ഇന്ത്യ നേരിട്ടത് ബ്രിട്ടിഷുകാരെ മാത്രമല്ല, ഒഫീഷ്യൽസും എതിര്: തോറ്റാൽ ‘വിരമിക്കൽ മത്സരം’, സൂപ്പർമാനായി ശ്രീജേഷ്! – വിഡിയോ
Mail This Article
പാരിസ്∙ ഇത് എത്രാമത്തെ തവണയാണ് നാം ഈ കാഴ്ച കാണുന്നത്! അതിസമ്മർദ്ദ ഘട്ടങ്ങളിൽ, തോൽവി ഉറ്റുനോക്കുന്ന സന്ദർഭങ്ങളിൽ, പിന്നിൽ രണ്ട് അദൃശ്യ ചിറകുകളുമായി പി.ആർ. ശ്രീജേഷ് എന്ന മലയാളി താരം ഇന്ത്യയുടെ കാവൽമാലാഖയായി അവതരിക്കുന്നു. പഴകുന്തോറും വീഞ്ഞിന് വീര്യമേറുന്നതാണ് അനുഭവമെങ്കിൽ, പ്രായമാകുന്തോറും വീര്യമേറുന്ന വിസ്മയമാണ് ശ്രീജേഷ്. ഇന്നു നടന്ന ഒളിംപിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ അത് ഒന്നുകൂടി അനാവൃതമായിരിക്കുന്നു. തകർപ്പൻ സേവുകളുമായി ശ്രീജേഷ് നിറഞ്ഞുനിന്ന മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ബ്രിട്ടനെ വീഴ്ത്തിയത്. രണ്ടാം ക്വാർട്ടറിന്റെ ആരംഭത്തിൽത്തന്നെ 10 പേരായി ചുരുങ്ങിയിട്ടും ഇന്ത്യയെ കൈവിടാതെ കാത്ത ആ രക്ഷാകരത്തിൽ ഇതാ, 130 കോടി പൊൻമുത്തം!
ഷൂട്ടൗട്ടിൽ ശ്രീജേഷ് രക്ഷപ്പെടുത്തിയത് ഒറ്റ ഷോട്ട് മാത്രമായിരിക്കാം. പക്ഷേ, മത്സരം ഷൂട്ടൗട്ടിലേക്കു നീട്ടിയെടുക്കാനായി ശ്രീജേഷ് രക്ഷപ്പെടുത്തിയ ഷോട്ടുകൾക്കും ബ്രിട്ടിഷ് താരങ്ങളുടെ ഗോൾശ്രമങ്ങൾക്കും കണക്കില്ല. ചുവപ്പുകാർഡ് കണ്ട് പുറത്തായ ഒരാളുടെ കുറവ് കളത്തിൽ വെളിവായ ഘട്ടങ്ങളിലെല്ലാം പെനൽറ്റി കോർണറുകൾ വഴങ്ങിയാണ് ഇന്ത്യ ബ്രിട്ടിഷ് മുന്നേറ്റത്തെ പ്രതിരോധിച്ചത്. ബ്രിട്ടിഷ് ഗോൾനീക്കങ്ങളുടെ മുനയൊടിക്കാൻ പെനൽറ്റി കോർണറുകൾ തുടർച്ചയായി വഴങ്ങുമ്പോൾ ഇന്ത്യൻ താരങ്ങളെ നയിച്ചത് ഒരൊറ്റ വിശ്വാസം; ആ വിശ്വാസത്തിന്റെ പേരാണ് പി.ആർ. ശ്രീജേഷ്!
മത്സരത്തിലുടനീളം മാച്ച് ഒഫീഷ്യസിന്റെ തീരുമാനങ്ങളും നടപടികളും ഇന്ത്യയ്ക്ക് എതിരായിരുന്നു. ഇതിനെതിരെ സൈഡ് ബെഞ്ചിൽനിന്നു തന്നെ പലപ്പോഴും പ്രതിഷേധം ഉയർന്നു. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽത്തന്നെ പ്രതിരോധത്തിൽ ഇന്ത്യയുടെ വിശ്വസ്തനായ അമിത് റോഹിദാസിനെ ചുവപ്പുകാർഡ് നൽകി പുറത്താക്കിയതു മുതൽ ഇന്ത്യൻ ടീമിന്റെ മനസ് കലുഷിതമായിരുന്നു. ക്വാർട്ടർ ഫൈനൽ പോലൊരു പോരാട്ടത്തിൽ ചുവപ്പുകാർഡ് നൽകി കയറ്റിവിടാൻ മാത്രം വലിയ പിഴവൊന്നും അമിത് വരുത്തിയിട്ടില്ലെന്ന് ടീമംഗങ്ങളും ആരാധകരും ഒരുപോലെ വാദിച്ചു.
പന്തുമായി മുന്നേറുന്നതിനിടെ അമിതിനെ തടയാൻ ബ്രിട്ടിഷ് താരങ്ങളായ വില്യം കൽനാനും സാക് വാലൻസും ഇരു വശങ്ങളിലുമായി എത്തി. ഓട്ടത്തിനിടെ അമിതിന്റെ സ്റ്റിക്ക് വില്ല്യം കൽനാന്റെ മുഖത്ത് തട്ടിയതാണ് റെഡ് കാർഡിലേക്കു നയിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന ഓൺഫീൽഡ് അംപയർ ഇതു ഗൗനിച്ചില്ലെങ്കിലും ബ്രിട്ടൻ റിവ്യൂ ആവശ്യപ്പെട്ടതാണ് നിർണായകമായത്. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ടിവി അംപയറാണ് അമിത് റെഡ് കാർഡ് നൽകാനുള്ള കുറ്റമാണ് ചെയ്തതെന്ന് വിധിച്ചത്. കാണികൾ കനത്ത കൂവലോടെയാണ് റെഡ് കാർഡ് തീരുമാനത്തെ സ്വീകരിച്ചത്. ഹോക്കി ഗ്രൗണ്ടിൽ അപൂർവമെന്നു പറയാവുന്ന നിമിഷം.
ചുവപ്പുകാർഡ് ലഭിച്ചതോടെ അമിത് തലയും താഴ്ത്തി പുറത്തേക്കു നടന്നെങ്കിലും, ആ പോക്കും അതിനു പിന്നിലെ വേദനയും കളത്തിലുള്ള ബാക്കി 10 പേർക്ക് ഇരട്ടി ഊർജമായെന്ന് മത്സരത്തിന്റെ ശേഷിച്ച സമയത്രയും തെളിയിച്ചു. കടുപ്പക്കാരായ ബ്രിട്ടനെതിരെ 10 പേരായി ചുരുങ്ങിയതിനു പിന്നാലെയാണ് ഇന്ത്യ ആദ്യ ഗോൾ നേടിയെന്നതിനപ്പുറം അതിന് വേറെ എന്തു തെളിവു വേണം. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി കോർണറാണ് ഗോളിൽ കലാശിച്ചത്. പെനൽറ്റി കോർണറിൽനിന്ന് ലഭിച്ച പന്തിന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഗോൾകീപ്പറിനും പോസ്റ്റിന് അരികെ കാവൽനിന്ന താരത്തിനും ഇടയിലൂടെ ഗോളിലേക്ക് വഴികാട്ടി. ഗോളിലേക്കെത്തുന്ന ഈ ഷോട്ടിന്റെ, പോസ്റ്റിന്റെ പിന്നിൽനിന്നുള്ള ഒരു ദൃശ്യമുണ്ട്. വന്നത് വെടിയുണ്ടയോ എന്നു തോന്നിക്കുന്നൊരു ദൃശ്യം!
ഇന്ത്യയുടെ ലീഡിന് സത്യത്തിൽ ആറു മിനിറ്റു മാത്രമായിരുന്നു ആയുസ്. ലീ മോർട്ടന്റെ ഗോളിൽ, രണ്ടാം ക്വാർട്ടർ അവസാനിക്കാൻ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ അവർ സമനില പിടിച്ചു. ഈ ഗോളും തടയാൻ ശ്രീജേഷ് പരമാവധി ശ്രമിച്ചതാണ്. ബ്രിട്ടിഷ് താരത്തിന്റെ ആദ്യ ഷോട്ടിൽ ശ്രീജേഷിന്റെ മികച്ചൊരു സേവിനു തൊട്ടുപിന്നാലെയായിരുന്നു ലീ മോർട്ടന്റെ ഗോൾ. റീബൗണ്ടിൽനിന്ന് പന്തു ലഭിച്ച ലീ മോർട്ടൻ അത് ഗോളിലേക്കു തൊടുത്തപ്പോഴും ശ്രീജേഷ് തടഞ്ഞതാണ്. ഇത്തവണ ദേഹത്തു തട്ടിത്തെറിച്ച പന്ത് പോസ്റ്റിലേക്ക് നീങ്ങി.
ഹാഫ് ടൈമിനു ശേഷമുള്ള രണ്ട് ക്വാർട്ടറുകളായിരുന്നു ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും നിർണായകം. ശ്രീജേഷ് കാവൽമാലഖയുടെ വേഷമണിഞ്ഞ രണ്ടു ക്വാർട്ടറുകൾ എന്നു പറയാം. ബ്രിട്ടിഷ് താരങ്ങളുടെ അലയലയായെത്തിയ എത്രയോ ഗോൾനീക്കങ്ങൾക്കു മുന്നിലാണ് ശ്രീജേഷ് യഥാർഥ വൻമതിലായത്. മത്സരശേഷം ശ്രീജേഷ് പറഞ്ഞ വാക്കുകളിലുണ്ട് മത്സരത്തിന്റെ യഥാർഥ ചിത്രം: ‘നോക്കൂ, ഇന്ന് കളത്തിലിറങ്ങുമ്പോൾ എനിക്കു മുൻപിൽ രണ്ട് സാധ്യതകളാണ് ഉണ്ടായിരുന്നത്. ഒന്നുകിൽ ഇത് എന്റെ അവസാന മത്സരമാകും. അല്ലെങ്കിൽ, രണ്ടു മത്സരങ്ങൾ കൂടി കളിക്കാൻ അവസരം ലഭിക്കും. ഇതാ, രണ്ടു മത്സരങ്ങൾക്കു കൂടിയുള്ള അവസരം എനിക്കു മുന്നിൽ തുറന്നിരിക്കുന്നു!’
ഒളിംപിക്സിലെ ആദ്യ മത്സരത്തിനു തൊട്ടുമുൻപ് രാജ്യാന്തര കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനം ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. ഇന്നു തോറ്റിരുന്നെങ്കിൽ ഇത് അദ്ദേഹത്തിന്റെ കരിയറിലെ അവസാന മത്സരമാകുമായിരുന്നു. ജയിച്ചതോടെ ആ കരിയറിന്റെ ദൈർഘ്യം കൂടി. ഒരു പതിറ്റാണ്ടിലധികമായി 130 കോടി ജനതകളുടെ സ്വപ്നങ്ങളെ താങ്ങിനിർത്തിയ ആ കാവൽമാലാഖയുടെ കാര്യത്തിൽ ദൈവഹിതം അതല്ലാതെ മറ്റെന്താകും!