ADVERTISEMENT

കൊളംബോ∙ വിജയത്തിലേക്ക് ഒരു റൺ മാത്രം മതിയെന്നിരിക്കെ തുടർച്ചയായ പന്തുകളിൽ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, ശ്രീലങ്കയ്‍ക്കെതിരായ ഒന്നാം ഏകദിനത്തിൽ ടൈ! ഇന്ത്യയെ വിജയത്തിന്റെ വക്കോളമെത്തിച്ച ശിവം ദുബെ, അവസാന ബാറ്റർ അർഷ്ദീപ് സിങ് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കി ക്യാപ്റ്റൻ ചരിത് അസലങ്കയാണ് ലങ്കയ്ക്ക് വിജയത്തോളം പോന്ന ‘ടൈ’ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 230 റൺസ്. ഇന്ത്യയുടെ മറുപടി 47.5 ഓവറിൽ 230 റൺസിൽ അവസാനിച്ചു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.

47 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം 58 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി തോൽവിയിലേക്കു നീങ്ങിയ ഇന്ത്യയെ, വാലറ്റത്തെ കൂട്ടുപിടിച്ച് ശിവം ദുബെയാണ് വിജയത്തിന്റെ വക്കിലെത്തിച്ചത്. ദുബെ 24 പന്തിൽ രണ്ട് തകർപ്പൻ സിക്സറുകളും ഒരു ഫോറും സഹിതം 25 റൺസുമായി പുറത്തായത് നിർണായകമായി. തൊട്ടടുത്ത പന്തിൽ അർഷ്ദീപും എൽബിയിൽ കുരുങ്ങി പുറത്തായി. മുഹമ്മദ് സിറാജ് 11 പന്തിൽ അഞ്ച് റൺസുമായി വിജയത്തിലേക്ക് ദുബെയ്ക്ക് കൂട്ടുനിന്നു.

മികച്ച തുടക്കത്തിനു ശേഷം രണ്ടു റൺസിന്റെ ഇടവേളയിൽ വിരാട് കോലിയും ശ്രേയസ് അയ്യരും പുറത്തായതോടെ ക്ഷമയോടെ ബാറ്റേന്തിയ കെ.എൽ.രാഹുൽ – അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയ്ക്ക് കരുത്തായത്. രാഹുൽ 31 റൺസെടുത്തും അക്ഷർ‍ പട്ടേൽ 33 റൺസെടുത്തും പുറത്തായി. ശുഭ്മൻ ഗിൽ (35 പന്തിൽ 16), വിരാട് കോലി (32 പന്തിൽ 24), ശ്രേയസ് അയ്യർ (57 പന്തിൽ 33) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

രണ്ട് അർധസെഞ്ചറി കൂട്ടുകെട്ടുകളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് കരുത്തായത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത് – ഗിൽ സഖ്യം 76 പന്തിൽ അടിച്ചെടുത്തത് 75 റൺസ്. പിന്നീട് വിരാട് കോലി – ശ്രേയസ് അയ്യർ സഖ്യം 45 പന്തിൽ 43 റൺസെടുത്തു. ആറാം വിക്കറ്റിൽ 92 പന്തിൽ 57 റൺസെടുത്ത് ഇന്ത്യയെ കൂട്ടത്തർച്ചയിൽനിന്ന് രക്ഷിച്ചു.  വാഷിങ്ടൻ സുന്ദർ നാലു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്തും കുൽദീപ് യാദവ് 10 പന്തിൽ രണ്ടു റൺസെടുത്തും പുറത്തായി.

ശ്രീലങ്കയ്ക്കായി ചരിത് അസലങ്ക 8.5 ഓവറിൽ 30 റൺസ് വഴങ്ങിയും വാനിന്ദു ഹസരംഗ 10 ഓവറിൽ 58 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ദുനിത് വെല്ലാലഗെ ഒൻപത് ഓവറിൽ 39 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോ, അകില ധനഞ്ജയ, എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ പതിഞ്ഞ താളത്തിൽ ശ്രീലങ്ക

നേരത്തെ, മുറുക്കമാർന്ന ബോളിങ്ങുമായി പേസർമാരും സ്പിന്നർമാരും ഒരുപോലെ കളംനിറഞ്ഞതോടെയാണ് ആതിഥേയരായ ശ്രീലങ്കയെ ഇന്ത്യ 230 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 230 റൺസെടുത്തത്. അർധസെഞ്ചറിയുമായി പുറത്താകാതെ നിന്ന ദുനിത് വെല്ലാഗലെയാണ് അവരുടെ ടോപ് സ്കോറർ. 65 പന്തിൽ 67 റൺ‌സാണ് ദുനിത് നേടിയത്. ഓപ്പണർ പാത്തും നിസ്സങ്കയും അർധസെഞ്ചറി നേടി.

65 പന്തുകൾ നേരിട്ട ദുനിത് ഏഴു ഫോറും രണ്ടു സിക്സും സഹിതമാണ് 67 റൺസെടുത്തത്. നിസ്സങ്ക 75 പന്തിൽ ഒൻപതു ഫോറുകളോടെ 56 റൺസെടുത്തു. ജാനിത് ലിയനാഗെ (26 പന്തിൽ 20), വാനിന്ദു ഹസരംഗ (35 പന്തിൽ 24), അകില ധനഞ്ജയ (21 പന്തിൽ 17), കുശാൽ മെൻഡിസ് (11 പന്തിൽ 14), ക്യാപ്റ്റൻ ചരിത് അസലങ്ക (21 പന്തിൽ 14) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവർ.

ഓപ്പണർ ആവിഷ്ക ഫെർണാണ്ടോ (ഏഴു പന്തിൽ ഒന്ന്), സദീര സമരവിക്രമ (18 പന്തിൽ എട്ട്) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ശിവം ദുബെ, കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു. ഒരു ഓവർ ബോൾ ചെയ്ത് 14 റൺസ് വഴങ്ങിയ ശുഭ്മൻ ഗില്ലിനു മാത്രം വിക്കറ്റ് ലഭിച്ചില്ല.

English Summary:

India vs Srilanka First ODI Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com