‘ഇത് ഒളിംപിക്സാണ് മനുഷ്യാ..’: ഷൂട്ടിങ്ങിന്റെ ‘ഷോ’യില്ല, ഒരു കൈ പോക്കറ്റിലിട്ട് കൂളായി 51കാരന്റെ ഷോട്ട്, വെള്ളി മെഡൽ- വിഡിയോ
Mail This Article
പാരിസ്∙ പാരിസ് ഒളിംപിക്സിന്റെ ആറാം ദിനം സമൂഹമാധ്യമങ്ങളിൽ സൂപ്പർതാരമായി തുർക്കി പൗരനായ അൻപത്തൊന്നുകാരൻ യൂസഫ് ഡിക്കെച്ച്. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ സഹതാരത്തിനൊപ്പം വെള്ളി മെഡൽ സ്വന്തമാക്കിയ യൂസഫിന്റെ വേഷവിധാനവും മത്സര ശൈലിയുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഒരു കൈ പോക്കറ്റിലിട്ട്, ഷൂട്ടിങ് താരങ്ങൾ പൊതുവെ ധരിക്കുന്ന ഷൂട്ടിങ്ങിന്റെ വേഷവിധാനങ്ങളോ സംവിധാനങ്ങളോ കൂടാതെ മത്സരിക്കുന്ന യൂസഫിന്റെ ചിത്രവും വിഡിയോയും ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
വനിതാ താരം സെവ്വാൽ ഇലയ്ദാ ടർഹാനൊപ്പമാണ് യൂസഫ് ഒളിംപിക്സ് വേദിയിൽ മിക്സഡ് ഇനത്തിൽ മത്സരിച്ചത്. ഷൂട്ടിങ്ങിൽ മത്സരിക്കുന്ന താരങ്ങൾ സവിശേഷമായ സുരക്ഷാ ഉപകരണങ്ങളും ലക്ഷ്യത്തിലേക്ക് ഉന്നം വയ്ക്കാൻ സഹായിക്കും വിധമുള്ള പ്രത്യേക തരം കണ്ണടകളും ഉപയോഗിക്കാറുണ്ട്. തുടർച്ചയായ വെടിയൊച്ചകളിൽനിന്ന് ചെവികൾക്കു സുരക്ഷ നൽകുന്ന ഉപകരണം, ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന പ്രത്യേകതരം കണ്ണടകൾ, കാഴ്ചയെ സഹായിക്കുന്ന സവിശേഷമായ ലെൻസുകൾ തുടങ്ങിയവ മത്സരാർഥികൾ ഉപയോഗിക്കും. ഇത്തരം വേഷവിധാനങ്ങൾ ചേരുമ്പോൾ താരങ്ങൾക്ക് ഒരു പ്രത്യേക രൂപം തന്നെ ലഭിക്കും.
ഇതിനിടെയാണ്, ഇത്തരത്തിലുള്ള യാതൊരുവിധ സംവിധാനങ്ങളുമില്ലാതെ ഒരു ടീഷർട്ടും പാന്റുമിട്ട് യൂസഫ് മത്സരവേദിയിലെത്തിയത്. ഒരു കൈ പോക്കറ്റിലിട്ട്, അലക്ഷ്യമെന്നു തോന്നിക്കുന്ന രീതിയിൽ ലക്ഷ്യത്തിലേക്ക് വെടിയുതിർക്കുന്ന യൂസഫിന്റെ ദൃശ്യം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. പ്രത്യേകിച്ചും സഹതാരങ്ങളെല്ലാം ഷൂട്ടിങ് മത്സരത്തിന്റെ ഔദ്യോഗിക വേഷവിധാനങ്ങളോടെ എത്തുമ്പോൾ.
‘‘സവിശേഷമായ ലെൻസുകളോ, കവറോ ചെവിക്ക് സുരക്ഷ നൽകുന്ന ഉപകരണങ്ങളോ ഇല്ലാതെ, ഒരു അൻപത്തൊന്നുകാരനെ തുർക്കി ഷൂട്ടിങ് മത്സരത്തിന് അയച്ചു. അദ്ദേഹം വെള്ളിമെഡലുമായി മടങ്ങി’ – ഒരു ആരാധകൻ യൂസഫിന്റെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഈ പോസ്റ്റിന് സാക്ഷാൽ ഇലോൺ മസ്ക് തന്നെ മറുപടി കുറിക്കുകയും ചെയ്തു. ‘മനുഷ്യാ, ഇത് ഒളിംപിക്സ് വേദിയാണ്’ എന്ന് യൂസഫിനെ ഓർമിപ്പിച്ചവരുമുണ്ട്. ‘തുർക്കി ഒരു ഹിറ്റ്മാനെ ഒളിംപിക്സിന് അയച്ചിട്ടുണ്ടോ?’ – മറ്റൊരു ആരാധകൻ എക്സിൽ കുറിച്ചു.
അതേസമയം, നേരിയ വ്യത്യാസത്തിലാണ് യൂസഫിനും സഹതാരത്തിനും സ്വർണ മെഡൽ നഷ്ടമായത് എന്നതാണ് കൗതുകം. കടുത്ത പോരാട്ടത്തിനൊടുവിൽ 16–14നാണ് എതിരാളികൾ സ്വർണം നേടിയത്. ഫൈനലിൽ സെർബിയൻ ജോടികളായ സോറാന അരുനോവിക് – ദാമിർ മിക്കെച്ച് സഖ്യത്തിനെതിരെ ഒരു ഘട്ടത്തിൽ 8–2നു മുൻപിലായിരുന്ന യൂസഫ്– സെവ്വാൽ സഖ്യം, പിന്നീട് പിന്നാക്കം പോയി 16–14ന് സ്വർണ മെഡൽ അടിയറവു വയ്ക്കുകയായിരുന്നു. ഈ മത്സരയിനവും ഇന്ത്യക്കാരെ സംബന്ധിച്ച് അജ്ഞാതമല്ല. ഇന്ത്യയ്ക്കായി സാക്ഷാൽ മനു ഭാക്കറും സരബ്ജ്യോത് സിങ്ങും കഴിഞ്ഞ ദിവസം രണ്ടാം വെങ്കല മെഡൽ നേടിയത് ഇതേയിനത്തിലാണ്.
മാത്രമല്ല, ഒളിംപിക് വേദിയിലെ തുടക്കക്കാരനുമല്ല യൂസഫ്. ഇത് അഞ്ചാം തവണയാണ് യൂസഫ് ഷൂട്ടിങ് മത്സരത്തിനായി ഒളിംപിക് വേദിയിലെത്തുന്നത്. 2008ലെ ബെയ്ജിങ് ഒളിംപിക്സിലായിരുന്നു യൂസഫിന്റെ അരങ്ങേറ്റം. എങ്കിലും തന്റെ തനതായ ശൈലിയിൽ മത്സരിച്ച് അദ്ദേഹത്തിന് ആദ്യമായി ഒളിംപിക് വേദിയിൽ മെഡൽ നേടാനായത് ഇത്തവണയാണെന്നു മാത്രം. 2006ൽ 25 മീറ്റർ സെന്റർ–ഫയർ പിസ്റ്റൾ വിഭാഗത്തിൽ 597 പോയിന്റ് നേടി ലോക റെക്കോർഡും കുറിച്ചിട്ടുണ്ട് ഇദ്ദേഹം. നോർവെയിലെ റെനയിൽ നടന്ന മത്സരത്തിലായിരുന്നു യൂസഫിന്റെ റെക്കോർഡ് പ്രകടനം.