പഞ്ചേറ്റ് കരീനിക്ക് ശ്വാസതടസം, രക്തസ്രാവം; ഇമാൻ പുരുഷനോ സ്ത്രീയോ? ‘പേടിച്ച്’ പരാതിയുമായി ഹംഗറി- വിഡിയോ
Mail This Article
പാരിസ്∙ ഒളിംപിക്സിൽ വനിതാ ബോക്സിങ്ങിലെ ലിംഗനീതി വിവാദം കത്തിപ്പടരുന്നു. പുരുഷ ക്രോമസോമുകളുള്ള (എക്സ്, വൈ) അൽജീരിയൻ ബോക്സർ ഇമാൻ ഖലീഫിനെതിരെ ഹംഗേറിയൻ ബോക്സിങ് അസോസിയേഷൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്കും (ഐഒസി) ഹംഗേറിയൻ ഒളിംപിക് അസോസിയേഷനും പരാതി നൽകി. വനിതകളുടെ വെൽറ്റർവെയ്റ്റ് ക്വാർട്ടറിൽ ഇന്നു ഖലീഫിനെതിരെ ഹംഗറിയുടെ അന്ന ലൂക്ക ഹമോറി മത്സരിക്കാനിരിക്കെയാണ് നടപടി.
പുരുഷ ക്രോമസോമുകളുള്ളതിനാൽ രാജ്യാന്തര ബോക്സിങ് അസോസിയേഷൻ(ഐബിഎ) വനിതാ ബോക്സിങ്ങിൽ വിലക്കേർപ്പെടുത്തിയ ഖലീഫിനെ ഒളിംപിക്സിൽ മത്സരിപ്പിക്കുന്നത് ഐഒസി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം ഖലീഫിനെതിരായ പ്രീക്വാർട്ടറിൽ 46 സെക്കൻഡ് പിന്നിട്ട ഘട്ടത്തിൽ ഇറ്റലിയുടെ ആൻജല കരീനി മത്സരത്തിൽ നിന്നു പിൻവാങ്ങിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സംഭവത്തെക്കുറിച്ച് ഐഒസി പ്രസിഡന്റ് തോമസ് ബാക്കുമായി ചർച്ച നടത്തിയിട്ടുണ്ട്.
അതേസമയം, ഇമാൻ ഖലീഫിനും സമാന ആരോപണം നേരിടുന്ന തയ്‌വാന്റെ ലിൻ യു ടിങ്ങിനും മത്സരിക്കാൻ അനുമതി നൽകിയ തീരുമാനത്തിൽ ഐഒസി ഉറച്ചുനിൽക്കുകയാണ്. ഇരുതാരങ്ങൾക്കുമെതിരായ ആക്രമണോത്സുക നീക്കങ്ങൾ ദൗർഭാഗ്യകരമാണെന്ന് ഐഒസി അഭിപ്രായപ്പെട്ടു. ഇവരെ വിലക്കിയ ഐബിഎ നടപടി നീതിപൂർവമല്ലെന്നും ഐഒസി ആരോപിച്ചു.
∙ പിൻവാങ്ങിയത് അസഹ്യമായ വേദനമൂലമെന്ന് കരീനി
ഇമാൻ ഖലീഫിന്റെ പഞ്ചുകളേറ്റ് വേദന അസഹ്യമായതിനെത്തുടർന്നാണ് വെൽറ്റർ വെയ്റ്റ് ബോക്സിങ് പ്രീ ക്വാർട്ടറിൽ താൻ മത്സരത്തിനിടെ പിൻവാങ്ങിയതെന്ന് ഇറ്റാലിയൻ താരം ആൻജല കരീനി. മുഖത്തും മൂക്കിലും കടുത്ത വേദനയായിരുന്നു. ശ്വാസമെടുക്കാൻ പോലും വിഷമിച്ചു. മൂക്കിൽനിന്നു പിന്നീട് രക്തസ്രാവവുമുണ്ടായി. ഇത്രയും ശക്തമായ പഞ്ച് ഏറ്റത് ആദ്യമായിട്ടാണെന്നും കാരിനി പറഞ്ഞു.
മുൻകൂട്ടി തീരുമാനിച്ചിട്ടല്ല മത്സരത്തിൽനിന്നു പിൻവാങ്ങിയത്. സംഭവം വിവാദമായതിൽ വിഷമമുണ്ട്. ഇമാൻ ഖലീഫിന് മത്സരിക്കാൻ അവകാശമുണ്ടെന്ന ഐഒസി തീരുമാനത്തെ ബഹുമാനിക്കുന്നു. മത്സരശേഷം ഇമാൻ ഖലീഫിന് കൈ കൊടുക്കാതെ മടങ്ങിയതിൽ ഖേദമുണ്ട്. ഇമാനോട് തനിക്ക് വിരോധമൊന്നുമില്ലെന്നും അടുത്ത തവണ നേരിൽ കാണുമ്പോൾ അവരെ ആലിംഗനം ചെയ്യുമെന്നും കരീനി പറഞ്ഞു.