ആർച്ചറി മിക്സ്ഡ് ടീമിനത്തിൽ മെഡലിനരികെ ഇന്ത്യ വീണു; സങ്കടക്കൂരമ്പ്
Mail This Article
പാരിസ് ∙ അവസാനം വരെ പൊരുതിയിട്ടും ആർച്ചറിയിൽ ഇന്ത്യയ്ക്കു നിരാശയുടെ അമ്പേറ്റു മടക്കം. മെഡലിനു തൊട്ടരികിലെത്തിയ ശേഷം മിക്സ്ഡ് ടീമിനത്തിൽ ധീരജ് ബൊമ്മദേവര– അങ്കിത ഭഗത് സഖ്യം നാലാം സ്ഥാനക്കാരായി. എങ്കിലും ഒളിംപിക്സിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ ആർച്ചറി താരങ്ങളെന്ന ഖ്യാതി ഇവർക്കു സ്വന്തം.
വെങ്കലപ്പോരാട്ടത്തിൽ യുഎസിന്റെ കെയ്സി കോഫോൾഡ്– ബ്രാഡി എല്ലിസൻ ജോടിക്കെതിരെ 37–38, 35–37, 38–34, 35, 37ന് ആണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. മെഡൽപ്പോരാട്ടത്തിന്റെ സമ്മർദത്തിനടിപ്പെട്ട അങ്കിതയുടെ രണ്ടു ഷോട്ടുകൾ വെറും 7 പോയിന്റിലൊതുങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. 4 സെറ്റുകൾക്കിടെ 10 പോയിന്റ് 2 തവണ മാത്രമാണ് അങ്കിതയ്ക്കു നേടാനായത്.
അതേസമയം, ധീരജ് നാലു തവണ 10 പോയിന്റു നേടി ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിക്കാൻ ശ്രമിച്ചു. നേരത്തേ, സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ കൊറിയയുടെ ലിം സിഹിയോൺ– കിം വൂജിൻ സഖ്യമാണ് സ്വർണ ജേതാക്കൾ. ജർമനി വെള്ളിയും യുഎസ് വെങ്കലവും നേടി. ക്വാർട്ടറിൽ ഇന്ത്യ 5–3നു സ്പെയിനിനെ പരാജയപ്പെടുത്തിയിരുന്നു.
ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിലെത്തിയ 25 മീറ്റർ സ്പോർട്സ് പിസ്റ്റൾ ഇനത്തിൽ ഇഷ സിങ് 581 പോയിന്റോടെ 18–ാം സ്ഥാനത്തായി. പുരുഷ വിഭാഗം സ്കീറ്റ് യോഗ്യതാ മത്സരത്തിന്റെ ആദ്യ ദിനത്തിൽ അനന്ത് ജീത് സിങ് നരുക 26–ാം സ്ഥാനത്താണ്. ജൂഡോയിൽ വനിതകളുടെ 78 കിലോഗ്രാമിൽ തൂലിക മാൻ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. ക്യൂബയുടെ ഇദാലിസ് ഒർട്ടിസിനെതിരെ 28 സെക്കൻഡിനകം തൂലിക പരാജയം സമ്മതിച്ചു.
റോവിങ്ങിൽ പുരുഷ സിംഗിൾസ് സ്കൾസിൽ ബൽരാജ് പൻവർ 23–ാം സ്ഥാനവുമായി മടങ്ങി. ഫൈനൽ ഡിയിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത താരം മെഡൽപ്പോരാട്ടത്തിൽനിന്നു നേരത്തേ പുറത്തായിരുന്നു.