പാരിസിൽ സിമോൺ ബൈൽസിന്റെ മെഡൽ വേട്ട, മൂന്നാം സ്വർണം; ഒളിംപിക്സിൽ ആകെ 10 മെഡലുകള്‍
Mail This Article
പാരിസ്∙ ഒളിംപിക്സിൽ സ്വർണ വേട്ട തുടർന്ന് യുഎസ് ജിംനാസ്റ്റ് സിമോൺ ബൈൽസ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ഓൾ എറൗണ്ട്, ടീം ഇനങ്ങളിൽ സ്വർണം നേടിയതിനു പിന്നാലെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വോൾട്ട് ഫൈനലിലും സിമോൺ ബൈൽസാണ് ഒന്നാമത്. ബ്രസീൽ താരം റെബേക്ക ആന്ദ്രെയ്ദ് വെള്ളിയും യുഎസിന്റെ തന്നെ ജേഡ് കാരി വെങ്കല മെഡലും നേടി.
പാരിസിൽ മൂന്ന് സ്വർണം നേടിയതോടെ ബൈൽസിന്റെ ഒളിംപിക് മെഡലുകളുടെ എണ്ണം 10 ആയി. അതിൽ ഏഴും സ്വർണമാണ്. 15.300 പോയിന്റാണ് വോൾട്ട് ഇനത്തിൽ ബൈൽസ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീൽ താരത്തിന് 14.966 പോയിന്റുണ്ട്. ബാലൻസ് ബീം ഇനത്തിലും വനിതാ ഫ്ലോർ ഫൈനലിലും ബൈല്‍സിന് ഇനി മത്സരങ്ങളുണ്ട്.
വനിതകളുടെ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ഓൾ എറൗണ്ട് വിഭാഗത്തില്‍ ബൈൽസ് 59.131 പോയിന്റാണു നേടിയത്. ശക്തമായ വെല്ലുവിളിയുയർത്തിയ ബ്രസീലിന്റെ റബേക്ക ആന്ദ്രെയ്ദ് വെള്ളിയിലൊതുങ്ങി (57.932 പോയിന്റ്). യുഎസിന്റെ തന്നെ സുനിസ ലീക്കാണ് വെങ്കലം (56.465 പോയിന്റ്).