അശ്വിൻ 35 പന്തിൽ 57, രക്ഷിച്ചെടുത്ത മത്സരത്തിൽ സഹതാരത്തിന്റെ അനാവശ്യ ഷോട്ട്; പൊട്ടിത്തെറിച്ച് താരം – വിഡിയോ
Mail This Article
ചെന്നൈ∙ തമിഴ്നാട് പ്രിമിയർ ലീഗിനിടെ (ടിഎൻപിഎൽ) സഹതാരത്തിനെതിരെ പൊട്ടിത്തെറിക്കുന്ന ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ദിണ്ടിഗൽ ഡ്രാഗൺസ് – ചെപ്പോക്ക് സൂപ്പർ ഗില്ലീസ് മത്സരത്തിനിടെയാണ് സംഭവം. ദിണ്ടിഗൽ ഡ്രാഗൺസ് ടീമംഗമായ അശ്വിൻ, നിർണായക ഘട്ടത്തിൽ നിരുത്തരവാദപരമായ ഷോട്ടിനു ശ്രമിച്ച സഹതാരത്തിനെതിരെയാണ് രോഷാകുലനായത്. വിരൽ ചൂണ്ടി അശ്വിൻ സഹതാരത്തോടു രോഷാകുലനാകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ചെപ്പോക്ക് സൂപ്പർ ഗില്ലീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് എടുത്തത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ മലയാളി താരം സന്ദീപ് വാരിയരാണ് ദിണ്ടിഗൽ ഡ്രാഗൺസിനായി ബോളിങ്ങിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദിണ്ടിഗലിന്, രണ്ടാം ഓവറിൽത്തന്നെ ഓപ്പണർ വിമൽ കുമാറിനെ നഷ്ടമായി.
തുടക്കം തകർന്നെങ്കിലും ശിവം സിങ്ങിനെ കൂട്ടുപിടിച്ച് രവിചന്ദ്രൻ അശ്വിൻ നടത്തിയ രക്ഷാപ്രവർത്തനം ദിണ്ടിഗലിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു. അശ്വിൻ – ശിവം സിങ് സഖ്യം സെഞ്ചറി കൂട്ടുകെട്ട് ഉയർത്തിയാണ് ടീമിനെ രക്ഷപ്പെടുത്തിയത്. എന്നാൽ, അശ്വിനും തൊട്ടുപിന്നാലെ ബാബ ഇന്ദ്രജിത്തും 14–ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ ദിണ്ടിഗലിന്റെ സ്ഥിതി പരുങ്ങലിലായി. ഇരുവരെയും പുറത്താക്കിയ പ്രേം കുമാർ തന്റെ അടുത്ത വരവിൽ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയതോടെ ജയത്തിന്റെ വക്കിൽനിന്ന് ദിണ്ടിഗൽ തോൽവിയിലേക്കു നീങ്ങി.
18 പന്തുകളുടെ ഇടവേളയിൽ 23 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ദിണ്ടിഗലിനു നഷ്ടമായത് നാലു വിക്കറ്റുകളാണ്. ഇതോടെ അവർക്ക് വിജയത്തിലേക്ക് 21 പന്തിൽ 20 റൺസ് എന്ന നിലയിലായി. ഇതിനിടെ 17–ാം ഓവറിലാണ് അശ്വിൻ പൊട്ടിത്തെറിക്കാനിടയായ സംഭവുമുണ്ടാകുന്നത്.
അഭിഷേക് തൻവാർ എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്തിൽ ശരത് കുമാർ സിക്സർ നേടി. തൊട്ടടുത്ത പന്തിൽ ശരത് കുമാറിന്റെ നിരുത്തരവാദപരമായ ഒരു ഷോട്ട് ചെപ്പോക്ക് സൂപ്പർ ഗില്ലീസിന് ഒരു വിക്കറ്റ് കൂടി സമ്മാനിക്കേണ്ടതായിരുന്നു. നിർഭാഗ്യവശാൽ അവരുടെ താരം ക്യാച്ച് കൈവിട്ടു. അനായാസ ക്യാച്ച് എതിരാളികൾ കൈവിട്ടെങ്കിലും, ആ ഘട്ടത്തിൽ അത്തരമൊരു ഷോട്ടിനുള്ള ശരത് കുമാറിന്റെ ശ്രമമാണ് അശ്വിനെ ചൊടിപ്പിച്ചത്.
ഇതോടെ താരം ഡഗ്ഔട്ടിൽനിന്ന് ചാടിയെഴുന്നേറ്റ് ശരത്തിനെതിരെ വിരൽ ചൂണ്ടി കുപിതനാകുകയായിരുന്നു. അശ്വിന്റെ കലിപ്പ് കണ്ട് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലുള്ളവർ അടുത്തിരുന്ന് ചിരിക്കുന്നത് വിഡിയോയിൽ കാണാം.
ഇരുകൂട്ടരും ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ അവസാന അഞ്ച് പന്തിൽ ദിണ്ടിഗലിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് അഞ്ച് റൺസാണ്. സുബോധ് ഭാട്ടി – ദിനേഷ് രാജ് സഖ്യമാണ് ഈ ഘട്ടത്തിൽ ഉറച്ചുനിന്ന് ടീമിനെ വിജയത്തിലെത്തിച്ചത്. 20–ാം ഓവറിലെ ആദ്യ പന്തിൽ ശരത് കുമാർ പുറത്തായതോടെയാണ് അഞ്ച് പന്തിൽ അഞ്ച് റൺസ് എന്ന നിലയിലെത്തിയത്. ഒടുവിൽ ഈ ഓവറിലെ അഞ്ചാം പന്തിൽ ബൗണ്ടറി കണ്ടെത്തിയ ദിനേഷ് രാജാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ വൺഡൗണായി ഇറങ്ങി 35 പന്തിൽ 57 റൺസെടുത്ത അശ്വിനായിരുന്നു മാൻ ഓഫ് ദ് മാച്ച്.