്. ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി കോർണർ ഗോൾലൈനിനു സമീപം ഓസീസ് താരം കാൽകൊണ്ട് തടഞ്ഞതോടെ ഇന്ത്യയ്ക്ക് അനുകൂലമായി പെനൽറ്റി സ്ട്രോക്ക്. ഷോട്ടെടുത്ത ഹർമൻപ്രീത് അനായാസം ലക്ഷ്യം കണ്ടതോടെ ഇന്ത്യ 3–1ന് മുന്നിൽ. അവസാന ക്വാർട്ടറിൽ ഓസീസ് രണ്ടാം ഗോളും നേടിയെങ്കിലും ഇന്ത്യ പ്രതിരോധം മറക്കാതെ വിജയത്തിലെത്തി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലാണ് ലോക റാങ്കിങ്ങിൽ നാലാം സ്ഥാനക്കാരായ ഓസീസിനെ ഇന്ത്യ വീഴ്ത്തിയത്. റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരാണ് ഇന്ത്യ. ആദ്യ 3 മത്സരങ്ങളിലായി 2 ജയവും ഒരു സമനിലയും നേടി ക്വാർട്ടർ ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക്, ഈ വിജയത്തോടെ താരതമ്യേന ദുർബലരായ എതിരാളികളെ ലഭിക്കും. ആദ്യ മത്സരത്തിൽ 3–2ന് ന്യൂസീലൻഡിനെ വീഴ്ത്തിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ അർജന്റീനയോട് 1–1ന് സമനില പിടിച്ചു. അടുത്ത മത്സരത്തിൽ അയർലൻഡിനെ 2–0ന് തോൽപ്പിച്ചതോടെ ക്വാർട്ടർ ഉറപ്പിച്ചു. ഒന്നാം റാങ്കുകാരും നിലവിലെ ചാംപ്യൻമാരുമായ ബൽജിയത്തോടു മാത്രമാണ് ഇന്ത്യ തോറ്റത്. അവർക്കെതിരെ 1–0ന്റെ ലീഡ് നേടിയ ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് ഇന്ത്യ തോൽവി വഴങ്ങിയത്.