ADVERTISEMENT

വയനാട്ടിലെ ദുരന്തബാധിത മേഖലയിൽ വൈദ്യുതി വിതരണം ചെയ്തതിന് കെഎസ്ഇബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒൻപത് കോടി രൂപ വാങ്ങിയെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അസ്വാരസ്യം തുടരുന്നതിനിടെയാണ് പുതിയ പ്രചാരണം.  എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വസ്തുത പരിശോധനയിൽ കണ്ടെത്താനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്ഇബി പണം ഈടാക്കിയിട്ടില്ല. വസ്തുതയറിയാം 

∙ അന്വേഷണം

ദുരന്തബാധിത മേഖലയിൽ വൈദ്യുതി എത്തിച്ചതിന് കെഎസ്ഇബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒൻപത് കോടി രൂപ ഈടാക്കിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം. കേന്ദ്ര സേന രക്ഷാപ്രവർത്തനം നടത്തിയതിന് ഫണ്ട് ചോദിച്ചത് വലിയ അപരാധം എന്ന നിലയിൽ പ്രചരിപ്പിക്കുന്നവർ കെഎസ്ഇബി വാങ്ങിയത് അപരാധമോ? മൗന അനുവാദമോ? എന്നാണ് പ്രചരിക്കുന്ന പോസ്റ്റ്.

പ്രചരിക്കുന്ന പോസ്റ്റിൽ സൂചിപ്പിക്കുന്ന തുകയും കീവേഡും ഉപയോഗിച്ചുള്ള പരിശോധനയിൽ ബന്ധപ്പെട്ട വാർത്തകളോ വിവരമോ കണ്ടെത്താനായില്ല. പ്രചാരണത്തിലെ വസ്തുത അറിയാൻ വൈദ്യുതി മന്ത്രി കെ.കൃഷ്യുണൻകുട്ടിയുടെ ഓഫീസുമായും കെഎസ്ഇബിയുമായും ബന്ധപ്പെട്ടു. ദുരിതാശ്വാസ നിധിയിൽ നിന്ന് ഒൻപത് കോടി ഈടാക്കിയെന്നത് വ്യാജ പ്രചാരണമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ഇബി ജീവനക്കാർ രണ്ടു ഗഡുക്കളായി 20 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു. സെപ്റ്റംബറിലാണ് കെഎസ്ഇബി സിഎംആർഎഫിലേക്ക് പത്ത് കോടി കൈമാറിയത്. ഇത് സംബന്ധിച്ച് വാർത്തകൾ മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. കെഎസ് ഇബി ജീവനക്കാരിൽ നിന്ന് പിരിച്ച തുകയുടെ ആദ്യ ഗഡുവാണ് അന്ന് കൈമാറിയത്. ഡിസംബർ 12ന് രണ്ടാമത്തെ ഗഡുവായ പത്ത് കോടി രൂപ കൂടി കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ആറ് മാസം ദുരന്തമേഖലയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കേണ്ടതില്ലെന്ന തീരുമാനവും കെഎസ്ഇബി എടുത്തിട്ടുണ്ട്.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി,അട്ടമല,അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കാണ് ആറ് മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാൻ തീരുമാനമായത്. ദുരന്ത ബാധിത മേഖലയിൽ കെഎസ്ഇബിക്ക് ഒൻപത് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. SDRF മാനദണ്ഡങ്ങൾ അനുസരിച്ച് ദുരന്ത ബാധിത പ്രദേശത്തിന്റെ വീണ്ടെടുക്കലിനും പുനർനിർമാണത്തിനുമുള്ള പ്രധാന പൊതു ചെലവുകളിലാണ് കെഎസ്ഇബിക്ക് ഉണ്ടായ നാശനഷ്ടം രേഖപ്പെടുത്തിയത്.

ഈ രേഖകൾ ഉൾപ്പെടെ ചേർത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കുവെച്ച പോസ്റ്റാണ് ചുവടെ. ദുരിതാശ്വാസത്തിലെ കേന്ദ്ര അവഗണനയും ദുരിതാശ്വാസ പ്രവർത്തനത്തിലെ ചെലവ് തിരിച്ചടയ്ക്കണമെന്ന കേന്ദ്രത്തിന്റെ കത്തിലും പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രചാരണവും ബിജെപി അധ്യക്ഷന്റെ പോസ്റ്റും. വൈദ്യുതി ബോർഡിനും കേരളത്തോട് ക്രൂരതയോ?, കെഎസ്ഇബി ഏത് വകുപ്പിലാണ് ദുരിതാശ്വാസ നിധിയിൽ നിന്നും പണം ഈടാക്കുക തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക് പോസ്റ്റ്. സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കും കെ.സുരേന്ദ്രൻ പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.

∙ വാസ്തവം

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിത മേഖലയിലെ വൈദ്യുതി സേവനത്തിന് കെഎസ്ഇബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒൻപത് കോടി ഈടാക്കിയെന്ന പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണ്. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ സമർപ്പിച്ചത് കെഎസ്ഇബിക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കാണ്. ഒൻപത് കോടിയോളം നാശനഷ്ടമുണ്ടായെന്ന ഈ കണക്കും രേഖകളും ഉപയോഗിച്ചാണ് സിഎംആർഎഫിൽ നിന്ന് കെഎസ്ഇബി പണം വാങ്ങിയെന്ന പ്രചാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്ഇബി ഒരു തുകയും ദുരന്ത ബാധിത മേഖലയിലെ പ്രവർത്തനത്തിനായി ഈടാക്കിയില്ലെന്ന് കണ്ടെത്താനായി.

മറിച്ച് രണ്ട് ഗഡുക്കളായി കെഎസ്ഇബി ജീവനക്കാരിൽ നിന്ന് പിരിച്ച ഇരുപത് കോടി രൂപ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ദുരന്ത ബാധിത മേഖലയിലുള്ള ഉപഭോക്താക്കളിൽ നിന്ന് ആറ് മാസം വൈദ്യുതി ചാർജ് ഈടാക്കാതിരിക്കാനുള്ള തീരുമാനവും കെഎസ്ഇബി എടുത്തിട്ടുണ്ട്. വിഷയത്തിൽ പ്രതികരിച്ച കെഎസ്ഇബി വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും അറിയിച്ചു.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി തെലുങ്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:The propaganda that KSEB collected 9 crores from the Chief Minister's relief fund for electricity service in the disaster-affected areas of Wayanad Mundakkai landslides is misleading.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT