സ്ത്രീകളായി ജനിക്കുകയും വളരുകയും ചെയ്തു, പാസ്പോർട്ടിലും സ്ത്രീയാണ്: ഐഒസി ഇമാൻ ഖലീഫിനൊപ്പം
Mail This Article
പാരിസ് ∙ ഒളിംപിക്സിൽ മത്സരിക്കുന്ന വനിതാ ബോക്സർമാരായ അൽജീരിയൻ താരം ഇമാൻ ഖലീഫിനും തയ്‌വാന്റെ ലിൻ യു ടിങ്ങിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണം അംഗീകരിക്കാനാകില്ലെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക്. സ്ത്രീകളായി ജനിക്കുകയും വളരുകയും ചെയ്ത ഇവരുടെ പാസ്പോർടിൽ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ബാക്ക് ചൂണ്ടിക്കാട്ടി.
എന്നിട്ടും ഈ താരങ്ങൾ വനിതകളെല്ലെന്ന് ആരോപിച്ചാണ് വിദ്വേഷപ്രചാരണം. കഴിഞ്ഞ ദിവസം ഇമാൻ ഖലീഫിനെതിരായ മത്സരത്തിനിടെ ഇറ്റലിയുടെ ആൻജല കരീനി പിൻവാങ്ങിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇമാനിനും ലിന്നിനും പുരുഷ ക്രോമസോമുകൾ (എക്സ്, വൈ) ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും രംഗത്തുവന്നത്. കഴിഞ്ഞ വർഷം രാജ്യാന്തര ബോക്സിങ് അസോസിയേഷൻ (ഐബിഎ) ഇമാനിനും ലിന്നിനും വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ, ഐബിഎയുടെ തീരുമാനം അംഗീകരിക്കാത്ത ഐഒസി സ്വന്തം നിലയ്ക്കാണ് പാരിസ് ഒളിംപിക്സിലെ ബോക്സിങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിനിടെ, വനിതകളുടെ വെൽറ്റർവെയ്റ്റ് ക്വാർട്ടറിൽ ഇമാൻ ഖലീഫ് ഹംഗറിയുടെ ലൂക്ക അന്ന ഹമോറിയെ കീഴടക്കി സെമിയിലെത്തി മെഡൽ ഉറപ്പാക്കി.