മനു, അഭിമാനം...: 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ മനു ഭാക്കർ നാലാമത്; മെഡൽ നഷ്ടമായത് നേരിയ വ്യത്യാസത്തിൽ
Mail This Article
നന്ദി, മനു... ഒരു രാജ്യത്തിന്റെ പ്രതീക്ഷ മുഴുവൻ കാത്ത് 2 മെഡലുകൾ നേടിയതിന്. മൂന്നാമതൊരു മെഡലിനു തൊട്ടരികിൽ വീണുപോയതിൽ തെല്ലും നിരാശ വേണ്ട. രാജ്യം മുഴുവൻ മനസ്സുകൊണ്ട് ആഗ്രഹിച്ച ആ മൂന്നാം മെഡലിലേക്കെത്താനുള്ള പരിശ്രമത്തിന് ഒരായിരം കയ്യടികൾ. ഫൈനൽ വേദിയിൽ ഗാലറികളെ സമ്പന്നമാക്കിയവർ കരഘോഷം മുഴക്കിയാണു പ്രിയതാരത്തെ മത്സരശേഷം യാത്രയാക്കിയത്. വനിതാ 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ തെല്ലിട വ്യത്യാസത്തിലാണ് ഇന്ത്യയുടെ മനു ഭാക്കർ നാലാമതായിപ്പോയത്.
കഴിഞ്ഞ ദിവസം യോഗ്യതാ റൗണ്ടിൽ 2–ാം സ്ഥാനം നേടി ഫൈനലിൽ കടന്ന മനു ഇന്നലെ ഉജ്വല പ്രകടനമാണു നടത്തിയതെങ്കിലും നിർണായക ഘട്ടത്തിൽ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. യോഗ്യതാ റൗണ്ടിൽ മനുവിനു മുന്നിൽ ഒന്നാമതെത്തിയ ഹംഗറിയുടെ വെറോനിക്ക മേയർ, ഫൈനലിലെ ഷൂട്ട് ഓഫിൽ ഇന്ത്യൻ താരത്തെ മറികടന്ന് വെങ്കലം നേടി (31 പോയിന്റ്). സ്വർണ വിജയിയെ തീരുമാനിച്ചതും ഷൂട്ട് ഓഫിലൂടെയാണ്. ദക്ഷിണ കൊറിയയുടെ ജിൻ യാങ്ങും ഫ്രാൻസിന്റെ കമില്ല ജെദ്റെവ്‌സ്കിയും പത്താമത്തെ സീരീസിനൊടുവിൽ (റൗണ്ട്) 37 പോയിന്റോടെ തുല്യതയിൽ വന്നപ്പോൾ ഷൂട്ട് ഓഫ് വന്നു. 4–1നു ജിന്നിനു സ്വർണം. കമില്ല വെള്ളിയിൽ.
മാസ് മുന്നേറ്റം
5 ഷോട്ടുകൾ വീതമുള്ള 10 സീരീസുകളായിരുന്നു ഫൈനലിൽ. ആദ്യ സീരീസിൽ 2 പോയിന്റ് മാത്രം നേടി മനു 6–ാം സ്ഥാനത്തായിരുന്നെങ്കിലും അടുത്ത റൗണ്ടിൽ 2–ാം റൗണ്ടിൽ നാലാം സ്ഥാനത്തേക്കു കയറി. മൂന്നാം സീരീസ് അവസാനിക്കുമ്പോൾ ഇന്ത്യൻ താരം മൂന്നാംസ്ഥാനത്തുമെത്തി. മെഡൽ പ്രതീക്ഷയുമായി മുന്നേറുന്നതിനിടെ എട്ടാം സീരീസിൽ മനുവിന് 2 പോയിന്റ് മാത്രം. ഇതോടെ മൂന്നാംസ്ഥാനത്ത് മനു ഭാക്കറും ഹംഗറിയുടെ വെറോനിക്കും 28 പോയിന്റുമായി ഒപ്പത്തിനൊപ്പം.
ടൈ അഴിക്കാൻ ഷൂട്ടോഫ്
4–ാം സ്ഥാനക്കാരിയെ കണ്ടെത്താനാണു ഷൂട്ട് ഓഫ് (മറ്റിനങ്ങളിലെ ടൈബ്രേക്കർ പോലെ) നടത്തിയത്. ഇരുവർക്കും 5 ഷോട്ടുകൾ വീതം. ഇരുവരും ആദ്യ ഷോട്ടിൽ ലക്ഷ്യം കണ്ടു; ഒരു പോയിന്റ് വീതം. രണ്ടാം ഷോട്ടിൽ മനുവിന് ഒരു പോയിന്റ്. വെറോനിക്കയ്ക്കു ലക്ഷ്യം തെറ്റി. പിന്നീടു വന്ന 2 ഷോട്ടിൽ മനുവിന് ഉന്നംതെറ്റി. 3 ഷോട്ടും ലക്ഷ്യത്തിലെത്തിച്ച് വെറോനിക്ക മെഡൽ ഉറപ്പിച്ചു. മനു പുറത്ത്.