ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവിനെ തോൽപിച്ച് ലക്ഷ്യ സെമിയിൽ; മത്സരം നാളെ
Mail This Article
പാരിസ് ∙ ഒളിംപിക്സ് ബാഡ്മിന്റനിൽ ഒരു ജയം അരികെ ഇന്ത്യയ്ക്കു മെഡൽ. പുരുഷ സിംഗിൾസിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നിനെ തോൽപിച്ച് ലക്ഷ്യ സെൻ സെമിഫൈനലിൽ കടന്നു. ആദ്യ ഗെയിം കൈവിട്ട ശേഷം തിരിച്ചടിച്ചാണ് ലക്ഷ്യയുടെ ഉജ്വല ജയം (19–21, 21–15, 21–12). ഒളിംപിക്സ് ബാഡ്മിന്റൻ സിംഗിൾസ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് ഇരുപത്തിരണ്ടുകാരൻ ലക്ഷ്യ.
നാളെ നടക്കുന്ന സെമിയിൽ ടോക്കിയോ ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവ് ഡെൻമാർക്കിന്റെ വിക്ടർ അക്‌സൽസനോ സിംഗപ്പൂരിന്റെ മുൻ ലോകചാംപ്യൻ ലോ കീൻ യൂവോ ആയിരിക്കും ലക്ഷ്യയുടെ എതിരാളി. സെമിയിൽ പരാജയപ്പെടുന്നവർക്ക് വെങ്കല മെഡലിനായി മത്സരിക്കാം.
ടോക്കിയോയിലെ വെങ്കല മെഡൽ ജേതാവായ ചൗവിനെതിരെ ആദ്യ ഗെയിമിൽ ഡിഫൻസീവ് ഗെയിം ആണ് ലക്ഷ്യ പുറത്തെടുത്തത്. എന്നാൽ ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് ചൗ അറ്റാക്കിങ് ഗെയിം പുറത്തെടുത്തതോടെ ലക്ഷ്യ പിന്നിലായി. ചൗവിന്റെ സെക്കൻഡ് സ്മാഷുകൾ പലതും മടക്കാൻ ലക്ഷ്യയ്ക്കായില്ല. പതിയെ ആക്രമണവും പുറത്തെടുത്ത ലക്ഷ്യ അവസാനം തിരിച്ചടിച്ചെങ്കിലും ഗെയിം കൈവിട്ടു പോയി.
രണ്ടാം ഗെയിം മുതൽ തന്ത്രം മാറ്റിയ ലക്ഷ്യ മികച്ച നെറ്റ് പ്ലേയ്ക്കൊപ്പം സ്മാഷുകളും പുറത്തെടുത്തു. നീണ്ട റാലികളിൽ പുലർത്തിയ ആധിപത്യവും ലക്ഷ്യയ്ക്കു തുണയായി. തുടക്കം തൊട്ടേ ലീഡുമായി മുന്നേറിയ ലക്ഷ്യ 6 പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സെറ്റ് നേടി. വിഡിയോ റീപ്ലേയിലെ അവ്യക്തതയ്ക്കെതിരെ അംപയറോടു തർക്കിക്കേണ്ടി വന്നെങ്കിലും ലക്ഷ്യയുടെ കളിയെ അതു ബാധിച്ചില്ല.
മുപ്പത്തിനാലുകാരൻ ചൗവിനെതിരെ മാനസികാധിപത്യം നേടിയതിന്റെ ആത്മവിശ്വാസത്തിൽ മൂന്നാം ഗെയിമിലും മുന്നേറിയ ലക്ഷ്യ ഇടവേളയ്ക്കു പിരിയുമ്പോൾ 11–7നു മുന്നിലായിരുന്നു. പിന്നീട് ലീഡുയർത്തിയ ലക്ഷ്യ 9 പോയിന്റ് വ്യത്യാസത്തിൽ ഗെയിമും മത്സരവും സ്വന്തമാക്കി.